ഫലസ്തീനുള്ള പിന്തുണ തത്ത്വാധിഷ്ഠിതം -അമീർ
text_fieldsദോഹ: ഗസ്സക്കെതിരെ ഇസ്രായേൽ ആരംഭിച്ച യുദ്ധം നൂറു ദിനം പിന്നിട്ടതിനു പിന്നാലെ ഫലസ്തീനുള്ള പിന്തുണ ആവർത്തിച്ചും മനുഷ്യത്വരഹിതമായ ആക്രമണങ്ങളെ അപലപിച്ചും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. സെൻട്രൽ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ, വൈസ് ചെയർമാൻ, അംഗങ്ങൾ എന്നിവരുടെ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അമീർ. ഫലസ്തീനികളെ കൂട്ടക്കൊല ചെയ്യുന്നതും കുടിയിറക്കുന്നതും സ്വീകാര്യമല്ലെന്ന് ആവർത്തിച്ച അമീർ അവരുടെ അവകാശങ്ങൾക്കൊപ്പം നിലയുറപ്പിക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കി.
ശരിയും തെറ്റും ഏതെന്ന സംവാദമെന്നതിനേക്കാൾ ഫലസ്തീൻ എന്നത് ത്വത്ത്വാധിഷ്ഠിതമായ വിഷയമാണെന്ന് യോഗത്തിൽ പങ്കെടുത്തുകൊണ്ട് അമീർ പറഞ്ഞു. ‘ഇപ്പോൾ നമ്മുടെ ശ്രദ്ധ ഫലസ്തീനിലും അവിടെ നടക്കുന്ന കാര്യങ്ങളിലുമാണ്. അടിച്ചമർത്തപ്പെട്ടവരോടൊപ്പം നിൽക്കുക എന്നത് ശരിയും തെറ്റും ഏതെന്ന സംവാദം ആവശ്യമില്ലാത്ത ഒരു തത്ത്വാധിഷ്ഠിത പ്രശ്നമാണ്. നമ്മുടെ പങ്കിൽ നാം ആത്മാർഥതയുള്ളവരാണ്.
സമാധാനത്തിന്റെ വക്താക്കളാണ് നാം. നമ്മൾ സമാധാനം ആഗ്രഹിക്കുന്നു. അപ്പോഴും, മറികടക്കാൻ പാടില്ലാത്ത ഒരു അതിർവരമ്പുണ്ട്, ഫലസ്തീനികളെ കൂട്ടക്കൊലചെയ്യുകയും കുടിയിറക്കുകയും ചെയ്യുന്നത് ഒരു കാരണവശാലും അംഗീകാരിക്കാനാവില്ല’ -ശക്തമായ വാക്കുകളാൽ അമീർ രാജ്യത്തിന്റെ നിലപാട് ഒരിക്കൽ കൂടി ആവർത്തിച്ചു. എല്ലാ താൽപര്യങ്ങൾക്കും സൗഹൃദങ്ങൾക്കുമപ്പുറം ദുരിതം അനുഭവിക്കുന്ന ജനങ്ങളെ പിന്തുണക്കുകയെന്നത് ഖത്തറിന്റെ മാനുഷികവും വിശ്വാസപരവുമായ ബാധ്യതയാണെന്നും അമീർ ഉണർത്തി. ‘ഒരു ദുരന്തം നേരിടുമ്പോഴും സഹായം ആവശ്യമുള്ളപ്പോഴും അവർ സൗഹൃദ രാജ്യമാണോ, അതോ ബന്ധമൊന്നുമില്ലാത്തവരാണോ എന്ന വേർതിരിവില്ലാതെ സാധ്യമായ സഹായങ്ങൾ ചെയ്യും’ -അമീർ പറഞ്ഞു. മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ വിജയിച്ച കൗൺസിൽ അംഗങ്ങളെ അമീർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.