93ാം സൗദി ദേശീയദിനത്തിന് സമര്‍പ്പണം: ലുലു ‘ഏരിയൽ’ പാക്കറ്റുകൾ കൊണ്ടൊരുക്കിയ ‘93’ കൂറ്റൻ ശീർഷകത്തിന് ഗിന്നസ് റെക്കോഡ്
text_fieldsറിയാദ്: 93-ാമത് സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ ഏറ്റവും വലിയ ഉപഭോക്തൃ ശൃംഖലയായ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, പ്രമുഖ ബ്രാൻഡ് ഉല്പന്ന നിര്‍മാതാക്കളായ പ്രോക്ടര്‍ ആൻഡ് ഗാമ്പിള്‍ (ഇസ്മാഈല്‍ അബൂദാവൂദ്) കമ്പനിയുമായി കൈകോര്‍ത്ത് സൃഷ്ടിച്ച റിയാദിലെ പുൽമൈതാനിയിൽ ഏരിയല്‍ ഡിറ്റര്‍ജൻറ് പാക്കറ്റുകൾ അടുക്കിവെച്ച് ഒരുക്കിയ ‘93’ എന്ന കൂറ്റന്‍ ശീര്‍ഷകം നിലവിലെ ലോക റെക്കോഡുകളുടെ ഗിന്നസ് പട്ടിക തകര്‍ത്ത് പുതിയ പദവി കരസ്ഥമാക്കി.
പാംപേഴ്സ്, ടൈഡ്, ഏരിയര്‍, ഹെര്‍ബല്‍ എസ്സെന്സുകള് തുടങ്ങിയവരുടെ ഉല്പാദകരായ പി.ആൻഡ്.ജി കമ്പനിയുമായി ചേര്‍ന്ന് സൗദിയില്‍ ഇതിനകം 33 ഹൈപ്പര്‍മാര്‍ക്കറ്റുകളുമായി വിജയക്കുതിപ്പ് നടത്തുന്ന ലുലു, 16,494 ഏരിയല്‍ ഡിറ്റര്‍ജൻറ് പാക്കറ്റുകളാണ് കമനീയവും നയനാനന്ദകരവുമായ രീതിയില്‍ 93-ാം ദേശീയദിനത്തിന്റെ നിറവിനെ പ്രതീകവത്കരിച്ചുകൊണ്ട് 93 എന്ന രൂപത്തില്‍ ആകര്‍ഷകമായി അടുക്കിവെച്ച് ഗിന്നസ് വിധികര്‍ത്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയതും നിലവിലെ ഇത്തരത്തിലെ 12,235 എന്ന മുൻ റെക്കോഡ് ഭേദിച്ചതും.
കാലിഫോർണിയയിലെ 99 സെൻറ്സ് ഒൺലി സ്റ്റോറിന്റെ 2018 ലെ റെക്കോഡാണ് ഇപ്പോൾ തിരുത്തപ്പെട്ടത്. ഏറ്റവും വലിയ പാക്കേജ് പ്രോഡക്ടുകളുടെ ഡിസ്പ്ലേക്കാണ് ലുലുവിനും പി.ആൻഡ്.ജിക്കും ഈ ബഹുമതി ലഭിച്ചത്. റിയാദ് അല്‍അവാല്‍ പാർക്ക് സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രശസ്ത സൗദി സെലിബ്രിറ്റി താരം യൂസുഫ് അല്‍ ജാറ മുഖ്യാതിഥിയായി. ഗിന്നസ് റെക്കോഡ് വിധികര്‍ത്താക്കളുടെ സാന്നിധ്യത്തിലായിരുന്നു വ്യത്യസ്തമായ ഈ ഡിസ്പ്ലേയുടെ പ്രദര്‍ശനം.
സൗദിയുടെ ദേശീയ ദിനത്തിനോടും സൗദി വികസനക്കുതിപ്പിനോടുമുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് 6,000 ഏരിയല്‍ ഡിറ്റര്‍ജൻറ് പാക്കറ്റുകള്‍ അല്‍ബിര്‍ ചാരിറ്റി മുഖേന നിര്‍ധനര്‍ക്ക് വിതരണം ചെയ്തു. അവശേഷിക്കുന്ന 10,000 പാക്കറ്റുകള്‍ സൗദി ദേശീയ ദിനമായ നാളെ (സെപ്റ്റംബര്‍ 23)ന് റിയാദിലെ ലുലുവിലെത്തുന്ന ആദ്യ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുമെന്ന് ലുലു മാനേജ്മെൻറ് അറിയിച്ചു.
പ്രമുഖ ഇൻസ്റ്റലേഷന് ആർട്ടിസ്റ്റ് ഡാവിഞ്ചി സുരേഷാണ് ഈ ഡിസ്പ്ലേ ഇത്രയും മനോഹരമായി സജ്ജീകരിച്ചത്. കേരളത്തിനകത്തും പുറത്തും പ്രസിദ്ധമായ നിരവധി ടൈറ്റിൽ മാതൃകകൾ സൃഷ്ടിച്ച് പേരെടുത്തിട്ടുള്ള ഡാവിഞ്ചി സുരേഷിന്റെ രചനക്ക് ലഭിക്കുന്ന ആദ്യ ലോക റെക്കോഡ് കൂടിയാണിത്.
‘രാജ്യത്തിന്റെ 93-ാം ദേശീയദിനത്തില്‍ ഇത്തരമൊരു അപൂര്‍വ ബഹുമതിക്ക് ലുലു അര്‍ഹമായതില്‍ ഞങ്ങള്‍ അതീവ സന്തുഷ്ടരാണെന്ന് സൗദി ഡയറക്ടര്‍ ഷഹീം മുഹമ്മദ് പറഞ്ഞു. സൗദി ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ഈ വര്ണപ്പകിട്ടാര്ന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ അത്യധികം ആഹ്ലാദമുണ്ടെന്ന് പ്രമുഖ ടി.വി കൊമേഡിയന്‍ താരം യൂസുഫ് അല്‍ജാറ വ്യക്തമാക്കി.
