നല്ല നാളേക്ക്; ഇന്നുതന്നെ തുടങ്ങാം
text_fieldsകതാറയിൽ ദേശീയ കായികദിനത്തിന്റെ ഭാഗമായി നടന്ന പരിപാടിയിൽനിന്ന്
ദോഹ: പന്ത്രണ്ട് ഡിഗ്രിവരെ താഴുന്ന തണുപ്പിനൊപ്പമുള്ള സുഖനിദ്രയെ തട്ടിയകറ്റി ഇന്ന് പുലർച്ച വീടുകളിൽനിന്ന് പുറത്തിറങ്ങണം. പുലർകാലത്തെ സൂര്യവെളിച്ചത്തിനൊപ്പം പാർക്കുകളിലേക്കും കോർണിഷ് തീരത്തേക്കും എജുക്കേഷൻ സിറ്റിയിലേക്കും ലുസൈലിലേക്കുമെല്ലാം ഇറങ്ങണം. ഇവിടെയൊതുങ്ങുന്നില്ല, ഖത്തറിന്റെ കായികാവേശം. മുശൈരിബ് ഡൗൺ ടൗൺ, പേൾ ഖത്തർ, ജിവാൻ ഐലൻഡ്, ആസ്പയർ പാർക്ക്, വിവിധ മാളുകൾ തുടങ്ങി ഇന്ന് നാടൊന്നാകെ കായികാഭ്യാസങ്ങളുടെ ഭാഗമാകും.
സർക്കാർ സ്ഥാപനങ്ങൾ, വിവിധ മന്ത്രാലയങ്ങൾ, കോർപറേഷനുകൾ, സ്വകാര്യ കമ്പനികൾ, ഖത്തർ ഒളിമ്പിക് കമ്മിറ്റി, കമ്യൂണിറ്റി സംഘടനകൾ തുടങ്ങി ചെറുതും വലുതുമായ കൂട്ടായ്മകളുടെ നേതൃത്വത്തിലാണ് ഇത്തവണ വിശാലമായ കായിക ദിനാഘോഷങ്ങൾ നടക്കുന്നത്. സർക്കാർ, സ്വകാര്യ മേഖലകളിൽനിന്നായി 250ലേറെ സ്ഥാപനങ്ങൾ ദേശീയ കായികദിന പരിപാടികളിൽ പങ്കുചേരുന്നതായി ഖത്തർ സ്പോർട്സ് ഫോർ ഫെഡറേഷൻ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പട്ടികയിൽ വിശദീകരിക്കുന്നു. പൊതു പാർക്കുകൾ, സ്റ്റേഡിയങ്ങൾ, കളിയിടങ്ങൾ, സ്പോർട്സ് ക്ലബ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പരിപാടികൾ.
2012ൽ ആരംഭിച്ച ദേശീയ കായികദിനത്തിന്റെ 14ാമത് പതിപ്പിന് ഇത്തവണ വേദിയാകുമ്പോൾ രാജ്യത്തെ കായിക സംസ്കാരം സ്വദേശികളിലും താമസക്കാരിലും കാര്യമായി വർധിച്ചതായി ക്യൂ.എസ്.എഫ്.എ സി.ഇ.ഒയും കായികമന്ത്രാലയം ഉപദേശകനുമായ അബ്ദുൽറഹ്മാൻ ബിൻ മുസ്സലാം അൽ ദോസരി പറഞ്ഞു.
കായികദിനത്തിന്റെ ഭാഗമായി ഖത്തറിലെ വിവിധ കടൽതീരങ്ങളിൽ മുനിസിപ്പാലറ്റി മന്ത്രാലയത്തിലും വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കുട്ടികൾക്കും കുടുംബങ്ങൾക്കും ഭാഗമാവാനുള്ള സൗകര്യങ്ങളോടെയാണ് ഇവ സജ്ജീകരിച്ചത്. പ്രവാസി മലയാളികൾക്കായി കെ.എം.സി.സി (ഏഷ്യൻ ടൗൺ), എക്സ്പാറ്റ് സ്പോർട്ടീവ് (വൈകു. 2.30 മുതൽ ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയം), ഇൻകാസ് കമ്മിറ്റികൾ, വിവിധ ജില്ലാ കമ്യൂണിറ്റി സംഘടനകൾ എന്നിവരും കായികദിന പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
പ്രധാന ദേശീയ കായികദിന പരിപാടികൾ
എജുക്കേഷൻ സിറ്റി സ്റ്റേഡിയം (ഖത്തർ ഫൗണ്ടേഷൻ, ക്യൂ.എസ്.എഫ്.എ), ലുസൈൽ സ്പോർട്സ് അറീന (ക്യൂ.എസ്.എഫ്.എ), ബർസാൻ ഒളിമ്പിക് പാർക്ക്, അൽ ബിദ്ദ (ഖത്തർ ഒളിമ്പിക് കമ്മിറ്റി), ദോഹ തുറമുഖം, ബർഹാത് മുശൈരിബ്, മുശൈരിബ് (വിസിറ്റ് ഖത്തർ), ഓക്സിജൻ പാർക്ക്, ലുസൈൽ മറിന, കതാറ കൾച്ചറൽ വില്ലേജ്, പേൾ ഖത്തർ, ജിവാൻ ഐലൻഡ്, അൽ ഷഹാനിയ സ്പോർട്സ് ക്ലബ്, ഉം സലാൽ സ്പോർട്സ് ക്ലബ്, അൽ ഖോർ സ്പോർട്സ് ക്ലബ്, സുബാറ ടൗൺ, അൽ ബയ്ത് സ്റ്റേഡിയം, സിമൈസ്മ ഒളിമ്പിക് പാർക്, അൽ വക്റ സ്പോർട്സ് ക്ലബ്, അബു സംറ ബോർഡർ, സീലൈൻ റേസിങ് ക്ലബ്, ആസ്പയർ പാർക്ക്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.