റമദാനിൽ കുറഞ്ഞ വിലക്ക് ആടിനെ ലഭ്യമാക്കാൻ മന്ത്രാലയം
text_fieldsദോഹ: വിശുദ്ധ റമദാനിൽ പൗരന്മാർക്ക് കുറഞ്ഞ നിരക്കിൽ ആടിനെ ലഭ്യമാക്കാൻ വാണിജ്യ വ്യവസായ മന്ത്രാലയം രംഗത്ത്. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയവുമായും വിദാം ഫുഡ് കമ്പനിയുമായും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഒരാൾക്ക് രണ്ട് ആടെന്ന കണക്കിലാണ് സബ്സിഡി നിരക്കിൽ വിതരണം ചെയ്യപ്പെടുക. ഇതിെൻറ ഭാഗമായി 30000 നാടൻ ആടുകളുടെ വിതരണം സംബന്ധിച്ച് മന്ത്രാലയവും വിദാം ഫുഡ് കമ്പനിയും തമ്മിൽ യോജിപ്പിലെത്തിയിട്ടുണ്ട്. ഇതിന് പുറമേ, ആവശ്യത്തിനനുസരിച്ച് സിറിയൻ ആടുകളെയും വിതരണത്തിനായി എത്തിക്കാൻ പദ്ധതിയുണ്ട്.
ദോഹ, മസ്റൂഅ, അൽ ശഹാനിയ, അൽഖോർ എന്നിവിടങ്ങളിലെ വിദാം ഔട്ട്ലെറ്റുകളിൽ തിരിച്ചറിയൽ രേഖകളുമായി എത്തിയാൽ പൗരൻമാർക്ക് ആടുകളെ സ്വന്തമാക്കാം. നാടൻ ഇനമായ അറബ് അവാസി ആടിന് 30 മുതൽ 35 കിലോഗ്രാം വരെ തൂക്കത്തിന് 1000 റിയാലാണ് ഈടാക്കുക. 40 കിലോഗ്രാം തൂക്കമുള്ള സിറിയൻ ആടിന് 950 റിയാലാണ് വില നിശ്ചയിച്ചിരിക്കുന്നത്.
ഇന്നലെ ആരംഭിച്ച വിൽപന റമദാൻ അവസാനം വരെ തുടരുമെന്ന് അധികൃതർ അറിയിച്ചു. അറവുശാലകളിൽ ഇതിനായി മന്ത്രാലയം അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ട്. തിരക്ക് ഒഴിവാക്കാൻ വിദാം ഫുഡ് കമ്പനി ശീതീകരിച്ച ടെൻറുകളും ഇതിനായി നിർമ്മിക്കുന്നുണ്ട്. ആടുകളെ അറുക്കുന്നതിന് 16 റിയാലും പാക്ക് ചെയ്യുന്നത് വരെയുള്ള പ്രവൃത്തി്ക്ക് 34 റിയാലും അധികമായി നൽകണം. അറവ് ശാലകളിലെ നിയമലംഘനങ്ങൾ പരിശോധിക്കുന്നതിനും ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി മന്ത്രാലയം കർശന പരിശോധനകൾ നടത്തുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.