ആരാകും ലുസൈലിലെ രണ്ടാമൻ...?
text_fieldsദോഹ: ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പിന്റെ കിരീടപ്പോരാട്ടത്തിൽ ലുസൈൽ സ്റ്റേഡിയത്തിൽ കരുത്തരായ റയൽ മഡ്രിഡിന്റെ എതിരാളികൾ ആരാണെന്ന് ഇന്നറിയാം.
ശനിയാഴ്ച 974 സ്റ്റേഡിയത്തിൽ നടക്കുന്ന ചലഞ്ചർ കപ്പിനായുള്ള അങ്കത്തിൽ ആഫ്രിക്കൻ ജേതാക്കളായെത്തുന്ന ഈജിപ്ഷ്യൻ പവർഹൗസ് അൽ അഹ്ലിയും, കോൺകകാഫ് ചാമ്പ്യന്മാരായ മെക്സികൻ ക്ലബ് പചൂകയും ഏറ്റുമുട്ടുമ്പോൾ കണ്ണുകളത്രയും ലുസൈലിലെ രണ്ടാമൻ ആരെന്നറിയാൻ.
ബുധനാഴ്ച നടന്ന ആദ്യ മത്സരത്തിൽ തെക്കനമേരിക്കൻ ചാമ്പ്യന്മാരായ ബോട്ടഫോഗോയെ 3-0ത്തിന് തരിപ്പണമാക്കിയാണ് പചൂകയുടെ കുതിപ്പ്. ശനിയാഴ്ച രാത്രി എട്ടിന് 974 സ്റ്റേഡിയത്തിലാണ് ആവേശകരമായ ചലഞ്ചർ കപ്പ് അങ്കം. ഈ മത്സരത്തിലെ വിജയികളാവും കിലിയൻ എംബാപ്പെയും വിനീഷ്യസ് ജൂനിയറും അടങ്ങുന്ന റയലിനെ നേരിടുന്നത്.
മൂന്നു ദിവസം മുമ്പ് നടന്ന മത്സരത്തിൽ ബോട്ടഫോഗോയെ വീഴ്ത്തിയതിന്റെ ത്രില്ലിലാണ് പചൂക. ആദ്യ പകുതിയിൽ നന്നായി കളിച്ച ബ്രസീലിയൻ ടീമിനെതിരെ രണ്ടാം പകുതിയിൽ തുടർച്ചയായ ഗോളുകളിലൂടെ മെക്സിക്കൻ സംഘം കളിപിടിക്കുകയായിരുന്നു. രണ്ടാം പകുതിയിൽ ഉസാമ ഇദ്രിസി, നെൽസൺ ഡിയോസ, ജോസ് റോൺഡൻ ജിമിനസ് എന്നിവരുടെ ബൂട്ടിൽ നിന്നായിരുന്നു ഗോളുകൾ പിറന്നത്.
എതിരാളികളായ അൽ അഹ്ലി ഈജിപ്ഷ്യൻ ഫുട്ബാളിലെ കരുത്തരായ. 44 തവണ ഈജിപ്ഷ്യൻ പ്രീമിയർ ലീഗ് ജേതാക്കളായവർ തുടർച്ചയായി രണ്ടാം തവണ ഉൾപ്പെടെ 12 തവണ ആഫ്രിക്കൻ ചാമ്പ്യൻസ് ലീഗിലും മുത്തമിട്ടു. ദേശീയ ടീമിലെ താരനിരയുമായി കളത്തിലിറങ്ങുന്നവരെ പിടിച്ചുകെട്ടുകയാവും ശനിയാഴ്ച രാത്രി മെക്സിക്കൻ വമ്പൻമാർ നേരിടുന്ന വെല്ലുവിളി.
ദേശീയ ടീമിന്റെ ഒന്നാം നമ്പർ ഗോൾകീപ്പർ മുഹമ്മദ് അൽ ഷെനാവി നായകനായിറങ്ങുന്ന ടീമിന് സ്വിസ് പരിശീലകൻ മാഴ്സൽ കോളറാണ് തന്ത്രമോതുന്നത്. നേരത്തേ കൈറോയിൽ നടന്ന രണ്ടാം റൗണ്ടിൽ യു.എ.ഇ ക്ലബ് അൽ ഐനിനെ 3-0 ത്തിന് തോൽപിച്ചായിരുന്നു അൽ അഹ്ലിയുടെ മുന്നേറ്റം. ഫലസ്തീനിയൻ സ്ട്രൈക്കർ വിസാം അബു അലി, ഈജിപ്ഷ്യൻ താരം താഹിർ മുഹമ്മദ്, ഹുസൈൻ അൽഷഹാത് എന്നിവരടങ്ങിയ മുന്നേറ്റ നിരയാണ് അഹ്ലിയുടെ കരുത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.