ഹജ്ജ് തീർഥാടകരെ സൽമാൻ രാജാവ് സ്വാഗതം ചെയ്തു; തീർഥാടകർക്ക് ഏറ്റവും മികച്ച സേവനങ്ങൾ നൽകാൻ നിർദേശം
text_fieldsജിദ്ദ: വിവിധ രാജ്യങ്ങളിൽ നിന്ന് ഹജ്ജിനായി പുണ്യഭൂമിയിലെത്തുന്ന തീർഥാടകർക്ക് ഏറ്റവും മികച്ച സേവനങ്ങൾ നൽകണമെന്ന് നിർദേശിച്ച് സൽമാൻ രാജാവ്. ചൊവ്വാഴ്ച ജിദ്ദയിൽ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഹജ്ജ് സേവനത്തിലേർപ്പെടുന്ന വകുപ്പുകളോട് ഇക്കാര്യം നിർദേശിച്ചത്.
ഹജ്ജ് നിർവഹിക്കാൻ സൗദിയിലെത്തിയ വിവിധ രാജ്യക്കാരായ തീർഥാടകരെ സൽമാൻ രാജാവ് സ്വാഗതം ചെയ്തു. രാജ്യത്തെ വിവിധ തുറമുഖങ്ങളിലും മക്ക, മദീന, പുണ്യസ്ഥലങ്ങളിലും തീർഥാടകർക്ക് ഏറ്റവും മികച്ച നടപടിക്രമങ്ങളും ഉയർന്ന നിലവാരമുള്ള സേവനങ്ങളും നൽകുന്നത് ബന്ധപ്പെട്ട എല്ലാ വകുപ്പുകളും തുടരണമെന്നും നിർദേശിച്ചു. മസ്ജിദുൽ ഹറാമും മസ്ജിദുന്നബവിയും സന്ദർശിക്കുന്നവർക്ക് സേവനം നൽകുന്നതും അവരെ പരിപാലിക്കുന്നതും സുഖസൗകര്യങ്ങൾ ഉറപ്പാക്കുന്നതും രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മുൻഗണനകളിലൊന്നാണ്. അതിന് വലിയ പ്രധാന്യമാണ് ഭരണകൂടം നൽകിവരുന്നത്. ആ ദൗത്യം പൂർണമായി നിർവഹിക്കാൻ ഏവർക്കും കഴിവും ആരോഗ്യവും ദൈവം നൽകണട്ടെയെന്നും സൽമാൻ രാജാവ് പറഞ്ഞു.
സൗദിയും വിവിധ രാജ്യങ്ങളും തമ്മിൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ടെലിഫോൺ കാളുകളും ചർച്ചകളും മന്ത്രിസഭാ അവലോകനം ചെയ്തു. പ്രാദേശിക, അന്തർദേശീയ രംഗത്തെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ചർച്ച ചെയ്തു. ഫലസ്തീൻ രാഷ്ട്രത്തിന് യു.എന്നിൽ പൂർണ അംഗത്വം നൽകുന്നതിനെ പിന്തുണക്കുന്ന പ്രമേയം വൻഭൂരിപക്ഷത്തോടെ അംഗീകരിച്ചതിനെ മന്ത്രിസഭ സ്വാഗതം ചെയ്തു. ഫലസ്തീനിലെ ഇസ്രായേൽ സൈനിക മുന്നേറ്റവും നിരായുധരായ സിവിലിയന്മാർക്കും മാനുഷിക, ദുരിതാശ്വാസ സംഘടനകളിലെ ജോലിക്കാർക്കുമെതിരെ നടത്തുന്ന ലംഘനങ്ങളും തടയേണ്ടതിന്റെ പ്രധാന്യവും മന്ത്രിസഭ ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.