ആഘോഷിച്ചോണം
text_fieldsദോഹ: പ്രവൃത്തി ദിനത്തിന്റെ തിരക്കിനിടയിലും ആഘോഷത്തിന് മാറ്റുകുറക്കാതെ ഖത്തറിലെ പ്രവാസി മലയാളികളുടെ ഓണം ഉത്സവകാലത്തിന് തുടക്കമായി.
തിരുവോണത്തോടെ നാട്ടിലെയും മറ്റും ഓണാഘോഷങ്ങൾക്ക് സമാപനമാവുമ്പോൾ ഖത്തർ ഉൾപ്പെടെ പ്രവാസ ലോകത്ത് ആഘോഷങ്ങൾക്ക് കൊടിയേറ്റമാവുകയാണ്. ഇനിയുള്ള ഒന്നു രണ്ടു മാസം വാരാന്ത്യ ദിനങ്ങളിൽ ഒത്തുചേരലുകളും സംഗീത പരിപാടികളും മറ്റുമായി ആഘോഷങ്ങൾക്ക് പകിട്ടേറും.
തിരുവോണ ദിനം പ്രവൃത്തി ദിവസമായതിനാൽ ഓഫിസുകളിലായിരുന്നു ഇത്തവണ ഏറെയും ഓണാഘോഷങ്ങൾ. ഓണപൂക്കളമൊരുക്കിയും തൂശനിലയില്‍ വിഭവ സമൃദ്ധമായ സദ്യ കഴിച്ചും തനി നാടന്‍ ശൈലിയില്‍തന്നെ പ്രവാസികൾ ഓണം ആഘോഷിച്ചു.
ഒട്ടുമിക്കവരും അവധിയെടുത്തായിരുന്നു ഓണാഘോഷം. വീടുകളിലും ഓഫിസുകളിലും ഓണം ആഘോഷിച്ചവര്‍ ധാരാളം. മലയാളി കമ്പനികളിലും സ്ഥാപനങ്ങളിലും ഇതര രാജ്യക്കാരായ ജീവനക്കാരും കേരളീയ വേഷത്തിലെത്തിയത് ആഘോഷത്തിന് മാറ്റേകി. വിവിധ സ്ഥാപനപങ്ങളിൽ പൂക്കളമിട്ടും, ഉച്ചക്ക് സദ്യയൊരുക്കിയും ഓണം കെങ്കേമമാക്കി. മുണ്ടുടുത്തും, സാരിയണിഞ്ഞും എത്തിയ ജീവനക്കാർ എല്ലായിടങ്ങളിലും ഓണം സമൃദ്ധമാക്കി. റസ്റ്റാറന്റുകൾ, ഹൈപ്പർമാർക്കറ്റുകൾ തുടങ്ങി ഇടങ്ങളിലായിരുന്നു ഓണത്തിരക്കുകൾ ഏറെയും. കഴിഞ്ഞ രണ്ടാഴ്ചയായി ഓണസദ്യക്ക് ബുക്കിങ് സ്വീകരിച്ച ശേഷം, ചൊവ്വാഴ്ച രാവിലെ 11 മുതൽ എല്ലായിടങ്ങളിലും വിതരണം ആരംഭിച്ചു.
മുൻകാലങ്ങളിലെ തിരക്കും മറ്റും പരിഗണിച്ച് വിപുലമായ എല്ലായിടങ്ങളിലും വിതരണത്തിന് വിപുലമായ സൗകര്യങ്ങളും ഒരുക്കിയിരുന്നു. മുന്‍നിര റസ്റ്റാറന്റുകളില്‍ ഓണസദ്യ ബുക്കിങ് 1,000 ത്തിനും 5,000ത്തിനും ഇടയിലായിരുന്നു.
ഗള്‍ഫാര്‍ അല്‍ മിസ്നാദ് കമ്പനി ജീവനക്കാര്‍ക്കായി ഓണപൂക്കള മത്സരവും നടത്തി. സ്ഥാപനത്തിലെ വിവിധ രാജ്യക്കാരായ ജീവനക്കാരെ ഉൾപ്പെടുത്തി പത്ത് ടീമുകളായി തിരിച്ചാണ് മത്സരം നടത്തിയത്. എക്സിക്യുട്ടിവ് ഡയറക്ടർ സതിഷ് ജി. പിള്ള, സീനിയർ ജനറൽ മാനേജർ ഹേമചന്ദ്രൻ, ജനറൽ മാനേജർ അനുപം ഖർ എന്നിവർ അഭിനന്ദിച്ചു. ചില ഇന്ത്യന്‍ സ്കൂളുകളിലും ഓണപൂക്കളവും ഓണപരിപാടികളുമായി ഓണാഘോഷം നടത്തി. സ്കിൽസ് ഡെവലപ്മെന്റ് സെന്ററിലും വിവിധ പരിപാടികളും ഓണപ്പൂക്കളവുമായി ഓണാഘോഷം നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.