ആറാമത് ഇന്‍റർ കേളി ഫുട്ബാളിൽ ഉമ്മുൽ ഹമാം ടീം ജേതാക്കൾ
text_fieldsറിയാദ്: കേളി കലാസാംസ്‌കാരിക വേദിയുടെ 21ാം വാർഷികത്തോടനുബന്ധിച്ചു നടന്ന ഇന്‍റർ കേളി ഫുട്ബാൾ ടൂർണമെന്‍റിൽ ടീം ഉമ്മുൽ ഹമാം ജേതാക്കളായി. റിയാദിലെ അൽ ഇസ്‌കാൻ ഗ്രൗണ്ടിൽ, ഒൻപത് ടീമുകളുടെയും മാർച്ച് പാസ്റ്റോടെ തുടക്കം കുറിച്ച ടൂർണമെന്‍റിൽ കേളി രക്ഷാധികാരി ആക്ടിങ് സെക്രട്ടറി സതീഷ് കുമാർ സല്യൂട്ട് സ്വീകരിക്കുകയും തുടർന്ന് കിക്കോഫ് നടത്തി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.
പ്രസിഡന്‍റ് ചന്ദ്രൻ തെരുവത്ത് അധ്യക്ഷത വഹിച്ചു. ആക്ടിങ് സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞു. പ്രഥമ റൗണ്ടിലെ ഗ്രൂപ്പ് ജേതാക്കളായ ബത്ഹ ബ്ലാസ്റ്റേഴ്‌സ്, ഫാൽക്കൺ അൽഖർജ്, അൽ അർക്കാൻ മലസ് എന്നിവർ നേരിട്ടും ഗോൾ ശരാശരിയിൽ ടീം ഉമ്മുൽ ഹമാമും സെമിയിൽ പ്രവേശിച്ചു. ആദ്യ സെമിയിൽ ടീം ഉമ്മുൽ ഹമാം ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബത്ഹ ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി ഫൈനലിൽ കടന്നപ്പോൾ രണ്ടാം സെമി ഗോൾരഹിത സമനിലയിൽ അവസാനിക്കുകയും പെനാൽട്ടി ഷൂട്ടൗട്ടിലൂടെ അൽ അർക്കാൻ മലസിനെ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് പരാജയപ്പെടുത്തി ഫാൽക്കൺ അൽ ഖർജ് ഫൈനൽ ബർത്ത് ഉറപ്പിച്ചു.
ഫൈനൽ മത്സരത്തിൽ എ ടു സെഡ് ദുബൈ മാർക്കറ്റ് മനേജർ നവാസ്, കേളി രക്ഷാധികാരി സമിതി ആക്ടിങ് സെക്രട്ടറി സതീഷ് കുമാർ, സ്‌പോട്‌സ് കമ്മിറ്റി ആക്ടിങ് ചെയർമാൻ റിയാസ് പള്ളാട്ട്, സ്പോർട്സ് കമ്മിറ്റി അംഗം സെയ്ദ് എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു. ഫൈനൽ മൽസരത്തിൽ രണ്ടാം പകുതിയിലെ നാലാം മിനുട്ടുൽ അഷ്ഫാഖ് നേടിയ ഏകപക്ഷീയ ഗോളിനാണ് ടീം ഉമ്മുൽ ഹമാം ജേതാക്കളായത്.
ടൂർണമെന്‍റിലെ നല്ല ഗോൾകീപ്പറായി മൊയ്‌തു (ഫാൽക്കൺ അൽഖർജ്), നല്ല കളിക്കാരനായി റാഷിദ് (ഫാൽക്കൺ അൽഖർജ്), ടോപ്പ് സ്‌കോറർ ആയി ജിഷാദ് (ബത്ഹ ബ്ലാസ്റ്റേഴ്‌സ്), നല്ല ഡിഫൻഡർ ആയി ജനീദ് (ബത്ഹ ബ്ലാസ്റ്റേഴ്‌സ്), ഫൈനലിലെ നല്ല കളിക്കാരനായി അഷ്ഫാഖ് (ടീം ഉമ്മുൽ ഹമാം) എന്നിവരെ തെരഞ്ഞെടുത്തു. വിജയികൾക്കുള്ള ട്രോഫിയും മെഡലുകളും ജനുവരി ഏഴിന് നടക്കുന്ന കേളിദിന കലാപരിപാടികളുടെ സമാപന സമ്മേളനത്തിൽ വിതരണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.