ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ കേളി അനുശോചിച്ചു
text_fieldsറിയാദ്: മുന്‍ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ വിയോഗത്തിൽ കേളി കലാ സാംസ്കാരിക വേദി അനുശോചനം രേഖപ്പെടുത്തി. ഭരണഘടനയോട് കൂറും ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടേയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നത്തിലും പ്രധാനമന്ത്രിയായിരിക്കെ ഡോ. മൻമോഹൻ സിങ് മികവ് പുലർത്തി. ഇടതുപക്ഷത്തിന്റെ പിന്തുണയോടെയുള്ള ഒന്നാം യു.പി.എ സര്‍ക്കാറിന്റെ കാലത്ത് ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം, വനാവകാശ നിയമം തുടങ്ങിയ സുപ്രധാന നിയമനിർമാണങ്ങള്‍ നടപ്പാക്കിയത് ഡോ. മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കെയാണ്.
റിസർവ് ബാങ്ക് ഗവർണറും, 1991 മുതൽ 2024 വരെ 6 തവണ രാജ്യസഭാ അംഗവുമായിരുന്ന അദ്ദേഹം ചുരുങ്ങിയ സമയമാണെങ്കിലും വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്ത വേളയിൽ രാജ്യത്തിന്റെ അന്തർ ദേശീയ ബന്ധങ്ങൾ കാത്തു സൂക്ഷിക്കാൻ ശ്രദ്ധിച്ചു. ധനകാര്യമന്ത്രി പദത്തിലിരിക്കുമ്പോൾ ഇന്ത്യൻ സാമ്പത്തിക മേഖലയിൽ നിരവധി പരിഷ്കാരങ്ങൾ നടപ്പാക്കിയിട്ടുണ്ട്. ആഗോളവത്കരണത്തിനും ഉദാരവത്കരണത്തിനും വാതിൽ തുറന്നു കൊടുത്ത അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ഇടതുപക്ഷ എതിർപ്പുകളെ ജനാധിപത്യ മര്യാദയിൽ പ്രതികരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചതായും കേളി സെക്രട്ടേറിയറ്റ് ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു. മൻമോഹൻ സിങ്ങിന്റെ വിയോഗത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തുന്നതായും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും കേളി സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.