ക്വാർട്ടർ ഉറപ്പിച്ച് ഖത്തർ
text_fields1. ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടന്ന ഖത്തർ ജോർഡൻ മത്സരത്തിൽ നിന്ന് 2. ജാസിം ബിൻ സ്റ്റേഡിയത്തിൽ ഖത്തറിന് പിന്തുണയുമായെത്തിയ കാണികൾ
ദോഹ: തുടർച്ചയായ രണ്ടാം ജയവുമായി ആതിഥേയരായ ഖത്തർ അണ്ടർ 23 ഏഷ്യൻ കപ്പ് ഫുട്ബാൾ ക്വാർട്ടർ ഉറപ്പിച്ചു. ആദ്യ മത്സരത്തിൽ ഇന്തോനേഷ്യയെ തകർത്തവർ, രണ്ടാം അങ്കത്തിൽ അറേബ്യൻ പവർഹൗസായ ജോർഡനെയാണ് അവസാന മിനിറ്റുവരെ ആവേശം നീണ്ട മൽസരത്തിനൊടുവിൽ 2-1ന് വീഴ്ത്തിയത്. ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നാട്ടുകാരുടെ പിന്തുണയിൽ മാറ്റുരച്ച അന്നാബി യുവസംഘം 40ാം മിനിറ്റിൽ അബ്ദുല്ല അൽ യാസിദിയുടെ ഗോളിൽ ലീഡ് പിടിച്ചു.
ഖാലിദ് അലി സബാസ് നൽകിയ ക്രോസിൽ നിന്നായിരുന്നു ആദ്യ ഗോളിന്റെ പിറവി. എന്നാൽ രണ്ടാം പകുതിയിൽ തിരിച്ചെത്തിയ ജോർഡൻ 52ാം മിനിറ്റിൽ ആരിഫ് അൽ ഹജിന്റെ പെനാൽറ്റി ഗോളിലൂടെ ഒപ്പമെത്തി. ഇതോടെ കളി വീണ്ടും മുറുകി . കോർണറും ഫ്രീ കിക്കും തീർത്തും മികച്ച മുന്നേറ്റം നടത്തിയും ഇരുവരും അവസരങ്ങൾ സൃഷ്ടിച്ചു. 15 മിനിറ്റിലേക്ക് നീണ്ട ഇഞ്ചുറി സമയത്തിന്റെ അവസാന മിനിറ്റിൽ മുഹമ്മദ് നാസർ അൽ മാനായി വിജയ ഗോൾ കുറിച്ച് ഖത്തറിന് ക്വാർട്ടർ ഉറപ്പാക്കി.
ഗ്രൂപ് ‘എ’യിൽ മറ്റൊരു കളിയിൽ ആസ്ട്രേലിയയെ വീഴ്ത്തിയ ഇന്തോനേഷ്യ വിലപ്പെട്ട മൂന്ന് പോയന്റുകൾ സ്വന്തമാക്കി. അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 45ാം മിനിറ്റിൽ കൊമങ്ഗു ത്രിസ്നന്ദ പുത്രയുടെ ഗോളിൽ നിന്നായിരുന്നു ഇന്തോനേഷ്യയുടെ ജയം. ആദ്യ മത്സരത്തിൽ ആതിഥേയരായ ഖത്തറിനെ വിറപ്പിച്ചവർ,തങ്ങളുടെ രണ്ടാം അങ്കത്തിൽ പോർവീര്യത്തിൽ മിടുക്കരായ ആസ്ട്രേലിയയെയും വരിഞ്ഞുകെട്ടി. 25ാം മിനിറ്റിൽ പെനാൽറ്റി അവസരം ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ലെന്നത് സോക്കറൂസിന് തിരിച്ചടിയായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.