സ്കൈ, ഫുൾ ഓഫ് മാജിക്
text_fieldsവിസിറ്റ് ഖത്തർ നേതൃത്വത്തിൽ വ്യാഴാഴ്ച ആരംഭിച്ച ലുസൈൽ സ്കൈ ഫെസ്റ്റിൽ
നിന്നുള്ള ദൃശ്യം
ദോഹ: ആകാശത്തുനിന്ന് നക്ഷത്രങ്ങൾ പറന്നിറങ്ങിയെത്തിയപോലെ സായാഹ്നവും രാത്രിയും. പെരുന്നാളിന്റെ ആഘോഷങ്ങൾ നിലക്കാത്ത ഖത്തറിൽ, ലുസൈലിലാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ഉത്സവമേളം. വ്യാഴാഴ്ച വൈകുന്നേരം ആരംഭിച്ച പ്രഥമ ലുസൈൽ സ്കൈ ഫെസ്റ്റിവൽ അതിശയ കാഴ്ചകളുമായി തുടരുന്നു. രണ്ടു ദിവസങ്ങളിലായി ആയിരക്കണക്കിന് സന്ദർശകർക്ക് മാന്ത്രിക കാഴ്ചകൾ സമ്മാനിച്ച ആകാശ വിസ്മയമേളക്ക് ശനിയാഴ്ച കൊടിയിറങ്ങും.
ഖത്തറിലെ പെരുന്നാൾ ആഘോഷങ്ങളുടെ തുടർച്ചയായാണ് വിസിറ്റ് ഖത്തറിന്റെയും ഖത്തരി ദിയാറയുടെയും നേതൃത്വത്തിൽ ലുസൈലിലെ സ്കൈ ഫെസ്റ്റവലിന് കൊടിയേറിയത്. വ്യാഴാഴ്ച വൈകുന്നേരം നാല് മണിക്ക് ആരംഭിച്ച പ്രകടനങ്ങളും പ്രദർശനങ്ങളും രാത്രി പത്തുമണിവരെ നീണ്ടുനിന്നു. വാരാന്ത്യ അവധി ദിനമായ വെള്ളിയാഴ്ച നേരത്തേതന്നെ പ്രവാസികളും സ്വദേശികളും ലുസൈലിലേക്കുള്ള യാത്ര തുടങ്ങിയിരുന്നു.
ഖത്തറിന്റെ ചരിത്രത്തിലെ ഏറ്റവും മനോഹരമായ ആകാശ വിസ്മയ കാഴ്ചകൾക്കാണ് ലുസൈൽ ബൊളെവാഡും പരിസരങ്ങളും സാക്ഷിയായത്.
3000ത്തിലേറെ ഡ്രോണുകൾ നിറഞ്ഞുനിന്ന് ആകാശത്ത് രൂപപ്പെടുത്തിയ അതിശയകാഴ്ചകൾ അപൂർവ ദൃശ്യവിരുന്നൊരുക്കി. വിസിറ്റ് ഖത്തർ എന്ന് ഡ്രോണുകൾകൊണ്ട് എഴുതിയും ലുസൈലിന്റെ ഐകൺ ആയ കതാറ ടവറും ബൊളെവാഡിലെ ട്വിൻ ടവറുമെല്ലാം ഡ്രോണുകളാൽ ആകാശത്ത് ദൃശ്യമായി.
ലഖ്വിയ പാരച്യൂട്ട് ജംപർമാരുടെ പ്രകടനം ശ്വാസമടക്കിപ്പിടിക്കുന്ന കാഴ്ചയാണ് സമ്മാനിച്ചത്. പിന്നീടായിരുന്നു യൂറോപ്പിൽനിന്ന് സാഹസിക പൈലറ്റുമാരുടെ ആകാശ അഭ്യാസങ്ങൾ. ആർതർ കീലാക് ഉൾപ്പെടെ പൈലറ്റുമാരുടെ നേതൃത്വത്തിൽ നടന്ന എയർഷോ, സ്കൈറൈറ്റിങ്, പാരാമോട്ടോർ ഷോ, എയർ അക്രോബാറ്റിക് പ്രകടനം, പൈറോടെക്നിക് തുടങ്ങിയ പ്രകടനങ്ങൾ ഖത്തറിലെ കാഴ്ചക്കാർക്ക് അത്ഭുത ദൃശ്യങ്ങളാണ്. അന്താരാഷ്ട്രതലത്തിൽ പ്രമുഖരായ എയർഷോ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രകടനങ്ങൾ.
3000ത്തോളം ഡ്രോണുകൾക്ക് പുറമെ, 150ഓളം പൈറോടെക്നിക് എയർക്രാഫ്റ്റുകളാണ് ഷോയുടെ ഭാഗമായത്. രാത്രിയിൽ ലുസൈൽ മറിനയെ വർണപ്രപഞ്ചത്തിൽ മുക്കി വെടിക്കെട്ട് കൂടിയായതോടെ ദൃശ്യവിസ്മയം പൂർത്തിയായി.
മലയാളി കുടുംബങ്ങളും സ്വദേശികളും വിവിധ ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള സന്ദർശകരും ഉൾപ്പെടെ പതിനായിരത്തിന് മുകളിൽ ആളുകളാണ് ലുസൈലിലെത്തിയത്. ഭക്ഷ്യമേള, സംഗീത-നൃത്ത പ്രകടനങ്ങൾ എന്നിവയും സ്കൈൽ ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങേറുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.