അറബിക് കാലിഗ്രഫി, ചിത്രകല പ്രദർശനങ്ങൾ സംഘടിപ്പിച്ചു
text_fieldsറിയാദ്: ഓറ ആർട്ടി ക്രഫ്റ്റ്സ് വനിതാ കൂട്ടായ്മ റിയാദ് അവന്യൂ മാളിൽ 'രംഗ്' എന്ന പേരിൽ ചിത്രകല-അറബിക് കാലിഗ്രാഫി പ്രദർശനവും കുട്ടികൾക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. കലാകാരിയും ഫിംഗർ പെയിൻറിങ്ങിൽ ഗിന്നസ് ലോക റെക്കോഡ് ഉടമയുമായ വിനി വേണുഗോപാൽ ചിത്രപ്രദർശനം പരിപാടി ഉദ്ഘാടനം ചെയ്തു. വിനി വേണുഗോപാൽ തത്സമയം വിരൽത്തുമ്പുകൊണ്ട് ചിത്രം വരച്ച് കാണികളെ വിസ്മയിപ്പിച്ചു. പ്രത്യേക പരിശീലനം ഒന്നുമില്ലാതെതന്നെ മനോഹരമായ ചിത്രങ്ങൾ ഒരുക്കിയ ചിത്രകാരികളെ വിശിഷ്ടാതിഥി സൗദി കലാകാരി ലെന മുഹമ്മദ് അഭിനന്ദിച്ചു. പ്രായഭേദമന്യേ വിവിധ രാജ്യങ്ങളിൽനിന്നുള്ള കലാകാരികളുടെ ചിത്രങ്ങൾ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നു. അറബിക് കാലിഗ്രഫിക്ക് യുനെസ്കോ അംഗീകാരം നേടിയ ഈ അവസരത്തിൽ ഇങ്ങനെയൊരു പ്രദർശനം സംഘടിപ്പിക്കാൻ കഴിഞ്ഞതിൽ അഭിമാനവും ചാരിതാർഥ്യവുമുണ്ടെന്ന് പരിപാടിയുടെ ചീഫ് കോഓഡിനേറ്റർ ഷീബ ഫൈസൽ പറഞ്ഞു.
അറബിക് കാലിഗ്രഫിയെ കുറിച്ചുള്ള ചെറുവിവരണം, കാണികൾക്ക് തങ്ങളുടെ കാലിഗ്രഫി കഴിവുകൾ പ്രകടിപ്പിക്കാനായി ഒരുക്കിയ 'കാലിഗ്രഫി വാൾ' എന്നിവ ജനശ്രദ്ധയാകർഷിച്ചു. കുട്ടികൾക്കായി നടത്തിയ കളറിങ്, ഡ്രോയിങ് മത്സരങ്ങൾക്ക് പരിപാടിയുടെ ക്രിയേറ്റിവ് ഹെഡ് ഷെർമി നവാസ്, നസ്രീൻ സഫീർ, തസ്നീം അഫ്താബ് എന്നിവർ നേതൃത്വം നൽകി. സഹീദ റാഫി, ഖദീജ ഷുഹാന, മുഹ്സിന ഉസ്മാൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ആശംസ കാർഡ് നിർമാണ മത്സരം കുട്ടികൾക്ക് ആവേശകരമായ അനുഭവമായി. മത്സരവിജയികൾക്ക് സർട്ടിഫിക്കറ്റും സമ്മാനങ്ങളും വിതരണം ചെയ്തു. ആസിയ നവാസ്, ഫിദ നവാസ് എന്നിവരുടെ നേതൃത്വത്തിൽ കാണികൾക്കായി ചിത്രകലയെ സംബന്ധിച്ചുള്ള ക്വിസ്, കുട്ടികൾക്കായി വിവിധ മത്സരങ്ങൾ എന്നിവ ഒരുക്കിയിരുന്നു. വിനി വേണുഗോപാലിനുള്ള ഓറയുടെ ഉപഹാരം റിയാദ് അവന്യൂ മാൾ മാനേജർ ലാലു വർക്കി നൽകി. നിത ഹിതാഷ് പരിപാടികൾ നിയന്ത്രിച്ചു. മാൾ സെക്യൂരിറ്റി മാനേജർ മുഹമ്മദ് ജാബിർ ചടങ്ങിൽ സംബന്ധിച്ചു. റിയാദിലെ കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ ചിത്രപ്രദർശന വേദി സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.