ഷട്ടിലടിച്ച് ഈജിപ്ഷ്യൻ കാണികൾ
text_fieldsദോഹ: ലോകകപ്പിന് ഗൾഫ് രാജ്യങ്ങളിൽ നിന്ന് കാണികളുടെ സുഗമമായ യാത്രക്കായി സജ്ജമാക്കി ഷട്ടിൽ സർവിസ് വിമാന യാത്രയുടെ ട്രയൽ റൺ ഗംഭീരമാക്കി ഖത്തർ എയർവേസ്. ലുസൈൽ സൂപ്പർ കപ്പിനായി ഈജിപ്ഷ്യൻ കാണികൾക്ക് ദോഹയിലേക്കുള്ള യാത്രക്കുവേണ്ടിയാണ് പരീക്ഷണാടിസ്ഥാനത്തിൽ ഷട്ടിൽ സർവിസ് നടത്തിയത്.
സെപ്റ്റംബർ ഏഴ്, എട്ട്, ഒമ്പത് തീയതികളിലായി നാല് വിമാനങ്ങളാണ് ഈജിപ്ഷ്യൻ കാണികളുമായി ദോഹയിൽ പറന്നിറങ്ങിയത്. നവീകരിച്ച പഴയ വിമാനത്താവളമായ ദോഹൻ ഇന്‍റർനാഷനൽ എയർപോർട്ടിലായിരുന്നു ഷട്ടിൽ സർവിസ് വിമാനങ്ങളെത്തിയത്. വെള്ളിയാഴ്ച മത്സരം കഴിഞ്ഞതിനു പിറകെ, ശനി, ഞായർ ദിവസങ്ങളിലായി ദോഹയിൽ നിന്നും കാണികളെ കൈറോയിലേക്കും എത്തിച്ചു. രണ്ട് അധിക വിമാനങ്ങൾകൂടി ഉൾപ്പെടുത്തിയായിരുന്നു മടക്കയാത്ര.
ഖത്തർ വേദിയായ വിവിധ രാജ്യാന്തര മത്സരങ്ങളുടെയും പരിപാടികളുടെയും പ്രധാന പങ്കാളിയായിരുന്നു ഖത്തർ എയർവേസ്. ലോകകപ്പ് തയാറെടുപ്പ് എന്ന നിലയിൽ ഓരോന്നിലും വിജയകരമായ പങ്കാളിത്തം നടത്താൻ കഴിഞ്ഞു. ലോകകപ്പിനു മുന്നോടിയായുള്ള ഫൈനൽ ടെസ്റ്റ് റൺ ആയിരുന്നു ലുസൈൽ സൂപ്പർ കപ്പ്- ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒ അക്ബർ അൽ ബാകിർ പറഞ്ഞു.
ലോകകപ്പിന്‍റെ ഔദ്യോഗിക എയർലൈൻ പങ്കാളി കൂടിയായ ഖത്തർ എയർവേസ് 2017 മുതൽ ഫിഫയുടെ ഒഫീഷ്യൽ എയർലൈൻ പങ്കാളിയുമാണ്. 2019, 2020 ക്ലബ് ലോകകപ്പിന്‍റെ സ്പോൺസറുമായി. നിലവിൽ രാജ്യാന്തര തലത്തിൽ വിവിധ ചാമ്പ്യൻഷിപ്പുകളുമായി ഖത്തർ എയർവേസ് സഹകരിക്കുന്നുണ്ട്.
150 നഗരങ്ങളിലേക്ക് സർവിസ് നടത്തുന്ന ഖത്തർ എയർവേസ് വഴിയാവും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഫുട്ബാൾ ആരാധകർ ലോകകപ്പിനായി ഖത്തറിലെത്തുന്നത്. നവംബർ-ഡിസംബർ മാസത്തിൽ സൗദി, യു.എ.ഇ, ഒമാൻ, കുവൈത്ത് എയർലൈൻ കമ്പനികളുമായി സഹകരിച്ച് ഖത്തറിലേക്ക് ആരാധകരെ എത്തിക്കാൻ ഷട്ടിൽ സർവിസും നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.