ദേശീയദിനാഘോഷം; ജിദ്ദ ചരിത്രമേഖലയിൽ കാരംസ് മത്സരങ്ങൾ സംഘടിപ്പിച്ചു
text_fieldsജിദ്ദ: 93ാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ജിദ്ദ ചരിത്രമേഖലയിൽ കാരംസ് മത്സരങ്ങൾ സംഘടിപ്പിച്ചു. ജിദ്ദ ഹിസ്റ്റോറിക് മേഖലയുടെയും കായികമന്ത്രാലയത്തിന്റെയും സഹകരണത്തോടെ സൗദി കമ്മിറ്റി ഫോർ ട്രഡീഷനൽ ഗെയിംസാണ് മത്സരം സംഘടിപ്പിച്ചത്. 64 പുരുഷ-വനിതാതാരങ്ങൾ മത്സരത്തിൽ പങ്കെടുത്തു. കാരംസ് മത്സരങ്ങൾ സമൂഹത്തിലെ അംഗങ്ങൾക്കിടയിൽ പരമ്പരാഗത ഗെയിമുകളുടെയും കായിക വിനോദങ്ങളുടെയും പരിശീലനം പ്രോത്സാഹിപ്പിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നുവെന്ന് സൗദി ട്രഡീഷനൽ ഗെയിംസ് കമ്മിറ്റി സി.ഇ.ഒ ഇബ്രാഹിം അൽഷുറൈദ പറഞ്ഞു.
ഇത്തരം ഗെയിമുകൾ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യഘടകവും ഒരു മത്സരാധിഷ്ഠിത കായിക വിനോദവുമാണ്. സൗദിയിലുടനീളം ഇത്തരം ഗെയിമുകൾ വികസിപ്പിക്കാനാണ് കമ്മിറ്റി ശ്രമിക്കുന്നതെന്നും അൽഷുറൈദ പറഞ്ഞു. സൗദിയിലെ പരമ്പരാഗത ഗെയിമുകൾക്കായുള്ള ഏറ്റവും വലിയ കണക്കെടുപ്പ് പദ്ധതി കമ്മിറ്റി പൂർത്തിയാക്കിയിട്ടുണ്ട്. ഏകദേശം 800 ഗെയിമുകൾ രാജ്യത്ത് കണ്ടെത്തിയിട്ടുണ്ട്. അത് ഉടൻ പ്രഖ്യാപിക്കും. ഈ പരമ്പരാഗത ഗെയിമുകളും കായിക വിനോദങ്ങളും ഒരു പ്രത്യേക ജനവിഭാഗത്തിൽ മാത്രം ഒതുങ്ങുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഇത്തരത്തിലുള്ള സ്പോർട്സുകളിലും ഗെയിമുകളിലും സ്ത്രീപുരുഷ ഭേദമില്ലാതെ എല്ലാവിഭാഗം ജനങ്ങൾക്കും താൽപര്യമുണ്ട്. കാരംസ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ വലിയ സാന്നിധ്യമുണ്ടായിരുന്നെന്നും അൽഷുറൈദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.