ധീരജിന്റെ കൊലപാതകത്തിൽ കേളി കലാസാംസ്കാരിക വേദി പ്രതിഷേധിച്ചു
text_fieldsറിയാദ്: ഇടുക്കി എൻജിനീയറിങ് കോളജിലെ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തിൽ റിയാദിലെ കേളി കലാസാംസ്കാരിക വേദി ശക്തമായി പ്രതിഷേധിച്ചു. കെ.എസ്.യു - യൂത്ത് കോൺഗ്രസ് സംഘമാണ് ധീരജിനെ നിഷ്ഠൂരമായി കുത്തിക്കൊലപ്പെടുത്തിയത്. വലതുപക്ഷവും മതതീവ്രവാദ പ്രസ്ഥാനങ്ങളും ഇടതുപക്ഷ പ്രവർത്തകർക്കുനേരെ അടുത്തകാലത്തായി നടത്തുന്ന കൊലപാതക പരമ്പരകൾ മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് കേളി സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയിൽ പറഞ്ഞു. ഇത്തരം ഏകപക്ഷീയമായ അക്രമങ്ങൾ ആവർത്തിക്കുമ്പോഴും ഇടതുപക്ഷ പ്രവർത്തകരുടെ തികഞ്ഞ സംയമനം മൂലമാണ് കേരളം കലാപഭൂമിയായി മാറാതിരിക്കുന്നത്. ഇത്തരം കൊലകളെ വെള്ളപൂശുന്ന വലതുപക്ഷ നേതൃത്വത്തിന്റെ നിലപാടുകളാണ് ഇങ്ങനെയുള്ള അക്രമ-കൊലപാതക പരമ്പരകൾ തുടരുന്നതിന് വലതുപക്ഷ അണികൾക്ക് പ്രചോദനമാവുന്നത്. ഇടതുപക്ഷ പ്രവർത്തകർ കൊല്ലപ്പെടുമ്പോൾ കേരളത്തിലെ മുഖ്യധാര മാധ്യമങ്ങൾ പുലർത്തുന്ന നിസ്സംഗതയും വാർത്താതമസ്കരണവും കൊലപാതക സംഘങ്ങൾക്ക് എന്നും സഹായകമായിട്ടുണ്ട്. ധീരജിന്റെ കൊലപാതകത്തിൽ ഉൾപ്പെട്ടവരെയും അതിന് ഗൂഢാലോചന നടത്തിയ മുഴുവനാളുകളെയും നിയമത്തിന്റെ മുന്നിൽ എത്തിക്കണമെന്നും കേരളത്തിലെ സമാധാന ജീവിതം തകർക്കാനുള്ള വലതുപക്ഷത്തിന്റെ ശ്രമങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും കൊലചെയ്യപ്പെട്ട ധീരജിന് അന്തിമാഭിവാദ്യം അർപ്പിക്കുന്നതായും കേളി പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.