ആദ്യ സൗദി വനിത പൈലറ്റിന്‍റെ ചിത്രം വരച്ച് വനിത ദിനാഘോഷം
text_fieldsറിയാദ്: സൗദിയിൽ വനിതകൾക്ക് വാഹനവുമായി നിരത്തിലിറങ്ങാൻ നിയമം അനുവദിക്കാത്ത കാലത്ത് വിമാനം പറത്താൻ ലൈസൻസ് സ്വന്തമാക്കിയ ക്യാപ്റ്റൻ ഹനാദി സക്കരിയ അൽഹിന്ദ് എന്ന സൗദി വനിതയുടെ ചിത്രം വരച്ച് ലോക വനിതദിനാഘോഷം. റിയാദ് ഹാരയിലെ സഫ മക്ക പോളിക്ലിനിക്കിലാണ് ഇങ്ങനെ വേറിട്ട നിലയിൽ വനിത ദിനാഘോഷം സംഘടിപ്പിച്ചത്.
സൗദിയിൽ വനിതകൾക്ക് ഡ്രൈവിങ് ലൈസൻസ് അനുവദിക്കുന്നതിനും ഒന്നരപ്പതിറ്റാണ്ട് മുമ്പ് വിമാനം പറത്താൻ പരിശീലനം നേടിയിറങ്ങിയ ഹനാദി പിന്നീട് സൗദി അറേബ്യക്കുള്ളിൽ വിമാനം പറത്താനുള്ള ലൈസൻസും സ്വന്തമാക്കി. പൊതുബോധം അസാധ്യമാണെന്ന് മുദ്രകുത്തപ്പെട്ടതിനെ സാധ്യമാക്കിയ ഹനാദിയെ പോലുള്ളവരുടെ കഠിനാധ്വാനത്തിന്‍റെ ചരിത്രം പറയലാണ് വനിതദിനത്തിലെ ക്രിയാത്മക ആഘോഷം എന്ന ബോധ്യത്തിലാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകർ പറഞ്ഞു.
റിയാദിലെ അറിയപ്പെടുന്ന ചിത്രകാരി കണ്ണൂർ ചൊവ്വ സ്വദേശി ഷിനു നവീനാണ് ചിത്രം വരച്ചത്. ക്ലിനിക്കിലെ ഡോക്ടർമാരും നഴ്‌സുമാരും മറ്റ് മെഡിക്കൽ പാരാ മെഡിക്കൽ ജീവനക്കാരും ചേർന്ന് കേക്ക് മുറിച്ചും ക്ലിനിക്കിലെത്തിയ സന്ദർശകർക്ക് മധുരം പങ്കിട്ടും ആഘോഷത്തിൽ പങ്ക് ചേർന്നു. ഡോക്ടർമാരായ അസ്മ ഫാത്തിമ, ഫൈറോസ പാലോജി, റോമാന അസ്‌ലം, ഓഫിസ് ജീവനക്കാരായ അമീറ മുഹമ്മദ്, അറീജ്, സാറ, കുലൂദ്, നൂഹ, ഹാത്തെ ഹാദി, സമീറ, ഷാഹിദ എന്നിവരോടൊപ്പം നഴ്സുമാരായ സിജി, ജിഞ്ചു, മറിയാമ്മ, ആതിര, സജിത, മോനിഷ, നജ്മ, ഷാഹിദ, ബെഞ്ചാലി, ഷൈ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.