സ്കൂൾ ഗതാഗതം കാര്യക്ഷമമാക്കി നിരീക്ഷണ കാമറകൾ
text_fieldsദോഹ: ഗതാഗത ജനറൽ ഡയറക്ടറേറ്റിന്‍റെ സ്കൂൾ ഗതാഗത ആസൂത്രണം കാര്യക്ഷമമായി നടപ്പാക്കുന്നതിൽ തത്സമയ നിരീക്ഷണ ക്യാമറകൾ വലിയ പങ്ക് വഹിക്കുന്നുവെന്ന് മുതിർന്ന ഗതാഗത വകുപ്പ് ഉദ്യോഗസ്ഥൻ. ഏത് അടിയന്തര സാഹചര്യവും നേരിടാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും ഗതാഗത വകുപ്പ് സുസജ്ജമാണെന്നും ഗതാഗത ബോധവത്കരണ വിഭാഗം മേധാവി ബ്രിഗേഡിയർ ഡോ. മുഹമ്മദ് റാദി അൽ ഹാജിരി പറഞ്ഞു. നിരത്തുകളിലെ ട്രാഫിക് പട്രോളിങ്, ഇന്റർസെക്ഷൻ, പ്രധാന റോഡുകൾ, സ്കൂൾ പരിസരം എന്നിവിടങ്ങളിലെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം കാര്യക്ഷമത എന്നിവ അടിസ്ഥാനമാക്കിയാണ് സ്കൂളുകൾക്കായുള്ള ഗതാഗത ആസൂത്രണ പദ്ധതി തയാറാക്കിയത്.
സുഗമമായ ഗതാഗത നീക്കവും അപകടങ്ങൾ കുറക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ബ്രിഗേഡിയർ ഡോ. അൽ ഹാജിരി വ്യക്തമാക്കി. തത്സമയ നിരീക്ഷണ കാമറകൾ പദ്ധതിക്ക് ഏറെ പിന്തുണ നൽകുന്നതായും അതത് സമയങ്ങളിൽ ദൃശ്യങ്ങൾ ബന്ധപ്പെട്ട വകുപ്പുകളിലെത്തുന്നതിനാൽ സുഗമമായ ഗതാഗതം സാധ്യമാകുന്നുവെന്നും അതോടൊപ്പം അടിയന്തര സാഹചര്യങ്ങളിൽ ദ്രുതഗതിയിലുള്ള ഇടപെടലിന് സഹായിക്കുന്നതായും അദ്ദേഹം വിശദീകരിച്ചു.രാജ്യത്ത് വാഹനാപകടങ്ങൾ കുറക്കുന്നതിനും അപകടത്തിലൂടെയുള്ള ഗുരുതര പരിക്കുകളും മരണസംഖ്യയും കുറക്കുന്നതിന് ഗതാഗത വകുപ്പ് വർഷം മുഴുവൻ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് സ്കൂൾ ഗതാഗത ആസൂത്രണ പദ്ധതിയെന്നും അൽ ഹാജിരി ചൂണ്ടിക്കാട്ടി. വിദ്യാർഥികൾക്കിടയിലും രക്ഷിതാക്കൾക്കിടയിലും ഡ്രൈവർമാർക്കിടയിലും നിരവധി ബോധവത്കരണ പരിപാടികൾ ഗതാഗത വകുപ്പ് നടത്തിയിട്ടുണ്ട്. റോഡ് അകറ്റുപ്പണികളുമായി ബന്ധപ്പെട്ട നിർമാണപ്രവൃത്തികൾ നടക്കുന്നതിനാൽ ജനങ്ങൾ ക്ഷമിക്കണമെന്നും റോഡുകൾ വഴിതിരിച്ചുവിടുന്നത് കുറഞ്ഞ കാലയളവിലേക്ക് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.