താണ്ടിയത് കനൽക്കാലങ്ങൾ; തടവറയിലെ ദുരിതങ്ങൾക്കറുതിയായി അഷ്റഫ് നാടണഞ്ഞു
text_fieldsദമ്മാം: പലതവണ വിമാനത്താവളത്തിൽനിന്ന് തിരിച്ചയക്കപ്പെട്ട അഷ്റഫിന് ഒടുവിൽ നാടണയാൻ ഭാഗ്യം. ദമ്മാം ഫൈസലിയ ജയിലിൽ രണ്ടര വർഷമായി കഴിഞ്ഞിരുന്ന തൃശൂർ, കുന്നംകുളം, തൊഴിയൂർ സ്വദേശി വെള്ളുത്തടത്തിൽ വീട്ടിൽ അഷ്റഫാണ് കടമ്പകൾ കടന്ന് കഴിഞ്ഞദിവസം നാട്ടിലേക്ക് മടങ്ങിയത്.
ശിക്ഷ കാലാവധി കഴിഞ്ഞും തടവിൽ കഴിയുന്ന അഷ്റഫിനെ സഹായിക്കാൻ ദമ്മാമിലെ കെ.എം.സി.സി രംഗത്തെത്തിയതാണ് ഒടുവിൽ തുണയായത്. ഇതിനു മുമ്പ് മൂന്നുതവണ ഇയാളെ വിമാനത്താവളത്തിൽനിന്ന് തിരികെ അയച്ചിരുന്നു. ഇതിനെക്കുറിച്ച് 'ഗൾഫ് മാധ്യമം' നേരത്തേ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
റെന്റ് എ കാർ കമ്പനിയുമായുണ്ടായിരുന്ന സാമ്പത്തിക കേസ് ആയിരുന്നു അഷ്റഫിന്റെ അവസാന യാത്ര മുടക്കിയിരുന്നത്. ഈ തുക നൽകാൻ കെ.എം.സി.സി തയാറാവുകയും സാമൂഹിക പ്രവർത്തകൻ മണിക്കുട്ടന്റെ സഹായത്താൽ ഈ തുക കോടതിയിൽ കെട്ടിവെച്ചതോടെ കേസിൽനിന്ന് മോചനം സാധ്യമാവുകയുമായിരുന്നു. രണ്ടു മൂന്നു പേർ ചേർന്ന് നാട്ടിലേക്കുള്ള വിമാനടിക്കറ്റിന്റെ പണവും നൽകിയതോടെ അഷ്റഫിന്റെ മടക്കം യാഥാർഥ്യമായി.
കഴിഞ്ഞദിവസം എയർ അറേബ്യ വിമാനത്തിലാണ് കോഴിക്കോട്ടേക്ക് പോയത്. രണ്ടര വർഷം മുമ്പാണ് കേസിൽ അകപ്പെട്ട് അഷ്റഫ് ജയിലിലായത്. ഒന്നര വർഷത്തെ ശിക്ഷാ കാലാവധി കഴിഞ്ഞ് നാട്ടിലേക്കുള്ള യാത്രക്കായി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് അൽഖോബാർ കോടതിയിലെ ഒരു കേസ് പൊന്തിവന്നത്. കാറ് വാടകക്ക് എടുത്ത വകയിൽ പണമടക്കാനുള്ള കേസായിരുന്നു അത്.
6,000ത്തോളം റിയാലാണ് ആ വകയിൽ അടക്കാനുണ്ടായിരുന്നത്. അന്ന് നാട്ടിലുള്ള ഭാര്യ ബുഷ്റ ഇയാളുടെ സുഹൃത്തുക്കളെയും പരിചയക്കാരെയും ബന്ധപ്പെട്ട് ആ പണം സ്വരൂപിച്ച് കേസിൽനിന്ന് മുക്തമാക്കി. വീണ്ടും വിമാനത്താവളത്തിൽ എത്തിയപ്പോൾ താമസിച്ച ഫ്ലാറ്റിന്റെ വാടകക്കുടിശ്ശിക നൽകാത്തതിന്റെ പേരിലുള്ള കേസ് പൊങ്ങിവന്നു.
ആർഭാടങ്ങൾ മാത്രം കണ്ട് പ്രവാസത്തെ വിലയിരുത്തുന്നവർക്കുള്ള അനുഭവപാഠം കൂടിയാണ് അഷ്റഫിന്റെ ജീവിതമെന്ന് ഈ വിഷയത്തിൽ ഇടപെട്ട കെ.എം.സി.സി കിഴക്കൻ പ്രവിശ്യ പ്രസിഡന്റ് മുഹമ്മദ് കുട്ടി കോഡൂർ പറഞ്ഞു. തടവറയിൽനിന്ന് ഒരാളെ കൂടി ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ കഴിഞ്ഞത് നിറഞ്ഞ സന്തോഷമുണ്ടാക്കുന്നുവെന്ന് മണിക്കുട്ടൻ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.