ദോഹയിലെ ടാക്സി ഹോട്ടലും സൂപ്പി ഹാജിയും; പറയാനുണ്ട് ചരിത്രകഥകളേറെ
text_fieldsദോഹ: ദോഹയിലെ ടാക്സി ഹോട്ടൽ ഉടമയായ കോഴിക്കോട് നാദാപുരം ചെക്യാട് വളുവച്ചേരി വെളുത്തപറമ്പത്ത് സൂപ്പി ഹാജിയുടെ നിര്യാണത്തോടെ ഖത്തറിലെ മലയാളി പ്രവാസചരിത്രത്തിൻെറ മറ്റൊരധ്യായത്തിനാണ് തിരശീല വീഴുന്നത്. 70 വയസുള്ള അദ്ദേഹം തിങ്കളാഴ്ച നാട്ടിലാണ് മരിച്ചത്. സാധാരണക്കാർക്ക് കുറഞ്ഞ വിലയിൽ മികച്ച ഭക്ഷണം ഒരുക്കിയതിലൂടെ ടാക്സി ഡ്രൈവർമാരടക്കമുള്ളവരുടെ സംഗമകേന്ദ്രമായി മാറിയ ടാക്സി ഹോട്ടലിന് പറയാനുള്ളത് ഒരുപാട് ചരിത്രകഥകളാണ്. ഹോട്ടലിൻെറ പാർട്ട്ണർ ആയിരുന്ന സൂപ്പി ഹാജി എട്ട് മാസങ്ങൾക്ക് മുമ്പാണ് നാട്ടിലേക്ക് പോയത്. ഇളയസഹോദരനായ ഖാദർ ഹാജിക്കൊപ്പം ഹോട്ടൽ നിലവിൽ നടത്തിവന്നതും അദ്ദേഹമാണ്. ആറുമാസം വീതം ഖത്തറിലും നാട്ടിലും ഇരുവരും മാറിമാറി നിൽക്കുകയാണ് ചെയ്തിരുന്നത്. ഖാദർ ഹാജിയും നിലവിൽ നാട്ടിലാണുള്ളത്.
1943 കാലത്താണ് മുൻതസയിൽ ഹോട്ടൽ തുടങ്ങുന്നത്. അന്ന് ന്യൂ േകരള ഹോട്ടൽ എന്നാണ് അറിയപ്പെട്ടിരുന്നത്. പിതാവ് അബ്ദുല്ലയാണ് സ്ഥാപനം തുടങ്ങിയത്. ഇന്ത്യൻ കറൻസി തന്നെയായിരുന്നു അന്ന് ഖത്തറിലും നിലവിലുണ്ടായിരുന്നത്. പിന്നീട് 1972 കാലത്താണ് അൽസൽഹിയ എന്ന പേരിലേക്ക് ഹോട്ടൽ മാറിയത്. മുൻതസ ഹോളിഡേ വില്ലക്ക് സമീപത്തുള്ള േഹാട്ടലിൻെറ യഥാർത്ഥ പേരിനപ്പുറം ടാക്സി ഹോട്ടൽ എന്നാണ് അറിയപ്പെടാൻ തുടങ്ങിയത്.
പിതാവിൻെറ മരണശേഷം മക്കളായ സൂപ്പി ഹാജിയും ഖാദർ ഹാജിയും സ്ഥാപനം ഏറ്റെടുത്ത് നടത്തുകയായിരുന്നു. ഹോട്ടലിൽ എത്തുന്നവർക്ക് വാഹനങ്ങൾ പാർക്കുചെയ്യാൻ ഇതിനടുത്ത് സ്ഥലസൗകര്യം ഉള്ളതും അനുഗ്രഹമാവുകയായിരുന്നു. ആദ്യകാലത്ത് ഖത്തറിൽ മഞ്ഞ ടാക്സികൾ ഓടിയിരുന്ന കാലം മുതൽ ടാക്സിക്കാരുടെ സംഗമകേന്ദ്രമായിരുന്നു ഈ ഹോട്ടൽ. പിന്നീട് മഞ്ഞടാക്സികൾ മാറി നീല കർവ ടാക്സികൾ വന്നപ്പോൾ ഹോട്ടൽ അവരുടെയും ഇഷ്ടകേന്ദ്രമായി.
24മണിക്കൂറും പ്രവർത്തിക്കുന്ന ഹോട്ടലിൻെറ ചുറ്റുഭാഗവും ഏത് സമയവും നിരവധി ടാക്സികളും മറ്റ് വാഹനങ്ങളും കാണാനാകും. നിരവധി സ്വദേശി ഉപഭോക്താക്കളും ടാക്സി ഹോട്ടലിനുണ്ട്. എങ്കിലും ഇന്ത്യക്കാരടക്കമുള്ള സാധാരണക്കാരുടെ ഇഷ്ട ഭക്ഷണശാലയാണ് ടാക്സി ഹോട്ടൽ. ഇതിനാൽ തന്നെ ഭക്ഷണസാധനങ്ങൾക്ക് അമിതമായി വില ഈടാക്കരുതെന്ന തീരുമാനത്തിൻെറ പുറത്തായിരുന്നു എന്നും ടാക്സി ഹോട്ടലും ഉടമകളും പ്രവർത്തിച്ചത്. ഖത്തറിലെ മറ്റിടങ്ങളിൽ ടാക്സി ഹോട്ടൽ എന്നപേരിൽ തന്നെ ശാഖകളും ആരംഭിച്ചിരുന്നു.
അർബുദബാധിതനായി എറണാകുളത്തെ സ്വകാര്യആശുപത്രിയിൽ ചികിൽസയിലായിരുന്ന സൂപ്പി ഹാജി നാട്ടിലെ വീട്ടിൽ വെച്ചാണ് മരിച്ചത്. ഫാത്തിമ ഹജ്ജുമ്മയാണ് ഭാര്യ. ജലീൽ, ജസീന, ഹാരിസ്, സുമയ്യ എന്നിവർ മക്കളാണ്. നൗഷാദ് ദേവർകോവിൽ, റാഷിദ് കുറിഞ്ഞാലിയോട്, ഹസീന കല്ലാച്ചി, ഷഫീന പാനൂർ എന്നിവർ മരുമക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.