പകർച്ചപ്പനിക്കെതിരെ കുത്തിവെപ്പ്
text_fieldsദോഹ: കോവിഡ് ഭീതി വിട്ടൊഴിയുന്നതിനുമുേമ്പ പകർച്ചപ്പനി മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. എല്ലാവർഷവുമെത്തുന്ന പകർച്ചപ്പനി ഇൗ വർഷം നേരത്തെ എത്താനിടയുണ്ടെന്നും അതിനാൽ പ്രതിരോധ കുത്തിവെപ്പ് പതിവിലും നേരത്തെ ആരംഭിക്കുകയാണെന്നും പൊതുജനാരോഗ്യ മന്ത്രാലയവും ഹമദ് മെഡിക്കൽ കോർപറേഷനും അറിയിച്ചു. സെപ്റ്റംബർ ഒന്ന് മുതൽ തന്നെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, എച്ച്.എം.സി ഒ.പി ക്ലിനിക്കുകൾ, 45ലേറെ സ്വകാര്യ ക്ലിനിക്കുകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ കുത്തിവെപ്പ് സൗജന്യമായി നൽകിത്തുടങ്ങിയതായി മന്ത്രാലയം വ്യക്തമാക്കി. മുൻ വർഷങ്ങളിൽ ഒക്ടോബറിൽ ആരംഭിക്കുന്ന പ്രതിരോധ കുത്തിവെപ്പ് നടപടികളാണ് ഈ വർഷം നേരത്തേ ആരംഭിച്ചത്.
'സാധാരണയായി സെപ്റ്റംബർ അവസാനത്തിൽ ആരംഭിക്കുന്നതാണ് പ്രതിരോധ കുത്തിവെപ്പ്. എന്നാൽ, ഇപ്പോൾ തന്നെ പനിക്ക് ചികിത്സതേടി പലരും എത്തിത്തുടങ്ങിയ സാഹചര്യത്തിൽ നേരത്തെ നടപടികൾ ആരംഭിക്കാനാണ് തീരുമാനം. കോവിഡ് ഇപ്പോഴും ഭീഷണിയായി നിലനിൽക്കുന്ന സാഹചര്യത്തിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ആരോഗ്യസുരക്ഷക്കായി എല്ലാ മാർഗങ്ങളും സ്വീകരിക്കണം. വ്യത്യസ്തമായ വൈറസുകളാണെങ്കിലും കോവിഡും പകർച്ചപ്പനിയും ഗുരുതരമാണ്. എന്നാൽ, കോവിഡ് വാക്സിൻ പകർച്ചപ്പനിയെയോ, പകർച്ചപ്പനിക്ക് എടുക്കുന്ന കുത്തിവെപ്പ് കോവിഡിനെയോ പ്രതിരോധിക്കില്ലെന്ന് ആളുകൾ മനസ്സിലാക്കണം. ഇപ്പോഴത്തെ സാഹചര്യത്തിൽ ജനങ്ങൾ രണ്ട് വാക്സിനും സ്വീകരിക്കണമെന്നാണ് ആരോഗ്യമന്ത്രാലയം ആവശ്യപ്പെടുന്നത്. ഒരേസമയമോ, അല്ലെങ്കിലും ഇടവേളകളിലായോ രണ്ട് വാക്സിനും സ്വീകരിക്കാവുന്നതാണ്' -ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ പകര്‍ച്ചവ്യാധി വിഭാഗം മേധാവി ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു.
പകർച്ചപ്പനിയും കോവിഡും സമാന രോഗലക്ഷണങ്ങളുള്ളതും ശ്വാസകോശ സംബന്ധമായ അസുഖവും ആയതിനാല്‍ എല്ലാവരും ആരോഗ്യ സംരക്ഷണത്തിനായി സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് ഡോ അല്‍ ഖാല്‍ ചൂണ്ടിക്കാട്ടി.
ആദ്യഘട്ടത്തിൽ പനികാരണം ഗുരുതരമായ അണുബാധക്ക് സാധ്യതയുള്ള വ്യക്തികൾക്കാവും പ്രതിരോധകുത്തിവെപ്പ് നൽകുന്നതെന്ന് സാംക്രമിക രോഗ വിഭാഗം മാനേജർ ഡോ. ഹമദ് അൽ റുമൈഹി പറഞ്ഞു. എല്ലാ പ്രായവിഭാഗങ്ങളിലുമുള്ളവർക്കും പനി ആരോഗ്യത്തെ ബാധിക്കും.
