നവയുഗം കാനം രാജേന്ദ്രൻ പുരസ്കാരം ബിനോയ് വിശ്വത്തിന്
text_fieldsദമ്മാം: നവയുഗം സാംസ്കാരികവേദിയുടെ സാമൂഹികപ്രതിബദ്ധതക്കുള്ള 2024ലെ കാനം രാജേന്ദ്രൻ സ്മാരക പുരസ്കാരത്തിന് സി.പി.ഐ സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയുമായ ബിനോയ് വിശ്വത്തിനെ തിരഞ്ഞെടുത്തു. നവയുഗം എല്ലാ വർഷവും നൽകിവരുന്ന അവാർഡിന്, ഇത്തവണ പരേതനായ കാനം രാജേന്ദ്രന്റെ പേര് നൽകാൻ നവയുഗം കേന്ദ്രകമ്മിറ്റി തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ നാലരപ്പതിറ്റാണ്ടിലധികമായി പൊതുപ്രവർത്തനരംഗത്തും കേരളരാഷ്ട്രീയത്തിലും സാമൂഹിക, സാംസ്കാരിക, പരിസ്ഥിതി രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ബിനോയ് വിശ്വത്തെ ഈ അവാർഡിന് നവയുഗം കേന്ദ്രകമ്മിറ്റി തിരഞ്ഞെടുക്കുകയായിരുന്നു.
മുൻ വൈക്കം എം.എൽ.എയും കമ്യൂണിസ്റ്റ് നേതാവുമായ സി.കെ. വിശ്വനാഥൻ, സി.കെ. ഓമന എന്നിവരുടെ മകനായി 1955 നവംബർ 25-ന് കോട്ടയം ജില്ലയിലെ വൈക്കത്ത് ജനിച്ച ബിനോയ് വിശ്വം, വൈക്കം ഗവ.ബോയ്സ് ഹൈസ്കൂളിലെ എ.ഐ.എസ്.എഫ് സെക്രട്ടറിയായി രാഷ്ട്രീയ പ്രവർത്തനം തുടങ്ങി.
എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡൻറ്, അഖിലേന്ത്യ പ്രസിഡൻറ്, എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി, വേൾഡ് ഫെഡറേഷൻ ഓഫ് ഡെമോക്രാറ്റിക് യൂത്തിന്റെവൈസ് പ്രസിഡൻറ് തുടങ്ങി ഒട്ടേറെ പദവികളിൽ പ്രവർത്തിച്ചു.
എം.എ, എൽ.എൽ.ബി പരീക്ഷകളിൽ മികച്ച വിജയം നേടിയ അദ്ദേഹം 2001, 2006 നിയമസഭ തെരഞ്ഞെടുപ്പുകളിൽ കോഴിക്കോട് ജില്ലയിലെ നാദാപുരത്തുനിന്നും രണ്ടുതവണ തുടർച്ചയായി മത്സരിച്ചു വിജയിച്ചു. 2006-2011 കാലയളവിലെ വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ വനംമന്ത്രിയായി മികച്ച പ്രവർത്തനം നടത്തുകയും ചെയ്തു.
2018 മുതൽ 2024 വരെ കേരളത്തിൽനിന്നുള്ള രാജ്യസഭാംഗമായും പ്രവർത്തിച്ചിട്ടുണ്ട്. പരിസ്ഥിതി പ്രവർത്തകനും ഗ്രന്ഥകാരനും പത്രപ്രവർത്തകനുമായ അദ്ദേഹം ആനുകാലികങ്ങളിലൂടെ നിരവധി ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ശക്തമായ ഇടതുപക്ഷബോധം ഉയർത്തിപ്പിടിച്ചു, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മണ്ഡലങ്ങളിൽ അദ്ദേഹം പുലർത്തിയ നിസ്വാർഥതയും കളങ്കമില്ലാത്ത പൊതുജീവിതവും സത്യസന്ധതയും ജനപക്ഷ ആദർശങ്ങളും ഓരോ പൊതുപ്രവർത്തകനും മാതൃകയാണെന്ന് നവയുഗം കേന്ദ്രകമ്മിറ്റി നിരീക്ഷിച്ചു.
ഡിസംബർ ആറിന് ദമ്മാമിൽ നടക്കുന്ന ‘നവയുഗസന്ധ്യ-2024’ എന്ന മെഗാപരിപാടിയുടെ സാംസ്കാരിക സമ്മേളനത്തിൽ സി.പി.ഐ സംസ്ഥാന അസി.സെക്രട്ടറിയും മുൻ എം.എൽ.എയുമായ സത്യൻ മൊകേരി അദ്ദേഹത്തിന് അവാര്ഡ് സമ്മാനിക്കുമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡൻറ് ജമാൽ വില്യാപ്പള്ളിയും ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറയും അറിയിച്ചു.
വെളിയം ഭാർഗവൻ, ഷാജി മതിലകം, സാജിദ് ആറാട്ടുപുഴ, ശ്രീദേവി ടീച്ചർ, മുഹമ്മദ് നജാത്തി, പി.എ.എം. ഹാരിസ്, ഡോ. സിദ്ദീഖ് അഹ്മദ്, ഇ.എം. കബീർ, ടി.സി. ഷാജി, കെ. രാജൻ എന്നിവരായിരുന്നു മുൻവർഷങ്ങളിൽ നവയുഗം പുരസ്കാരം നേടിയ വ്യക്തിത്വങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.