കലാഞ്ജലിക്ക് കൊടിയിറങ്ങി; എം.ഇ.എസ് ജേതാക്കൾ
text_fieldsകലാതിലകം പുരസ്കാരം വൈഷ്ണവി സുരേഷിനും കലാപ്രതിഭ പുരസ്കാരം ഫ്രഡ്ഡി ജോഷ്വാ വിക്ടറിനും നടി അപർണ ബാലമുരളി സമ്മാനിക്കുന്നു
ദോഹ: ഖത്തറിലെ ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർഥികൾക്ക് കലയുടെ വേറിട്ട രാവുകളൊരുക്കി നാലുനാൾ നീണ്ട ‘കലാഞ്ജലി’ ഇന്റർ സ്ക്കൂൾ കലോത്സവ മേളക്കു ദോഹയിൽ കൊടിയിറങ്ങി. മീഡിയ പെൻ ആഭിമുഖ്യത്തിൽ നടന്ന കലോത്സവത്തിൽ 18ഓളം ഇന്ത്യൻ സ്കൂളുകളിൽ നിന്ന് 1200ൽ ഏറെ വിദ്യാർഥികളാണ് കലാഞ്ജലിയുടെ ഭാഗമായത്.
71 ഇനങ്ങളിലായി ആൺ, പെൺ വിഭാഗങ്ങളിലായി കുട്ടികൾ മാറ്റുരച്ച പോരാട്ടം സംസ്ഥാന സ്കൂൾ കലോത്സവ മാതൃകയിലായിരുന്നു. നാലുനാൾ പ്രവാസികൾക്ക് കലയുടെ ആസ്വാദനമൊരുക്കിയ മേള കൊടിയിറങ്ങിയപ്പോൾ 254 പോയന്റുമായി എം.ഇ.എസ് ഇന്ത്യൻ സ്കൂൾ ജേതാക്കളായി. 164 പോയന്റുകളോടെ ബിർള ഇന്ത്യൻ സ്കൂൾ രണ്ടാം സ്ഥാനവും , 111 പോയന്റുകൾ നേടി രാജഗിരി പബ്ലിക് സ്കൂൾ മൂന്നാം സ്ഥാനവും, 75 പോയന്റുകൾ നേടി ശാന്തി നികേതൻ ഇന്ത്യൻ സ്കൂൾ നാലാം സ്ഥാനവും കരസ്ഥമാക്കി.
വൈഷ്ണവി സുരേഷ് (ബിർള ഇന്ത്യൻ സ്കൂൾ) കലാതിലകവും, ഫ്രഡ്ഡി ജോഷ്വാ വിക്ടർ (ഒലിവ് ഇന്റർനാഷനൽ സ്ക്കൂൾ) കലാപ്രതിഭയുമായി. തുടർച്ചയായി രണ്ടാം എം.ഇ.എസ് ഇന്ത്യൻ സ്കൂൾ ജേതാക്കളാവുന്നത്. ദോഹയിലെ ഐഡിയൽ ഇന്ത്യൻ സ്കൂളിൽ നടന്ന സമാപന ചടങ്ങിൽ ഖത്തർ ഇന്ത്യൻ അംബാസഡർ വിപുൽ മുഖ്യാതിഥിയായിരുന്നു. ഖത്തറിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ ഈ കലാമേള അഭിനന്ദനാർഹമാണെന്നും വരും വർഷങ്ങളിലെ മേളയുടെ വിജയത്തിനായി എംബസിയുടെ സഹകരണം ഉണ്ടാകുമെന്നും അദ്ദേഹം അഭിപ്രയപ്പെട്ടു. നടിയും ദേശീയ അവാർഡ് ജേത്രിയുമായ അപർണ ബാലമുരളി ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു. റേഡിയോ മലയാളം സി.ഇ.ഒ അൻവർ ഹുസൈൻ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ എംബസി അപെക്സ് ബോഡി ഭാരവാഹികളായ എ.പി. മണികണ്ഠൻ, ഷാനവാസ് ബാവ, ബിനുകുമാർ (കലാഞ്ജലി ജനറൽ കൺവീനർ), ഹമീദ കാദർ (എം.ഇ.എസ് .ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ), ഷമീം ശൈഖ് (ഐഡിയൽ ഇന്ത്യൻ സ്ക്കൂൾ പ്രിൻസിപ്പൽ), ലോക കേരളസഭ അംഗം അബ്ദുൽ റഊഫ് കൊണ്ടോട്ടി, എസ്.എ.എം ബഷീർ (കെ.എം.സി.സി )എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. കലോത്സവ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.
കലാതിലകം, കലാപ്രതിഭ എന്നിവക്കു പുറമെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ സ്കൂളുകൾക്കും, എല്ലാ മത്സരവിജയികൾക്കും ഷീൽഡുകളും ,സർട്ടിഫിക്കറ്റുകളും അംബാസഡർ വിപുൽ, അപർണ ബാലമുരളി, കലോത്സവ വിധികർത്താക്കൾ എന്നിവർ കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.