എന്നാൽ, ചില വിഭാഗം ആളുകൾക്ക് കൂടുതൽ രൂക്ഷമാവാൻ സാധ്യതയുണ്ട്. അതിനാൽ അത്തരം ആളുകൾക്ക് ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകാനാണ് തീരുമാനം.
പനി ബാധിക്കുന്നത് തടയാൻ ഏറ്റവും സുരക്ഷിതമായ മാർഗമാണ് പ്രതിരോധ കുത്തിവെപ്പെന്നും, രാജ്യത്തെ 27 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, സ്വകാര്യ, അർധസർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സൗജന്യമായി വാക്സിൻ എടുക്കാമെന്നും ഡോ. റുമൈഹി പറഞ്ഞു.വസന്തകാലത്തിന് തുടക്കമിട്ട് പെയ്യുന്ന മഴക്കാലമായ ' അൽ വസ്മി'യുടെ സമയത്താണ് പനിയും പടരുന്നത്. പടിഞ്ഞാറ് ഭാഗത്ത് നിന്നും മേഘങ്ങൾ കിഴക്കോട്ട് നീങ്ങി തുടർന്ന് നല്ല മഴ ലഭിക്കും. വടക്കുപടിഞ്ഞാറൻ കാറ്റും ഉണ്ടാകും. ഇൗ കാലത്ത് മേഖലയിൽ പകർച്ചപ്പനി സാധാരണയാണ്.
പ്രതിരോധ വാക്സിൻ മുൻഗണന
ആദ്യഘട്ടത്തിൽ പകർച്ചപ്പനിക്ക് സാധ്യതകൂടിയ വിഭാഗങ്ങൾക്ക് വേഗത്തിൽ കുത്തിവെപ്പ് നൽകാനാണ് അധികൃതരുടെ തീരുമാനം. 50 വയസ്സിന് മുകളിലുള്ളവർ, ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളവർ, ആറ് മാസം മുതൽ അഞ്ചു വയസ്സ് വരെയുള്ള കുട്ടികൾ, ഗർഭിണികൾ, ആരോഗ്യപ്രവർത്തകർ, അധ്യാപകർ എന്നിവർക്കാവും മുൻഗണന.
കോവിഡ് കാലം, കുത്തിവെപ്പിന് മടിവേണ്ട
കോവിഡിൻെറ സാഹചര്യത്തിൽ പകർച്ചപ്പനി കുത്തിവെപ്പിന് ഏറെ പ്രാധാന്യമുണ്ടെന്നും ഇതിനായി എല്ലാവരും അിജാഗ്രത കാണിക്കണമെന്നും കോവിഡ് 19 ദേശീയ ആേരാഗ്യ സ്ട്രാറ്റജിക് ഗ്രൂപ് തലവനും എച്ച്.എം.സി പകർച്ചവ്യാധി വിഭാഗം മേധാവിയുമായ ഡോ. അബ്ദുലത്തീഫ് അൽ ഖാൽ പറഞ്ഞു. കോവിഡിൻെറയും പകർച്ചപ്പനിയുടെയും ലക്ഷണങ്ങൾ സമാനമാണ്. രണ്ടിനും വാക്സിനും ലഭ്യമാണ്. എന്നാൽ, പകർച്ചപ്പനി വാക്സിൻ കോവിഡിനെയോ കോവിഡ് വാക്സിൻ പകർച്ചപ്പനിയേയോ തടയില്ല. അതിനാൽ, പകർച്ചപ്പനി കുത്തിവെപ്പെടുക്കാൻ ആരും മടികാണിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കാലാവസ്ഥാമാറ്റംമൂലമുണ്ടാകുന്ന രോഗങ്ങൾ, മറ്റ് പകർച്ചവ്യാധികൾ എന്നിവ നിയന്ത്രിക്കുന്ന കാര്യത്തിൽ പൊതുജനാരോഗ്യമന്ത്രാലയം വൻ നടപടികളാണ് സ്വീകരിച്ചുവരുന്നത്. ഇതിൻെറയൊക്കെ ഫലമായി രാജ്യം അഞ്ചാംപനിയില്നിന്ന് നേരത്തേതന്നെ സുരക്ഷിതമായിട്ടുണ്ട്. അമേരിക്ക അടക്കമുള്ള ചില രാജ്യങ്ങളിൽ ഈ രോഗം പടർന്ന സാഹചര്യത്തിലും ഖത്തർ ഇതിൽനിന്ന് മുക്തമായിരുന്നു. ശക്തമായ ദേശീയ രോഗപ്രതിരോധ പദ്ധതിയുടെ ഫലമായാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.