ഇന്ന് മുതൽ കളി വെള്ളത്തിലും: ലോക അക്വാട്ടിക് ചാമ്പ്യൻഷിപ്പിന് വെള്ളിയാഴ്ച ദോഹയിൽ തുടക്കം
text_fieldsദോഹ: കാൽപന്തുകളിയുടെ ചൂടേറ്റ വേദിയിൽ വെള്ളിയാഴ്ച മുതൽ ജലകായിക മത്സരങ്ങൾക്ക് തുടക്കം.
നീന്തൽ മുതൽ, ഡൈവിങ്, വാട്ടർപോളോ ഉൾപ്പെടെ വെള്ളത്തിലെ കായിക ഇനങ്ങളിലെ ലോകോത്തര താരങ്ങൾ മാറ്റുരക്കുന്ന വേൾഡ് അക്വാട്ടിക് ചാമ്പ്യൻഷിപ്പിന് വെള്ളിയാഴ്ച ദോഹയിൽ കൊടിയേറും. ഫെബ്രുവരി രണ്ടിന് തുടങ്ങി 18 വരെ നീളുന്ന ചാമ്പ്യൻഷിപ്പിൽ ആറ് കായിക വിഭാഗങ്ങളിലായി 75 മത്സരങ്ങളാണ് നടക്കുന്നത്.
201 രാജ്യങ്ങളിൽ നിന്നുള്ള 2600ഓളം താരങ്ങൾ മാറ്റുരക്കുന്ന അക്വാട്ടിക് ചാമ്പ്യൻഷിപ്പിന് ആദ്യമായാണ് മിഡിലീസ്റ്റ് രാജ്യം വേദിയാകുന്നത്. അക്വാട്ടിക് ചാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പങ്കാളിത്തം കൂടിയാണിത്.
201 രാജ്യങ്ങൾക്കു പുറമെ, ഒരു അഭയാർഥി ടീമും വിവിധ ഇനങ്ങളിലായി പങ്കെടുക്കുന്നുണ്ട്.
ലോക നീന്തൽ ചാമ്പ്യൻഷിപ്പിലെ മുൻനിര താരങ്ങളുടെ സാന്നിധ്യമാണ് ശ്രദ്ധേയം. അമേരിക്കയുടെ ആർട്ടിസ്റ്റിക് സ്വിമ്മിങ് ലോകചാമ്പ്യൻ ബിൽ മേ, ഹൈ ഡൈവിങ് വേൾഡ് ചാമ്പ്യൻ റുമേനിയയുടെ കോൺസ്റ്റാന്റിൻ പൊപോവിസി, വാട്ടർപോളോ വേൾഡ് ചാമ്പ്യൻ നെതർലൻഡ്സിന്റെ സബ്രിൻ വാൻഡർ സ്ലൂട്ട് തുടങ്ങി മുൻനിര താരങ്ങൾ വിവിധ ഇനങ്ങളിലായി മാറ്റുരക്കും.
ആറു വേദികളിലായാണ് ചാമ്പ്യൻഷിപ്പുകൾ അരങ്ങേറുന്നത്. ആസ്പയർ ഡോം, ഹമദ് അക്വാട്ടിങ് സെന്റർ, ദോഹ ഓൾഡ് പോർട്ട് എന്നീ വേദികളിലായാണ് വിവിധ മത്സരങ്ങൾ നടക്കുന്നത്.
വാട്ടർപോളോ, സ്വിമ്മിങ്, ഡൈവിങ്, ഓപൺ വാട്ടർ സ്വിമ്മിങ്, ആർട്ടിസ്റ്റിക് സ്വിമ്മിങ്, ഹൈ ഡൈവിങ് എന്നിങ്ങനെയാണ് മത്സരങ്ങൾ.
പാരിസ് ഒളിമ്പിക്സിലേക്ക് മാസങ്ങൾ മാത്രം കാത്തിരിക്കെ, ലോകോത്തര താരങ്ങളുടെ മികച്ച പ്രകടനങ്ങൾക്കായിരിക്കും ദോഹ സാക്ഷ്യം വഹിക്കുന്നത്. ഒളിമ്പിക്സ് യോഗ്യത ഉറപ്പിക്കാനുള്ള അവസരം കൂടിയാണിത്.
വ്യാഴാഴ്ച നടന്ന വാർത്തസമ്മേളനത്തിൽ ചാമ്പ്യൻഷിപ്പിന്റെ ഒരുക്കങ്ങൾ സംഘാടകർ വിശദീകരിച്ചു. ഹമദ് അക്വാട്ടിക് സെന്ററിൽ സ്പ്രിങ് ബോർഡ് മത്സരങ്ങളോടൊ രാവിലെ 10ന് തുടക്കമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.