ലുസൈലിലുണ്ട് ഇന്ത്യ
text_fieldsദോഹ: ലുസൈൽ ബൊളെവാഡിൽ ആരാധകരുടെ ആഘോഷ വേദിയായൊരുക്കിയ കൺട്രി സോണിൽ ഇന്ത്യൻ പവലിയനും സജീവമായി. പരമ്പരാഗത ഇന്ത്യൻ നൃത്തങ്ങളും വാദ്യമേളങ്ങളും കലാപരിപാടികളുമായി ആദ്യ ദിനങ്ങളിൽ തന്നെ ലുസൈലിൽ ഇന്ത്യൻ പവലിയൻ സ്വദേശികളും വിദേശികളും ഉൾപ്പെടെ കാണികളുടെ ശ്രദ്ധാകേന്ദ്രമായി.
ഏഷ്യൻ കപ്പ് ഫുട്ബാളിന്‍റെ ഭാഗമായി ഒരു മാസം നീണ്ടു നിൽക്കുന്ന ‘ഹലോ ഏഷ്യ’ ആഘോഷ പരിപാടികളിലാണ് ഇന്ത്യൻ എംബസി അപെക്സ് ബോഡിയായ ഇന്ത്യൻ കൾചറൽ സെന്റർ നേതൃത്വത്തിൽ പവലിയൻ സജ്ജമാക്കിയത്. ദിവസവും വൈകുന്നേരം നാല് മണി മുതൽ രാത്രി 12 വരെ വിവിധ ആഘോഷ പരിപാടികൾ ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. ആദ്യ ദിനത്തിൽ മഹാരാഷ്ട്ര മണ്ഡൽ ഖത്തറിന്റെ നേതൃത്വത്തിൽ പരമ്പരാഗത ദോൾ താഷ പഥക് കലാരൂപങ്ങളിലൂടെയായിരുന്നു കാണികളെ കൈയിലെടുത്തത്. വിവിധ നൃത്ത വാദ്യ മേളങ്ങൾക്കൊപ്പം ഇന്ത്യയുടെ തിലകക്കുറിയായ താജ് മഹലിന്‍റെ മാതൃകയും ശ്രദ്ധേയമാണ്. ഐ.സി.സി ഭാരവാഹികളുടെ നേതൃത്വത്തിലാണ് ബൊളെവാഡിലെ ഇന്ത്യൻ പവലിയൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഇന്ത്യക്കു പുറമെ, ടൂർണമെന്റിൽ മാറ്റുരക്കുന്ന 24 ടീമുകളുടെയും വിവിധ പവലിയനുകൾ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.