'മച്ചാന്മാർ'ക്കൊപ്പം ജുബൈൽ ലുലുവിൽ പായസ മത്സരം
text_fieldsദമ്മാം: ഓണാഘോഷ നിറവിൽ ജുബൈലിലെ പ്രവാസികൾക്ക് ആവേശം പകർന്ന് 'മച്ചാൻസ്' കല്ലുവും മാത്തുവും. ആർപ്പോവിളികളും ആശംസ മുദ്രാവാക്യങ്ങളും ഓണപ്പാട്ടുകളും പാടി ജനക്കൂട്ടം ഇരുവരെയും എതിരേറ്റതോടെ ലുലു ജുബൈലിൽ പായസമത്സരത്തിനായി ഒരുക്കിയ വേദി ആരവത്തിൽ മുങ്ങി. ലുലുവിനുവേണ്ടി 'ഗൾഫ് മാധ്യമ'മാണ് പായസമത്സരം സംഘടിപ്പിച്ചത്. 'ഗൾഫ് മാധ്യമ'ത്തിന്‍റെ ഫേസ്ബുക്ക് പേജിലുടെ രജിസ്റ്റർ ചെയ്തവരിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 15 പേരാണ് അവസാനവട്ട പോരാട്ടത്തിന് എത്തിയത്.
പായസത്തിന്‍റെ വൈവിധ്യങ്ങൾ ഒരുക്കി മത്സരാർഥികൾ വിധികർത്താക്കളെപ്പോലും അതിശയിപ്പിച്ചു. പച്ചമുളകും ഉള്ളിയും ചീരയും പാവക്കയും തുടങ്ങി വ്യത്യസ്ത രുചികൾ എടുത്തുപറഞ്ഞാണ് സെലിബ്രിറ്റി അവതാരകരായ രാജ് കലേഷും മാത്തുക്കുട്ടിയും വിധിനിർണയം പൂർത്തിയാക്കിയത്. പച്ചമുളകുകൊണ്ട് പായസമൊരുക്കിയ സുബീന മുനീർ ഒന്നാംസ്ഥാനം നേടി. പാവക്ക പായസമുണ്ടാക്കിയ ആയിഷ ഷെഹീനാണ് രണ്ടാംസ്ഥാനം. വിവിധ പഴങ്ങൾ ഉപയോഗിച്ച് പായസമുണ്ടാക്കിയ ആമിന കാനേഷ് മൂന്നാമതെത്തി. തുടർന്ന് കല്ലുവും മാത്തുവും വിവിധ ഗെയിമുകളും മാജിക്കുകളുമായി സദസ്സ് കൈയിലെടുത്തു.
ആർപ്പോവിളി മത്സരവുമായാണ് തുടക്കമിട്ടത്. മിക്കതിലും സ്ത്രീകളാണ് വിജയികളായത്. മത്സരങ്ങളിൽ വിജയിച്ചവർക്ക് അപ്പോൾതന്നെ സമ്മാനങ്ങളും നൽകി. മാറുന്ന സൗദിയുടെ മുഖം തങ്ങൾക്ക് ആവേശവും ആഹ്ലാദവും പകർന്നതായി കലേഷും മാത്തുക്കുട്ടിയും പറഞ്ഞു. കോവിഡ് കവർന്ന രണ്ടുവർഷങ്ങൾക്കുശേഷം എത്തിയ ഓണത്തിന്‍റെ ആഘോഷങ്ങൾ കല്ലുവും മാത്തുവും എത്തിയതോടെ ജുബൈലിലെ പ്രവാസി സമൂഹത്തിന് അവിസ്മരണീയമായി.
ലുലു റീജനൽ മാനേജർ സലാം സുലൈമാൻ, ജുബൈൽ ജനറൽ മാനേജർ ആസിഫ് ഹഖീം, സ്റ്റോർ മാനേജർ മുഹമ്മദ് തലാൽ, സെക്യൂരിറ്റി മാനേജർ അബ്ദുല്ല ഹാജിരി, ലുലു മാർക്കറ്റിങ് മാനേജർ സച്ചിൻ മുഹമ്മദ്, അസിസ്റ്റന്റ് മാർക്കറ്റിങ് മാനേജർ സജിത് എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഗൾഫ് മാധ്യമം പ്രതിനിധികളും ലുലു ജീവനക്കാരും പായസ മത്സരത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.