അല്‍ബീര്‍ ചാരിറ്റി അസിസ്റ്റൻറ് സെക്രട്ടറി ജനറല്‍ ഫഹദ് അല്‍ നഷ്വാനും ലുലുവിന്റെയും പി.ആൻഡ്.ജിയുടെയും സംരംഭത്തെ പ്രശംസിച്ചു. ലുലു സൗദി ഡയറക്ടര്‍ ഷഹീം മുഹമ്മദ്, പി.ആൻഡ്.ജി സൗദി ഗവേണിങ് ആൻഡ് പോളിസി സീനിയര്‍ ഡയറക്ടര്‍ തുര്‍ക്കി ബിന്‍ മുഹമ്മദ് എന്നിവരാണ് ഡിസ്പ്ലേ ഔപചാരികമായി ഉ്ദഘാടനം ചെയ്തത്.
‘ഞങ്ങൾ സ്വപ്നം കാണുന്നു, നേടുന്നു’
ജിദ്ദ: ഈ വർഷത്തെ ദേശീയദിനാഘോഷം ‘ഞങ്ങൾ സ്വപ്നം കാണുന്നു, നേടുന്നു’ എന്ന ശീർഷകത്തിലാണ് അരങ്ങേറുന്നത്. ഒരു കാലത്ത് ‘സ്വപ്നം’ ആയിരുന്ന പലതും ‘സഫലമാക്കി’ രാജ്യത്തിന്റെ ചരിത്രനേട്ടങ്ങളാക്കി തങ്കലിപികളിൽ രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ ദേശീയദിനത്തിന് തെരഞ്ഞെടുത്ത ഈ ശീർഷകം തീർത്തും അർഥപൂർണമാണ്. എല്ലാ തലങ്ങളിലും അഭൂതപൂർവമായ നേട്ടങ്ങൾക്കാണ് സൗദി അറേബ്യ അടുത്തിടെ സാക്ഷ്യംവഹിച്ചത്.
മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ രാജ്യം റെക്കോഡ് വളർച്ച കൈവരിക്കുകയും പൗരന്മാരുടെ ജീവിതനിലവാരം ഉയരുകയും ആരോഗ്യകരമായ ജീവിതശൈലി കെട്ടിപ്പടുക്കുന്നതിൽ വലിയ മുന്നേറ്റം സാധ്യമാക്കുകയും ചെയ്തു. തൊഴിൽ വിപണിയിൽ സ്ത്രീ ശാക്തീകരണം വർധിപ്പിക്കുന്നതിന് പുറമെ ജനങ്ങൾക്ക് മികച്ച വിദ്യാഭ്യാസ അവസരങ്ങളും ആരോഗ്യ സേവനങ്ങളും നൽകാനും കഴിഞ്ഞു.
രാജ്യത്തെ കായിക വിനോദത്തിന്റെ നില മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്പോർട്സ് ക്ലബുകൾക്കായി നിക്ഷേപ പദ്ധതി ഈ വർഷം ആരംഭിച്ചു. ലോകപ്രശസ്തരായ ഫുട്ബാൾ താരങ്ങൾ സൗദി ടീമിന്റെ ഭാഗമായി. സ്പോർട്സിൽ സൗദി അറേബ്യ ലോകം ഉറ്റുനോക്കുന്ന രാജ്യമായി മാറി. സാമ്പത്തിക തലത്തിൽ സൗദി പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടിന്റെ ആസ്തി 2015 അവസാനത്തിൽ 570 ശതകോടി റിയാലിൽനിന്ന് കഴിഞ്ഞ വർഷം അവസാനത്തോടെ 2.23 ലക്ഷം കോടി റിയാലായി ഉയർത്തുന്നതിൽ സൗദി അറേബ്യ വിജയിച്ചു. ഇത് ആഗോള തലത്തിൽ വ്യത്യസ്തമായ വളർച്ചയെയാണ് സൂചിപ്പിക്കുന്നത്.
രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ വൈവിധ്യമാർന്ന പരിപാടികളാണ് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സൗദി വിനോദ അതോറിറ്റി ഒരുക്കിയിരിക്കുന്നത്. സൈനിക മാർച്ച്, ഡ്രോൺ പ്രകടനം, എയർഷോ, സംഗീത ബാൻഡുകൾ, കരിമരുന്ന് പ്രയോഗം, സംഗീതക്കച്ചേരി, ചരിത്രപ്രദർശനം, മത്സര പരിപാടികൾ എന്നിവ മുഖ്യപരിപാടികളിലുൾപ്പെടും. കൂടാതെ വിവിധ സർക്കാർ, സ്വകാര്യ ഏജൻസികൾക്ക് കീഴിലും വിവിധ പരിപാടികൾ നടന്നുവരുകയാണ്. ആകർഷകമായ കിഴിവുകളും ഓഫറുകളും വിവിധ സ്ഥാപനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. അതത് മുനിസിപ്പാലിറ്റികളും ദേശീയാഘോഷത്തിന്റെ ഭാഗമായി വമ്പിച്ച പരിപാടികൾ ഒരുക്കിയിട്ടുണ്ട്. നാല് ദിവസം മുേമ്പ ആരംഭിച്ച ദേശീയ ആഘോഷപരിപാടികൾ ഈ മാസം അവസാനം വരെ നീളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.