ഒറ്റ ക്ലിക്കിൽ യാത്ര പ്ലാൻചെയ്യാം
text_fieldsദോഹ: റോഡും റെയിലും ഉൾപ്പെടെയുള്ള ഖത്തറിലെ മുഴുവൻ യാത്രാമാർഗങ്ങളെയും ഒറ്റ ക്ലിക്കിൽ ഒരു കുടക്കീഴിലാക്കുന്ന നെറ്റ്വർക് സംവിധാനവുമായി ഗതാഗത മന്ത്രാലയം. മെട്രോ റെയിൽ സർവിസ്, മുവാസലാത്ത് ബസ്, കർവ ടാക്സി, ട്രാം തുടങ്ങിയ റോഡ്, റെയിൽ ഗതാഗത സർവിസുകളുടെ സേവനങ്ങളെല്ലാം ഇനി 'സില'യിൽ ലഭ്യമാവും. ആപ്ലിക്കേഷനും വെബ്സൈറ്റുമായി അടുത്തയാഴ്ചതന്നെ സേവനം ലഭ്യമായി തുടങ്ങുമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. ഖത്തർ റെയിൽവേ, മുവാസലാത്ത് (കർവ), ഖത്തർ ഫൗണ്ടേഷൻ, മുൈശരിബ് പ്രോപ്പർട്ടീസ് എന്നിവരുമായി സഹകരിച്ചാണ് ഗതാഗത മന്ത്രാലയം രാജ്യത്തെ യാത്രാ സംവിധാനങ്ങളിലെ വിപ്ലവകരമായ നീക്കത്തിന് ചുവടുവെക്കുന്നത്.
ബന്ധിപ്പിക്കുന്നത് എന്ന് അർഥം വരുന്ന 'സില' എന്ന അറബി പദത്തിലായിരിക്കും ആപ്ലിക്കേഷനും വെബ്സൈറ്റും പ്രവർത്തനം ആരംഭിക്കുന്നത്. 'സില'യുടെ ലോഗോ കഴിഞ്ഞ ദിവസം പുറത്തിറക്കി. ദോഹ മെട്രോ, മുവാസലാത്ത് ബസ്, ടാക്സി, ട്രാം തുടങ്ങി സര്‍വിസുകളെല്ലാം സില വഴി ആളുകള്‍ക്ക് ഉപയോഗിക്കാം. ഖത്തറില്‍ യാത്രക്കാരന് ഉദ്ദേശിക്കുന്ന സ്ഥലത്ത് ഏറ്റവും വേഗത്തിലും എളുപ്പത്തിലും എത്താനുതകുന്ന മാര്‍ഗങ്ങള്‍ തെരഞ്ഞെടുക്കാന്‍ സഹായിക്കുന്ന വിധത്തിലാണ് 'സില' ആപ്പിെൻറ രൂപകൽപന. യാത്രക്കാരന് ഏറ്റവുമടുത്ത് ലഭ്യമാകുന്ന പൊതുയാത്രാ സംവിധാനങ്ങള്‍ ആപ്ലിക്കേഷനിലൂടെ തിരിച്ചറിയാം. ഏറ്റവും സമീപസ്ഥലമായ മെട്രോ സ്റ്റേഷന്, ബസ്സ്റ്റോപ്, മെട്രോ ട്രെയിന്‍ ടൈംടേബ്ള്, ബസ് സമയം, എളുപ്പത്തിൽ എത്തിച്ചേരാനുള്ള വഴികൾ തുടങ്ങിയവയെല്ലാം ആപ് വഴി കണ്ടെത്താൻ കഴിയും.
'ഖത്തറിലെ യാത്രാസംവിധാനങ്ങളെ അടിമുടി പരിഷ്കരിക്കപ്പെടുന്നതിൽ നിർണായകമായ ചുവടുവെപ്പാണിത്. ഏറ്റവും കാര്യക്ഷമവും ഫലപ്രദവുമായ ഗതാഗത ശൃംഖലയിലേക്കുള്ള മാറ്റമാണിത്. ഗതാഗതസംവിധാനം പരസ്പരം ബന്ധിപ്പിക്കപ്പെടുന്നതോടെ പൊതുജനങ്ങൾക്ക് യാത്രകൾ, ജോലി, കുടുംബം, പൊതുപ്രവർത്തനം എന്നിവ കൂടുതൽ കാര്യക്ഷമവും സൗകര്യപ്രദവുമാവും.
വരും കാലയളവിൽ കൂടുതൽ മികച്ച സേവനങ്ങളും ഉൾപ്പെടുത്തും' -ഗതാഗത മന്ത്രാലയം സാങ്കേതിക വിഭാഗം ഡയറക്ടര്‍ ശൈഖ് മുഹമ്മദ് ബിന്‍ ഖാലിദ് ആൽഥാനി പറഞ്ഞു. പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ മുഴുവന്‍ സര്വിസുകള്ക്കുമുള്ള പണമടച്ച് ടിക്കറ്റെടുക്കാന്‍ കഴിയുന്ന സേവനവും സില വഴി ലഭ്യമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.