ഭൂഗർഭ കേന്ദ്രത്തിൽ ഒളിപ്പിച്ച 18 ലക്ഷം ആംഫെറ്റാമിൻ ലഹരി ഗുളികകൾ പിടികൂടി
text_fieldsഅൽ ഖോബാർ: ജൗഫ് മേഖലയിലെ സകാക്കയിൽ ഭൂഗർഭ സംഭരണ കേന്ദ്രത്തിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ 18 ലക്ഷത്തിലധികം ആംഫെറ്റാമിൻ ലഹരി ഗുളികകൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ പിടികൂടി. അവിടെയുള്ള ഒരു കൃഷിയിടത്തിൽ നിന്നുമാണ് മയക്കുമരുന്ന് ഗുളികകൾ കണ്ടെടുത്തത്.
വീടിനുള്ളിലെ തറയിൽ വലിയ കുഴിയുണ്ടാക്കി അതിൽ ഒളിപ്പിച്ച നിലയിലായിരുന്നു. തറക്ക് മുകൾ ഭാഗം വെളുത്ത ടൈൽ പാകി മറച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ഒരു യമൻ സ്വദേശിയെയും മൂന്ന് സൗദികളെയും അറസ്റ്റ് ചെയ്യുകയും പബ്ലിക്ക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തിട്ടുണ്ട്. മറ്റൊരു സംഭവത്തിൽ ജീസാൻ മേഖലയിലെ അൽ അർദ ഗവർണറേറ്റിലെ ബോർഡർ ഗാർഡ് ലാൻഡ് പട്രോളിങ് 300 കിലോഗ്രാം ഖാത്ത് കടത്താനുള്ള രണ്ട് ശ്രമങ്ങൾ പരാജയപ്പെടുത്തുകയുണ്ടായി.
ഹാഷിഷ് വിൽക്കാൻ ശ്രമിച്ചതിന് രണ്ട് പേരെ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളിൽ നിന്നുള്ള ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. അടുത്ത ദിവസങ്ങളിൽ രാജ്യത്തുടനീളം അധികൃതർ മയക്കുമരുന്ന് വിപണനവുമായി ബന്ധപ്പെട്ടു നടത്തിയ ഓപറേഷന്റെ ഭാഗമാണിത്.
ഓപറേഷൻ വഴി കഴിഞ്ഞ ഒരു മാസത്തിനിടെ വൻതോതിൽ മയക്കുമരുന്ന് ശേഖരം പിടിച്ചെടുക്കാനും പ്രതികളെ അറസ്റ്റ് ചെയ്യാനും ലഹരി കടത്ത് തടയാനും കഴിഞ്ഞിട്ടുണ്ട്. സംശയാസ്പദമായ കള്ളക്കടത്തോ മറ്റ് ലംഘനങ്ങളോ ശ്രദ്ധയിൽപെട്ടാൽ 1910@zatca.gov.sa എന്ന ഇ-മെയിൽ വഴിയോ രാജ്യത്തിനകത്തുനിന്ന് 1910 എന്ന നമ്പറിലോ വിദേശത്തുനിന്ന് +966114208417 എന്ന നമ്പറിലോ ബന്ധപ്പെടുക. കുറ്റകൃത്യം സംബന്ധിച്ച വിവരങ്ങൾ നൽകുന്നവർക്ക് സാമ്പത്തിക പാരിതോഷികം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.