നിയമലംഘകരായ മൂവായിരത്തിലേറെ ഇന്ത്യക്കാരെ തിരിച്ചയച്ചെന്ന് അംബാസഡർ
text_fieldsറിയാദ്: ഇഖാമ പുതുക്കാത്തവരും ഹുറൂബ് കേസിൽപെട്ടവരുമായ 3239 ഇന്ത്യക്കാരെ സൗദിയിൽനിന്ന് തിരിച്ചയച്ചതായി ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. സ്പോൺസർമാരുടെ കീഴിൽനിന്ന് ഒളിച്ചോടി ഹുറൂബ് കേസിൽപെട്ടവരും ഇഖാമ പുതുക്കാത്തവരുമായ ഇത്രയും ആളുകളെ റിയാദ് എംബസി പരിധിയിലും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് പരിധിയിലുമായാണ് ഫൈനൽ എക്സിറ്റിൽ നാട്ടിലേക്കയച്ചത്. എംബസി വെൽെഫയർ വിങ് സൗദി കാര്യാലയങ്ങളുമായി ചേർന്ന് നടത്തിയ പ്രവർത്തനഫലമായാണ് ഇത്രയും പേർക്ക് നാട്ടിലേക്ക് മടങ്ങാനായത്.
27,000ത്തോളം പേർ ഫൈനൽ എക്സിറ്റിനായി അപേക്ഷിച്ചിട്ടുണ്ട്. ഇവർക്ക് സൗദി ലേബർ, പാസ്പോർട്ട് വകുപ്പുകളുടെ സഹായത്തോടെ ഫൈനൽ എക്സിറ്റ് ലഭ്യമാക്കിവരുകയാണ്. നിലവിൽ സൗദിയിൽ 23 ലക്ഷം ഇന്ത്യക്കാരുണ്ട്. ഈവർഷം 2205 ഇന്ത്യക്കാരാണ് സൗദിയിൽ മരിച്ചത്. ഇവരിൽ 781പേരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. ബാക്കി സൗദിയിൽ തന്നെ സംസ്കരിച്ചു. വിവിധ കേസുകളിലായി റിയാദ് ഇന്ത്യൻ എംബസിക്ക് പരിധിയിൽ 719 പേരും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന് കീഴിൽ 604 പേരും സൗദി ജയിലിലുണ്ട്. ജയിലുകളിൽ ഇടക്കിടെ എംബസി ഉദ്യോഗസ്ഥർ സന്ദർശനം നടത്തി കാര്യങ്ങൾ വിലയിരുത്തുന്നുണ്ട്. ജിദ്ദ കോൺസുലേറ്റും റിയാദ് എംബസിയും ഈവർഷം 2,09,650 കോൺസുലാർ പാസ്പോർട്ട് സേവനങ്ങൾ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.