ചരിത്ര സൂക്ഷിപ്പായി നാഷനൽ ആർക്കൈവ്സ്
text_fields
ഉദ്ഘാടന ശേഷം നാഷനൽ ആർകൈവ്സ് സന്ദർശിക്കുന്ന അമീർ
ദോഹ: അമീരി ദിവാനിന് കീഴിലെ നാഷനൽ ആർക്കൈവ്സ് ഓഫ് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി മുശൈരിബിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് ആർകൈവ്സ് അമീർ സന്ദർശിച്ചു. അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും ഉള്ളടക്കത്തെക്കുറിച്ചും ഖത്തറിന്റെ ചരിത്രം നിരീക്ഷിക്കുന്നതിനും രേഖകളുടെയും മറ്റും ശേഖരണത്തിനും സംരക്ഷണത്തിനും മേൽനോട്ടം വഹിക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും അധികൃതർ വിശദീകരിച്ചു നൽകി.
നാഷനൽ ആർക്കൈവ്സിന്റെ വിവിധ വകുപ്പുകളുടെയും അവയുടെ പ്രവർത്തന രീതികളുടെയും വിശദാംശങ്ങളും അദ്ദേഹം ഉദ്യോഗസ്ഥരോട് ചോദിച്ചറിഞ്ഞു. ചടങ്ങിൽ വിവിധ വകുപ്പ് മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. ഖത്തറിന്റെ ചരിത്രം സൂക്ഷിക്കുന്ന ദേശീയ കേന്ദ്രമായി കണക്കാക്കുന്ന നാഷനൽ ആർക്കൈവ്സ് ഉദ്ഘാടന കർമം നിർവഹിച്ച അമീറിന് ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ അബ്ദുല്ല ബിൻ ഖലീഫ അൽ അതിയ്യ നന്ദി അറിയിച്ചു. നാഷനൽ ആർക്കൈവ്സ് ദേശീയ സാംസ്കാരിക സ്വത്വം രേഖപ്പെടുത്തുന്നതിനോടൊപ്പം അതിന്റെ പൈതൃകവും സംസ്കാരവും സംരക്ഷിക്കുകയും ചെയ്യുന്നുവെന്നും അൽ അതിയ്യ പറഞ്ഞു.അമീരി ദിവാനിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്ന നാഷനൽ ആർക്കൈവ്സ് ഓഫ് ഖത്തർ, 2023ലെ അമീരി ഉത്തരവ് നമ്പർ 29 പ്രകാരമാണ് പുനഃസംഘടിപ്പിച്ചത്. ബൗദ്ധിക പ്രവർത്തനം സമ്പന്നമാക്കുക, ഖത്തറിന്റെ ചരിത്രം നിരീക്ഷിക്കുക, രേഖകൾ സംഘടിപ്പിക്കുകയും സംരക്ഷിക്കുന്നതിന് മേൽനോട്ടം വഹിക്കുകയും ചെയ്യുക തുടങ്ങിയവയാണ് നാഷനൽ ആർക്കൈവ്സിന്റെ ലക്ഷ്യം.
രാജ്യത്തെ പൊതു, സ്വകാര്യ, ചരിത്ര, ദേശീയ പ്രമാണങ്ങളും രേഖകളും കൈകാര്യം ചെയ്യുന്ന പ്രക്രിയയെ നിയന്ത്രിക്കുന്ന മാർഗനിർദേശങ്ങൾ തയാറാക്കി വിവരങ്ങൾ, രേഖകൾ, പ്രമാണങ്ങൾ എന്നിവയിലേക്കുള്ള പ്രവേശനം കൂടുതൽ സാധ്യമാക്കാനും ഉപയോഗം സുഗമമാക്കാനും ഇത് ലക്ഷ്യമിടുന്നു. മന്ത്രാലയങ്ങളുടെയും മറ്റ് സർക്കാർ ഏജൻസികളുടെയും വ്യക്തികളുടെയും കൈവശമുള്ള ചരിത്രപരമായ മൂല്യങ്ങളുള്ള എല്ലാ രേഖകളും തിരിച്ചറിയുന്നതിന് നാഷനൽ ആർക്കൈവ്സ് കൂടുതൽ ശ്രദ്ദ ചെലുത്തും.
വിദേശത്തുള്ള മറ്റ് രേഖകളും പ്രമാണങ്ങളും നേടുന്നതിനും കൈമാറ്റം ചെയ്യുന്നതിനും അല്ലെങ്കിൽ അവയുടെ പകർപ്പുകൾ കരസ്ഥമാക്കുന്നതിനും ആർക്കൈവ്സ് ശ്രമിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.