ഖാദിമുൽ ഹറമൈൻ ഇഫ്താർ: ലോകത്തിന് കാരുണ്യത്തിന്‍റെ തേന്മഴ
text_fieldsജിദ്ദ: റമദാനിൽ ലോകത്തെ വിവിധ രാജ്യങ്ങളിൽ സൗദി അറേബ്യ കാരുണ്യത്തിന്‍റെ തേന്മഴ വർഷിക്കുന്നു. രാജ്യത്തിനകത്തും പുറത്തും പ്രയാസമനുഭവിക്കുന്ന ആളുകൾക്ക് സഹായമെത്തിക്കുന്ന സ്ഥിരം സംവിധാനങ്ങൾക്കൊപ്പം റമദാനിലും ലക്ഷക്കണക്കിന് ആളുകൾക്ക് ആശ്വാസമേകാൻ ആവിഷ്കരിച്ച 'ഖാദിമുൽ ഹറമൈൻ ഇഫ്താർ' പദ്ധതി മുന്നേറുകയാണ്. ഇസ്ലാമികകാര്യ വകുപ്പിന്‍റെയും കിങ് സൽമാൻ റിലീഫ് കേന്ദ്രത്തിന്‍റെയും സംയുക്ത സംരംഭമാണിത്. ഇഫ്താർ (നോമ്പുതുറ) വിഭവങ്ങളും മറ്റ് മാനുഷിക സഹായങ്ങളും വിവിധ രാജ്യങ്ങളിലെ സൗദി എംബസികൾ വഴി ആളുകൾക്ക് എത്തിക്കുന്ന പദ്ധതി ഈ വർഷവും വിപുലമായ രീതിയിൽതന്നെ നടപ്പാക്കിവരുകയാണ്. മാസങ്ങൾക്കുമുമ്പുതന്നെ ഇതിനായുള്ള പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. ടൺ കണക്കിന് ഈത്തപ്പഴവും ഭക്ഷ്യവിഭവങ്ങളും ലക്ഷക്കണക്കിന് മുസ്ഹഫുകളും വിതരണത്തിനായി വിവിധ രാജ്യങ്ങളിൽ എത്തിച്ചിട്ടുണ്ട്. ആയിരക്കണക്കിനാളുകളാണ് 'ഖാദിമുൽ ഹറമൈൻ ഇഫ്താർ' പദ്ധതിയുടെ ഗുണഭോക്താക്കൾ.
അർജൻറീനയിൽ 15,000 ഗുണഭോക്താക്കളെ ലക്ഷ്യമിട്ട ഇഫ്താർ പദ്ധതി കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. 1,700 ഭക്ഷ്യകിറ്റുകൾ അർജൻറീനയുടെ തലസ്ഥാനത്തും അതിന്‍റെ പ്രാന്തപ്രദേശങ്ങളിലും വിതരണം ചെയ്യാനാണ് പദ്ധതി. മലേഷ്യയിൽ 57 ടൺ ഈത്തപ്പഴമാണ് വിതരണം ചെയ്തുവരുന്നത്.
മദീനയിലെ കിങ് ഫഹദ് പ്രസിൽ അച്ചടിച്ച മലാവി ഭാഷയിലെ തർജമയടക്കം 46,000 മുസ്ഹഫുകളും വിതരണത്തിനായി എത്തിച്ചിട്ടുണ്ട്. മലേഷ്യയിൽ ഇഫ്താർ പദ്ധതിയുടെ ഉദ്ഘാടനം സൗദി അംബാസഡർ മഹ്മൂദ് ബിൻ ഹുസൈൻ ഖതാനിന്‍റെ സാന്നിധ്യത്തിൽ മലേഷ്യൻ പ്രധാനമന്ത്രി ദാത്തോ ഇസ്മാഈൽ സ്വബ്രി യഅ്ഖൂബ് ആണ് നിർവഹിച്ചത്. സൗദിയിൽനിന്നുള്ള വിലയേറിയതും വിലപ്പെട്ടതുമായ സമ്മാനമാണിതെന്ന് ഇഫ്താർ പദ്ധതി ഉദ്ഘാടന വേളയിൽ മലേഷ്യൻ പ്രധാനമന്ത്രി പറഞ്ഞു. ഈ സമ്മാനത്തിന് നന്ദിയും അഭിനന്ദനവും അറിയിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ, നേപ്പാൾ, ശ്രീലങ്ക, മാലദ്വീപ്, തായ്ലൻഡ്, നൈജീരിയ, സുഡാൻ, അൽബേനിയ, യമൻ, കൊസോവ, സെനഗൽ, പാകിസ്താൻ തുടങ്ങി ലോകത്തെ 34 രാജ്യങ്ങളിലാണ് ഇത്തവണ ഖാദിമുൽ ഹറമൈൻ ഇഫ്താർ പദ്ധതി നടപ്പാക്കിവരുന്നത്. ഏതാനും വർഷംമുമ്പ് ആരംഭിച്ച ഈ പദ്ധതിയുടെ ഉപഭോക്താക്കളുടെ എണ്ണം ഇതിനകം 11 ലക്ഷത്തോളം എത്തിയിട്ടുണ്ടെന്നാണ് ക
ണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.