സൗദിക്ക് നേരെ നടന്നത് 83 ബാലിസ്റ്റ്ക് മിസൈൽ ആക്രമണങ്ങൾ
text_fieldsറിയാദ്: 83 ബാലിസ്റ്റിക് മിസൈലാക്രമണങ്ങളാണ് യമനിലെ ഹൂതികൾ സൗദി അറേബ്യക്ക് നേരെ നടത്തിയതെന്ന് സഖ്യസേന വക്താവ് കേണൽ തുർകി ബിൻ സാലിഹ് അൽ മാലികി പറഞ്ഞു. ഇവയെല്ലാം സൗദി നേതൃത്വത്തിലുള്ള സഖ്യസേനക്ക് പരാജയപ്പെടുത്താൻ സാധിച്ചു. ഏറ്റവും ഒടുവിൽ ചൊവ്വാഴ്ച റിയാദിന് നേരെ നടന്ന ആക്രമണമടക്കം സേന തകർത്തതായി അദ്ദേഹം പറഞ്ഞു. പക്ഷെ അത് വലിയ രീതിയിലുള്ള ആക്രമണമായിരുന്നു. ആശ്വാസപ്രവർത്തനത്തിെൻറ മറവിൽ യമനിൽ ആയുധക്കടത്ത് നടക്കുന്നതായി സംശയിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യമനിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ വിജയകരമായി മുന്നേറുകയാണ്. കിങ് സൽമാൻ എയർ ബേസിെൻറ നിയന്ത്രണം 85 ശതമാനത്തോളം ഒൗദ്യോഗിക സർക്കാറിെൻറ നിയന്ത്രണത്തിലായി. ബെഹൻ ഗവർണറേറ്റ് നൂറ് ശതമാനവും ഹൂതികളുടെ നിയന്ത്രണത്തിൽ നിന്ന് മോചിപ്പിക്കാനായി. 11,000 ഹൂതികൾ കര, വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി സഖ്യസേന വക്താവ് വെളിപ്പെടുത്തി. 6,730 ആയുധങ്ങൾ നശിപ്പിക്കാനായി. യമൻ തലസ്ഥാനമായ സൻഅ നഗരം ഹൂതികളിൽ നിന്ന് മോചിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്.
ഇറാനിയൻ അജണ്ട നടപ്പിലാക്കാനുള്ള ഹൂതികളുടെ നീക്കത്തിനെതിരെ മുഴുവൻ യമൻ ജനതയും അണിനിരക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യമൻ ജനതക്ക് സഹായങ്ങൾ എത്തിക്കുന്ന പ്രകിയ തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. റിയാദിന് നേരെ ആക്രമണം ആവർത്തിക്കുന്ന സാഹചര്യത്തിലും യമനികൾക്ക് സഹായം തുടരുകയാണ്. യമനിലേക്ക് ഇന്ധനവുമായുള്ള കപ്പൽ 30 ദിവസത്തിനകം തുറമുഖത്തെത്തും. യമൻ ജനതക്ക് വിപുലമായ രീതിയിൽ സഹായം എത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയണെന്ന് സൗദി അംബാസഡർ മുഹമ്മദ് അൽ ജാബിർ പറഞ്ഞു. യു.എൻ സഹായവും മറ്റും ഏകോപിപ്പിക്കുന്നതിനുള്ള പദ്ധതി തയാറാക്കി വരികയാണ്. സഹായം എത്തിക്കാനുള്ള സുരക്ഷിതമായ വഴികൾ ഉറപ്പാക്കുന്നുണ്ട്.
റിയാദ് ലക്ഷ്യമാക്കി ഹൂതികൾ രണ്ടാം തവണയും ഇറാൻ നിർമിത ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയ സാഹചര്യത്തിലാണ് സഖ്യസേന വക്താവ് മാധ്യമങ്ങളെ കണ്ടത്. അതേ സമയം ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ സൗദി അറേബ്യക്ക് പിന്തുണ അറിയിച്ചു കൊണ്ടിരിക്കയാണ്. എല്ലാവിധ അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ചുകൊണ്ടാണ് ഹൂതികൾ ഇറാൻ സഹായത്തോടെ ആക്രമണം നടത്തുന്നത് എന്ന വിമർശനം ശക്തമായിരിക്കയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.