കിങ് ഫൈസൽ ഫൗണ്ടേഷൻ ജേതാക്കളെ രാജ്യം ആദരിച്ചു
text_fieldsജുബൈൽ: ഈ വർഷത്തെ കിങ് ഫൈസൽ ഫൗണ്ടേഷൻ (കെ.എഫ്.എഫ്) പുരസ്കാര ജേതാക്കളെ സൗദി അറേബ്യ ആദരിച്ചു. സൽമാൻ രാജാവിന്റെ രക്ഷാകർതൃത്വത്തിൽ തിങ്കളാഴ്ച റിയാദിൽ നടന്ന ചടങ്ങിലാണ് ജേതാക്കൾ ആദരവ് ഏറ്റുവാങ്ങിയത്.
രാജാവിനെ പ്രതിനിധീകരിച്ച് റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ വിജയികൾക്ക് സമ്മാനങ്ങൾ കൈമാറി. ഇസ്ലാം, ഇസ്ലാമിക പഠനങ്ങൾ, അറബി ഭാഷ, സാഹിത്യം, വൈദ്യശാസ്ത്രം, ശാസ്ത്രം എന്നീ മേഖലകളിലെ മികച്ച നേട്ടങ്ങൾ പരിഗണിച്ചാണ് രാജ്യത്തെ പരമോന്നത ബഹുമതികളിലൊന്നായ കിങ് ഫൈസൽ ഫൗണ്ടേഷൻ അവാർഡ് നൽകുന്നത്.
യു.എ.ഇ, മൊറോക്കോ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്നും ഒരാൾ വീതവും ബ്രിട്ടനിൽനിന്ന് രണ്ടും അമേരിക്കയിൽ നിന്ന് മൂന്നും പ്രതിഭകളാണ് പുരസ്കാരങ്ങൾ നേടിയത്. ചടങ്ങിൽ കോവിഡ് വാക്സിൻ ഡെവലപ്പർമാർ, നാനോ ടെക്നോളജി ശാസ്ത്രജ്ഞർ, അറബി ഭാഷ, സാഹിത്യം, ഇസ്ലാമിക പഠനങ്ങൾ, സേവനങ്ങൾ എന്നിവയിലെ പ്രമുഖരെയും പ്രത്യേകം ആദരിച്ചു. യു.എ.ഇയിലെ ശൈഖ് നാസർ ബിൻ അബ്ദുല്ലക്കും ദക്ഷിണ കൊറിയയിൽ നിന്നുള്ള പ്രഫ. ചോയ് യങ് കിൽ-ഹമെഡിനും സംയുക്തമായാണ് ഇസ്ലാമിക സേവനത്തിനുള്ള പുരസ്കാരം ലഭിച്ചത്. ഇസ്ലാമിക പഠനത്തിനുള്ള പുരസ്കാരം ബ്രിട്ടനിലെ പ്രഫ. റോബർട്ട് ഹില്ലെൻബ്രാൻഡിന് ലഭിച്ചു. അറബിക് ഭാഷക്കും സാഹിത്യത്തിനുമുള്ള പുരസ്കാരം മൊറോക്കോയിലെ പ്രഫ. അബ്ദുൽഫത്ത കിലിറ്റോയ്ക്ക് കൈമാറി.
അമേരിക്കയിലെ പ്രഫ. ഡാൻ ഹങ് ബറൂച്ചിനും ബ്രിട്ടനിൽ നിന്നുള്ള പ്രഫ. സാറ കാതറിൻ ഗിൽബെർട്ടിനും സംയുക്തമായാണ് വൈദ്യശാസ്ത്രത്തിനുള്ള പുരസ്കാരം ലഭിച്ചത്. ശാസ്ത്രത്തിനുള്ള പുരസ്കാരത്തിന് അമേരിക്കയിൽ നിന്നുള്ള പ്രഫ. ജാക്കി യിറുയിങ്ങും പ്രഫ. ചാഡ് അലക്സാണ്ടർ മിർക്കും അർഹരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.