സാങ്കേതിക രംഗത്ത് പ്രതീക്ഷകൾ നൽകി ‘അലിഫ് ബൈറ്റ്ബാഷ് 24’
text_fieldsറിയാദ്: സാങ്കേതിക രംഗത്ത് പുതിയ പ്രതീക്ഷകൾ നൽകി ‘അലിഫ് ബൈറ്റ്ബാഷ് 24’ന് സമാപനം. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യകളുടെ ഏറ്റവും പുതിയ കാഴ്ചകളാണ് റിയാദിലെ അലിഫ് ഇന്റർനാഷനൽ സ്കൂൾ ഡിജിറ്റൽ ഫെസ്റ്റിലൊരുക്കിയത്. സാങ്കേതിക രംഗത്തെ നൂതന ആശയങ്ങളും വിദ്യാർഥികളുടെ വൈദഗ്ധ്യവും ക്രിയാത്മകമായി ഉപയോഗപ്പെടുത്തിയ ‘ബൈറ്റ്ബാഷ് 24’ സന്ദർശകർക്ക് പുതിയ അനുഭവമായി.
അലിഫ് ഐ.സി.ടി ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ നടന്ന ഡിജിറ്റൽ ഫെസ്റ്റ് ഐ.ടി വിദഗ്ധനും അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റി അലുമ്നി പ്രസിഡന്റുമായ അബ്റാർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ രംഗത്തെ അഭൂതപൂർവമായ മുന്നേറ്റം ക്രിയാത്മകമായി ഉപയോഗപ്പെടുത്തി വിദ്യാഭ്യാസ മേഖലയിൽ മുന്നേറാൻ വിദ്യാർഥികൾക്ക് സാധിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വിഷ്വൽ കോഡിങ്, റോബോട്ടിക്സ്, ഗെയിംസ്, ഡോക്യുമെന്ററി പ്രസന്റേഷൻ, വെബ് ഡിസൈനിങ്, എ.ഐ തുടങ്ങിയ ടൂളുകൾ ഉപയോഗപ്പെടുത്തി ശ്രദ്ധേയമായ നൂറോളം പ്രോജക്ടുകളാണ് പ്രദർശനത്തിന് ഉണ്ടായിരുന്നത്. രക്ഷിതാക്കളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ഡിജി ഫെസ്റ്റിന് മുഹമ്മദ് റിഫാദ്, ജുമൈല ബഷീർ, രേശ്മ രാജീവ് എന്നിവർ നേതൃത്വം നൽകി.
അലിഫ് ഗ്രൂപ് ഓഫ് സ്കൂൾസ് സി.ഇ.ഒ ലുഖ്മാൻ അഹ്മദ്, ഡയറക്ടർമാരായ അബ്ദുൽ നാസർ മുഹമ്മദ്, മുഹമ്മദ് അഹ്മദ്, ഹെഡ്മാസ്റ്റർ നൗഷാദ് നാലകത്ത്, ഹെഡ്മിസ്ട്രസ് ഫാത്തിമ ഖൈറുന്നിസ, അഡ്മിനിസ്ട്രേറ്റർ അലി ബുഖാരി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.