സൗദി ഇന്ന് കളത്തിൽ; എതിരാളികൾ ഒമാൻ
text_fieldsഇന്നത്തെ മത്സരങ്ങൾ
5.30pm തായ്ലൻഡ് x കിർഗിസ്താൻ
(അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയം)
8.30pm സൗദി x ഒമാൻ
(ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയം)
ദോഹ: സൗദി ഫുട്ബാൾ എന്ന് കേൾക്കുമ്പോൾ ലോകകപ്പ് ഫുട്ബാളിന്റെ മൂന്നാം ദിനം ലുസൈൽ സ്റ്റേഡിയത്തിൽ പിറന്ന അട്ടിമറിയാവും ഓർമയിലെത്തുക. കിരീടവുമായി മടങ്ങിയ ലയണൽ മെസ്സിയുടെ അർജന്റീന സംഘത്തെ 2-1ന് തകർത്തു തുടങ്ങിയ സൗദി അറേബ്യ ലോകഫുട്ബാളിലെ മറ്റൊരു പവർഹൗസായി അടയാളപ്പെടുത്തുകയായിരുന്നു. ലോകകപ്പ് ഗ്രൂപ് റൗണ്ടിൽ മടങ്ങിയെങ്കിലും കരുത്തിൽ കേമനായി മാറിയ സൗദി, ഏഷ്യൻ കപ്പിൽ കിരീടം ലക്ഷ്യമിട്ട് പോരാട്ടത്തിന് ചൊവ്വാഴ്ച തുടക്കം കുറിക്കും. ‘ഗ്രൂപ് എഫി’ൽ രാത്രി 8.30ന് ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ ഒമാനെതിരെയാണ് മത്സരം. ഫിഫ റാങ്കിങ്ങിൽ 56ാം സ്ഥാനക്കാരായ സൗദി 1996ന് ശേഷം ആദ്യ ഏഷ്യൻ കപ്പ് കിരീടം എന്ന ലക്ഷ്യവുമായാണ് ദോഹയിൽ പന്തുതട്ടുന്നത്.
കാൽനൂറ്റാണ്ടിലേറെ കാലം മുമ്പ് യു.എ.ഇയിൽ കിരീടം ചൂടിയശേഷം രണ്ടുതവണ ഫൈനലിലെത്തിയെങ്കിലും സൗദിക്ക് നിരാശരായി മടങ്ങാനായിരുന്നു വിധി. എന്നാൽ, ഇത്തവണ മാറിയ ഫുട്ബാൾ സാഹചര്യങ്ങളിൽ ഏറെ പ്രതീക്ഷകളോടെയാണ് സൗദി ഒരുങ്ങുന്നത്. കോച്ച് റോബർട്ടോ മാൻസീനിമുതൽ, ലോകോത്തര താരങ്ങൾക്കൊപ്പം കളിച്ചു ശീലിച്ച ദേശീയതാരങ്ങളും ഉൾപ്പെടുന്നതാണ് സൗദിയുടെ നിര. ഇത്തവണ ഏഷ്യൻ താരമായി തെരഞ്ഞെടുക്കപ്പെട്ട അൽ ഹിലാലിന്റെ സാലിം ദൗസരി, പരിചയസമ്പന്നനായ ഫഹസ് അൽ മുവല്ലാദ്, സാലിഹ് അൽ ഷെഹ്രി, മുഹമ്മദ് കാനു എന്നിവരടങ്ങിയ ടീമുമായാണ് കോച്ച് വൻകരയുടെ പോരാട്ടത്തിനിറങ്ങുന്നത്.
തിരക്കേറിയ ക്ലബ് സീസണിന് ഇടവേളയിട്ടാണ് താരങ്ങളിൽ പലരും ടീമിനൊപ്പം ചേർന്നത്. ഏറെപേരും കഴിഞ്ഞ സന്നാഹ മത്സരങ്ങളിൽ കളിച്ചില്ലെന്നും കോച്ച് മാൻസീനി കഴിഞ്ഞ ദിവസം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സീ ലൈനിലെ ക്യാമ്പിൽ രണ്ടാഴ്ചയിലേറെ നീണ്ട തയാറെടുപ്പിനൊടുവിലാണ് സൗദി സംഘം ഒരുങ്ങുന്നത്. എതിരാളികളായ ഒമാൻ കരുത്തരാണെന്നും ആദ്യ മത്സരത്തിൽ മികച്ച റിസൾട്ടിനായി സജ്ജമായി കഴിഞ്ഞതായും മാൻസീനി പറഞ്ഞു.
അതേസമയം, സൗദി ലീഗിൽ ദേശീയതാരങ്ങൾക്ക് അവസരം കുറയുന്നതായും വിദേശതാരങ്ങളുടെ സാന്നിധ്യം സ്വന്തം താരങ്ങൾക്ക് മികച്ച മത്സരങ്ങൾക്ക് സാഹചര്യം കുറച്ചതായും മാൻസീനി പറഞ്ഞു. ചൊവ്വാഴ്ചത്തെ മറ്റൊരു മത്സരത്തിൽ വൈകുന്നേരം 5.30ന് തായ്ലൻഡും കിർഗിസ്താനും തമ്മിൽ ഏറ്റുമുട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.