മദീന ഇന്ത്യൻ ഫുട്ബാൾ ചാമ്പ്യൻസ് ലീഗ്; വിസിലൂതാൻ അഖിലേന്ത്യ സെവൻസ് റഫറിമാരും
text_fieldsമദീന: പ്രവാസ ഭൂമിയിലെ കളിയാവേശത്തിന്റെ അലകടലിരമ്പുന്ന പ്രകാശപൂരിതമായ സെവൻസ് മൈതാനങ്ങളിൽ അതിമിടുക്കോടെ വിസിലൂതി ഫുട്ബാൾ പ്രേമികളുടെ ഹൃദയങ്ങളിലേക്ക് ഡ്രിബളടിച്ച് കയറുകയാണ് കേരളത്തിൽ നിന്നെത്തിയ അഖിലേന്ത്യ സെവൻസിനെ നിയന്ത്രിക്കുന്ന റഫറിമാർ. മദീന ഇന്ത്യൻ ഫുട്ബാൾ അസോഷിയേഷന്റെ (മിഫ) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്കായാണ് നാട്ടിൽനിന്നും അഖിലേന്ത്യ സെവൻസ് ഫെഡറേഷൻ അംഗങ്ങളായ ശിഹാബുദ്ദീൻ ചേളാരി, ഹബീബ് കോട്ടക്കൽ, മുജീബുറഹ്മാൻ അരീക്കോട് എന്നിവർ മദീനയിലെത്തിയത്.
കേരളത്തിലും പുറത്തുമായി ഒട്ടനേകം സെവൻസ് മൈതാനങ്ങളിൽ മത്സര പേരാട്ടങ്ങൾക്ക് വിസിലൂതിയിട്ടുണ്ടെങ്കിലും പ്രവാസലോകത്ത് ഇതാദ്യമായാണ് മൂവരും കളി നിയന്ത്രിക്കാനെത്തുന്നത്. കേരളത്തിലെ പോലെ തന്നെ പ്രവാസലോകത്തും കാൽപന്തുകളിയെ സ്നേഹിക്കുന്നവർ ഒട്ടേറെയാണെന്നിവർ പറയുന്നു. സ്വന്തം ഉപജീവനാർഥം മറ്റൊരു രാജ്യത്ത് എത്തുമ്പോഴും ഒട്ടും ആവേശം ചോരാതെ പാതിരാത്രികളിൽ പോലും ഫുട്ബാൾ മത്സരങ്ങളെ വീക്ഷിക്കാൻ സ്വന്തം കുടുംബത്തോടൊപ്പം ഒത്തുചേരുന്നവർ ഫുട്ബാൾ മത്സരങ്ങൾക്കും കായിക പ്രതിഭകൾക്കും പ്രവാസലോകത്ത് വലിയ പ്രോത്സാഹനവും പ്രചോദനവും നൽകുന്നത് ഇത്തരം കാഴ്ചകളിൽ മനസ്സറിഞ്ഞ സന്തോഷമുണ്ടെന്നവർ പറഞ്ഞു.
ഒരു മാസത്തോളമായി മദീനയിൽ നടക്കുന്ന മിഫ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലേക്ക് പ്രവേശിച്ചു. കലാ, സാംസ്കാരിക പരിപാടികളുടെ അകമ്പടികളോടെയാണ് വിവിധ മത്സരങ്ങൾ ആരംഭിക്കുന്നത്. മത്സരങ്ങൾ കാണാൻ കളി അവസാനിക്കുന്ന പുലർച്ചയോളം കുടുംബത്തോടൊപ്പം കാത്തിരിക്കുന്നതിലൂടെ പ്രവാസത്തിലെ ഫുട്ബാൾ മേളകൾ ആഘോഷരാവുകളാക്കി മാറ്റുകയുമാണ് കളിക്കമ്പക്കാരായ മദീനയിലെ നൂറുകണക്കിന് ഫുട്ബാൾ പ്രേമികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.