പെരുന്നാൾ ആഘോഷം; യാംബു ടൗൺ ഹെറിറ്റേജ് നഗരിയിൽ സൗദി പാരമ്പര്യ കലാപ്രകടനം
text_fieldsയാംബു ടൗൺ ഹെറിറ്റേജ് നഗരിയിൽ പെരുന്നാൾ ആഘോഷത്തോടനുബന്ധിച്ച് നടന്ന വിവിധ പരിപാടികൾ
യാംബു: ചെറിയ പെരുന്നാൾ ആഘോഷത്തോടനുബന്ധിച്ച് യാംബുവിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. ടൗണിലുള്ള ഹെറിറ്റേജ് പാർക്കിൽ പ്രത്യേക സാംസ്കാരിക പരിപാടികൾ ആഘോഷത്തോടനുബന്ധിച്ച് ഒരുക്കിയിരുന്നു. യാംബു മുനിസിപ്പാലിറ്റി അധികൃതരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വർണാഭമായ സാംസ്‌കാരിക പരിപാടികൾ കാണാൻ സ്വദേശി കുടുംബങ്ങളുടെയും പ്രവാസികളുടെയും വർധിച്ച സാന്നിധ്യമാണ് ഉണ്ടായത്.
സൗദി പാരമ്പര്യ കലകളും അറേബ്യൻ നാടോടി പാട്ടുകളും വാദ്യമേളകളും കോർത്തിണക്കിയുള്ള പൈതൃക പരിപാടികളുടെ 'ഈദ് നൈറ്റ്' യാംബു ഗവർണർ സാദ് ബിൻ മർസൂഖ് അൽ സുഹൈമി ആണ് ഉദ്‌ഘാടനം ചെയ്തത്. ഡെപ്യൂട്ടി ഗവർണർ സലീം അവാദ് അൽ സിനാനി, മേയർ എൻജിനീയർ യാസർ ജാരിദ് അൽ രിഫാഇയും വിവിധ സർക്കാർ വകുപ്പുകളുടെ മേധാവികളും പരിപാടിയുടെ ഉദ്‌ഘാടന ചടങ്ങിൽ സംബന്ധിച്ചു.
യാംബു ഗവർണർ സാദ് ബിൻ മർസൂഖ് അൽ സുഹൈമി ടൗണിലെ അൽ സുലൈബാനി ജാമിഅ കബീർ പള്ളിയിൽ പെരുന്നാൾ നമസ്കാരത്തിനെത്തിയപ്പോൾ
പെരുന്നാൾ ദിവസം യാംബുവിൽ മഴ മുന്നറിയിപ്പ് ഉണ്ടായതിനാൽ ഈദ് ഗാഹുകളിലെ പെരുന്നാൾ നമസ്കാരം സുരക്ഷയുടെ ഭാഗമായി ഇത്തവണ അധികൃതർ ഒഴിവാക്കിയിരുന്നു. യാംബു ഗവർണറും ഉയർന്ന ഉദ്യോഗസ്ഥരുമെല്ലാം വിശ്വാസികൾക്കൊപ്പം ടൗണിലെ അൽ സുലൈബാനി ജാമിഅ കബീർ പള്ളിയിലാണ് ഇത്തവണ പെരുന്നാൾ നമസ്കാരം നിർവഹിച്ചത്.
പ്രാർഥനക്ക് ശേഷം യാംബു ഗവർണർ വിശ്വാസികൾക്ക് പെരുന്നാൾ ആശംസകൾ കൈമാറി. യാംബു ടൗൺ ഇസ്‌ലാമിക് സെന്ററി ന്റെ (ജാലിയാത്ത്) ആഭിമുഖ്യത്തിൽ പ്രത്യേകം തയ്യാറാക്കിയ ഇഫ്‌താർ ടെന്റിൽ പെരുന്നാൾ രാവിൽ വിവിധ പരിപാടികളും ഒരുക്കിയിരുന്നു.
യാംബു റോയൽ കമീഷൻ ഇവന്റസ് ഗാർഡനിൽ ആഘോഷാത്തോടനുബന്ധിച്ച് വ്യാഴാഴ്‌ച വരെ വൈവിധ്യമാർന്ന പരിപാടികളുമായി 'ഏഷ്യൻ പാർക്ക് എന്റർടൈൻമെന്റ് ഫെസ്റ്റിവൽ' അരങ്ങു തകർക്കുകയാണ്. വൈകുന്നേരങ്ങളിൽ 7മണി മുതൽ 11.30 വരെ വ്യാഴാഴ്ച വരെ ഫെസ്റ്റിവൽ തുടരും. വിവിധ ഇടങ്ങളിൽ നടന്ന പെരുന്നാൾ പരിപാടികൾ ആസ്വദിക്കാൻ മലയാളികളടക്കമുള്ള സന്ദർശകരുടെ നല്ല തിരക്കാണ് എല്ലായിടത്തും പ്രകടമായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.