അസീർ സ്പോർട്സ് ഫെസ്റ്റ് ബലിപെരുന്നാൾ ദിനങ്ങളിൽ ഒരുക്കം പൂർത്തിയായി
text_fieldsഅബ്ഹ: ബലി പെരുന്നാളിന്റെ രണ്ടും മൂന്നും ദിനങ്ങളിൽ ഖമീസ് ഖാലിദിയയിലെ നാദി ദമക്ക് ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ വിവിധ ആഘോഷങ്ങൾ അരങ്ങേറും. അസീർ പ്രവാസി സംഘം കാൽപന്ത്, വടംവലി മത്സരങ്ങൾ അസീർ സ്പോർട്സ് ഫെസ്റ്റ് എന്ന പേരിൽ സംഘടിപ്പിക്കും. മൈ കെയർ മെഡിക്കൽ ഗ്രൂപ് വിന്നേഴ്സ് ട്രോഫിക്കും ഫ്ലൈ കിയോസ്ക് ട്രാവൽസ് റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള ഫുട്ബാൾ മത്സരങ്ങളും ഹോട്ടൽ ന്യൂ സഫയർ വിന്നേഴ്സ് ട്രോഫിക്കും എ.ഇസഡ് എക്സ്പ്രസ് കാർഗോ റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള വടംവലി മത്സരങ്ങളുമാണ് അസീർ സ്പോട്സ് ഫെസ്റ്റിൽ അരങ്ങേറുന്നത്.
രണ്ടാം പെരുന്നാൾ ദിനത്തിൽ അസീറിലെ വിദ്യാർഥികളുടെ സൗഹൃദ ഫുട്ബാൾ മത്സരവും അസീർ സോക്കറിന്റെ ആദ്യ റൗണ്ടിലെ നാല് കളികളും പിറ്റേ ദിവസം സെമി ഫൈനലുകളും വെറ്ററൻസ് മത്സരങ്ങളും വടംവലി മത്സരങ്ങളും ഫൈനലും നടക്കും. സ്പോർട്സ് ഫെസ്റ്റിന് കൊഴുപ്പേകാൻ മുഴുവൻ ടീമുകളുടെ മാർച്ച് ഫാസ്റ്റും സൗദി, ഇന്ത്യ ദേശീയ ഗാനാലാപനവും വിവിധ സാംസ്കാരിക പരിപാടികളും സാംസ്കാരിക സമ്മേളനവും സംഘടിപ്പിക്കുമെന്നും പരിപാടിയെ വിശദീകരിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ സംഘാടകർ അറിയിച്ചു. ആഘോഷ നടത്തിപ്പിനായി വിവിധ ഉപസമിതികൾ നിലവിൽ വന്നു. പ്രോഗ്രാം കമ്മിറ്റി ഭാരവാഹികളായി രാജേഷ് കറ്റിട്ട (കൺ.), രാജഗോപാൽ ക്ലാപ്പന (ചെയർ.), മനോജ് കണ്ണൂർ, നവാബ് ഖാൻ (ജോ. കൺ.), സുരേന്ദ്രൻ സനാഇയ്യ, അനുരൂപ് (വൈസ് ചെയർ.), നിസാർ എറണാകുളം (ട്രഷ.), റസാഖ് ആലുവ, രാജേഷ് അൽ റാജി, ഷംനാദ്, ഹാരിസ് (പബ്ലിസിറ്റി കമ്മിറ്റി) എന്നിവരെ തെരഞ്ഞെടുത്തു. ബഷീർ തരീബ്, സുരേന്ദ്രൻ പിള്ള, ബിജു സനഇയ്യ, ഷാബ് ജഹാൻ, രാജീവ്, താമരാക്ഷൻ, ഇബ്രാഹിം, മണികണ്ഠൻ, നവാബ് ഖാൻ, മുസ്തഫ, ഗിരീഷ് എന്നിവരുടെ നേതൃത്വത്തിൽ ഉപകമ്മിറ്റികളും നിലവിൽ വന്നു.
എട്ട് ടീമുകളെ ഉൾപ്പെടുത്തി നടക്കുന്ന വടംവലി മത്സരങ്ങളെ നിയന്ത്രിക്കുന്നതിനായി പൊന്നപ്പൻ കട്ടപ്പന (കൺ.), വിശ്വനാഥൻ (ചെയർ.) എന്നിവരെ തെരഞ്ഞെടുത്തു. അസീർ സ്പ്പോർട്സ് ഫെസ്റ്റിനെ കുറിച്ച് വിശദീകരിക്കാൻ സംഘടിപ്പിച്ച യോഗം അസീർ പ്രവാസി സംഘം രക്ഷാധികാരി ബാബു പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു. ആക്റ്റിങ് ജനറൽ സെക്രട്ടറി അബ്ദുൽ വഹാബ് കരുനാഗപ്പള്ളി, ട്രഷറർ റഷീദ് ചെന്ത്രാപ്പിന്നി എന്നിവർ സംസാരിച്ചു. മുസ്തഫ, അബ്ദുറസാഖ്, ആഷിഖ്, ബഷീർ, മുഹമ്മദാലി ചെന്ത്രാപ്പിന്നി, റസാഖ് കിണാശ്ശേരി, നാസിഖ് എന്നിവർ സംസാരിച്ചു.
മത്സര രംഗത്തുള്ള ക്ലബുകളുടെ പ്രതിനിധികളായി ഷമീർ കോഴിക്കോട്, റഫീഖ് താനൂർ (കാസ്ക്), സത്താർ, ഫിറോസ്, ജാഫർ പട്ടാമ്പി (ലയൺസ് എഫ്.സി), അഷ്റഫ് കോഴിക്കോട് (ബൈത്ത് ബ്രോസ്റ്റ് എഫ്.സി), ഷിഹാബ് പള്ളിക്കൽ, സലീംപുളിക്കൽ (ഫാൾക്കൺ എഫ്.സി), റിയാസ് ബാബു (മെട്രോ) എന്നിവരും പരിപാടിയിൽ സംബന്ധിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ രാജഗോപാൽ ക്ലാപ്പന അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ രാജേഷ് കറ്റിട്ട അസിർ സോക്കർ നിയമാവലിയും നിബന്ധനകളും വിശദീകരിച്ചു. വടംവലി മത്സര കൺവീനറായ പൊന്നപ്പൻ സ്വാഗതവും ചെയർമാൻ വിശ്വനാഥൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.