ജുബൈൽ ഇന്ത്യൻ സ്കൂൾ പുതിയ പ്രിൻസിപ്പലായി ആർ.കെ. ആലംഗീർ ഇസ്ലാം
text_fieldsജുബൈൽ: ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ ജുബൈൽ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിന് സ്ഥിരം പ്രിൻസിപ്പൽ എത്തുന്നു. പശ്ചിമബംഗാൾ സ്വദേശിയായ ആർ.കെ. ആലംഗീർ ഇസ്ലാം പുതിയ പ്രിൻസിപ്പലായി ഞായറാഴ്ച സ്ഥാനം ഏറ്റെടുക്കും. കഴിഞ്ഞ ദിവസം സ്കൂളിൽ നടന്ന അനുമോദന ചടങ്ങിൽ താൽക്കാലിക പ്രിൻസിപ്പൽ മഞ്ജുഷ ചിറ്റാലെ അദ്ദേഹത്തെ സദസ്സിന് പരിചയപ്പെടുത്തി.
നിലവിൽ ദമ്മാം ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിന്റെ പരീക്ഷ കൺട്രോളറാണ് ആർ.കെ. ആലംഗീർ. വിദ്യാഭ്യാസ മേഖലയിൽ വിവിധ തലങ്ങളിലായി 25 വർഷത്തെ പ്രവർത്തനപരിചയമുള്ള അദ്ദേഹം ദമ്മാം ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ ഉൾപ്പെടെ പ്രമുഖ വിദ്യാലയങ്ങളിൽ പ്രിൻസിപ്പലായും വൈസ് പ്രിൻസിപ്പലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അധ്യാപകർക്കും വിദ്യാർഥികൾക്കും വേണ്ടി പല സെമിനാറുകൾക്കും പരിശീലന കളരികൾക്കും നേതൃത്വം നൽകി. 2013ൽ സന്നദ്ധ സേവനത്തിന് മുൻ അംബാസഡർ ഹാമിദ് അലി റാവുവിൽനിന്ന് പ്രശംസാപത്രവും ലഭിച്ചിട്ടുണ്ട്. 2010ലാണ് അദ്ദേഹം സൗദി അറേബ്യയിൽ തന്റെ പ്രവർത്തനം ആരംഭിക്കുന്നത്. നോർത്ത് ബംഗാൾ യൂനിവേഴ്സിറ്റിയിൽനിന്ന് ഇക്കണോമിക്സിൽ മാസ്റ്റർ ബിരുദവും അണ്ണാമലൈ യൂനിവേഴ്സിറ്റിയിൽനിന്ന് ബി.എഡും നേടിയിട്ടുണ്ട്.
2019ൽ ഡോ. സയ്ദ് ഹമീദ് വിരമിച്ചശേഷം 6,000ത്തോളം വിദ്യാർഥികൾ പഠിക്കുന്ന ജുബൈൽ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിന് സ്ഥിരം പ്രിൻസിപ്പൽ ഇല്ലാത്തത് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വലിയ ആശങ്കകൾക്ക് വഴിവെച്ചിരുന്നു. മുൻ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയും നിരവധി തവണ ഈ വിഷയം എംബസിയുടെയും ഹയർ ബോർഡിന്റെയും ശ്രദ്ധയിൽപെടുത്തിയെങ്കിലും അനുകൂല നടപടികൾക്ക് കാലതാമസം നേരിടുകയായിരുന്നു. ഈ കാലയളവിൽ നിലവിലെ പ്രിൻസിപ്പൽ മഞ്ജുഷ ചിറ്റാലെ ഉൾപ്പെടെ രണ്ടു താൽക്കാലിക പ്രിൻസിപ്പൽമാരും സ്കൂളിനെ നയിച്ചു.
ഏഴുമാസം മുമ്പ് നിലവിൽവന്ന പുതിയ മാനേജ്മെന്റ് കമ്മിറ്റി ഈ വിഷയത്തിൽ പ്രത്യേക താൽപര്യമെടുത്ത് സ്ഥിതിഗതികൾ എംബസിയെയും ഹയർ ബോർഡിനെയും ബോധ്യപ്പെടുത്തിയതോടെയാണ് എംബസി പുതിയ നിയമനം സാധ്യമാക്കിയത്. ഇതിനിടെ ഡോ. ജൗഷീദിനെ കാലാവധി തീരുന്നതിനുമുമ്പ് ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റിയതും കൂടുതൽ പരിചയവും യോഗ്യതയുമുള്ള സ്കൂളിലെ ഇതര അധ്യാപകരെ മറികടന്നുള്ള താൽക്കാലിക പ്രിൻസിപ്പൽ നിയമനവും രക്ഷിതാക്കളുടെ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. അധ്യയന വർഷം ആരംഭിച്ച് രണ്ടു മാസത്തിനു ശേഷവും പുസ്തക വിതരണം പൂർത്തിയാക്കാത്തതും വർധിച്ച കുട്ടികളുടെ എണ്ണത്തിന് ആപേക്ഷികമായി ക്ലാസ് മുറികളില്ലാത്തതും വിദ്യാഭ്യാസ നിലവാരത്തെ ബാധിക്കുമെന്ന് രക്ഷിതാക്കൾക്ക് ആശങ്കയുണ്ട്. മൂന്നു വർഷമായി ഒഴിഞ്ഞുകിടക്കുന്ന ആൺ, പെൺ വിഭാഗങ്ങളിലെ വൈസ് പ്രിൻസിപ്പൽ തസ്തികകളിലും എത്രയും വേഗം നിയമനങ്ങൾ നടക്കേണ്ടതുണ്ട്.
മുൻകാലങ്ങളെ അപേക്ഷിച്ച് ഇത്തവണ പത്താം ക്ലാസ് സി.ബി.എസ്.ഇ പരീക്ഷഫലങ്ങൾ നിരാശപ്പെടുത്തുന്നതായിരുന്നു. പുതിയ പ്രിൻസിപ്പലിന്റെ വരവോടെ സ്കൂളിന്റെ മുൻ പ്രൗഢിയും പാഠ്യ, പാഠ്യേതര നിലവാരവും വീണ്ടെടുക്കപ്പെടുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് വിദ്യാർഥികളും രക്ഷിതാക്കളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.