ജ്ഞാനപ്രകാശം പ്രസരിപ്പിച്ച മക്കയിലെ ഹിറാ ഗുഹ
text_fieldsമക്ക: വേദഗ്രന്ഥമായ ഖുർആൻ അവതരണത്തിന് നാന്ദി കുറിച്ച മക്കയിലെ ഹിറാ ഗുഹ വിശ്വാസികൾക്കെന്നും വെളിച്ചവും പ്രചോദനവുമായി ചരിത്രപ്പെരുമ വിളിച്ചോതി സംരക്ഷിക്കപ്പെടുന്ന ഒരിടമാണ്. ചരിത്രത്തിൽ തങ്കലിപികളാൽ രേഖപ്പെടുത്തപ്പെട്ട ഈ ഗുഹ ചരിത്രത്തിലെന്നും ജ്ഞാനപ്രകാശം പ്രസരിപ്പിച്ച് തിളങ്ങിനിൽക്കുന്നു.
മക്കയിലെ മസ്ജിദ് ഹറാമിൽ നിന്നും നാല് കിലോമീറ്റർ അകലെയുള്ള 'പ്രകാശ പർവതം' എന്ന അർഥത്തിൽ 'ജബൽ നൂർ' എന്ന് വിളിക്കപ്പെടുന്ന മലയുടെ ഉച്ചിയിൽ സ്ഥിതിചെയ്യുന്ന ഗുഹ കാണാൻ സന്ദർശകരുടെ നല്ല ഒഴുക്കാണ് എപ്പോഴും. ഹിറാ ഗുഹയിൽ ധ്യാനത്തിലിരിക്കെ ജിബ്രീൽ മാലാഖ പ്രവാചകന് ദൈവിക വെളിപാടിെൻറ ആദ്യ സൂക്തങ്ങൾ ഓതിക്കേൾപ്പിച്ച ചരിത്ര പ്രസിദ്ധമായ ഇടം കാണാനാണ് തീർഥാടകർ എത്തുന്നത്. മുഹമ്മദ് നബിയുടെ നാൽപതാം വയസ്സിൽ പ്രവാചകത്വത്തിന് സാക്ഷ്യം വഹിച്ച ഈ പ്രദേശം സന്ദർശിക്കുമ്പോൾ വിമോചന വെളിച്ചത്തിന് മല കയറിയ പ്രവാചകെൻറ മഹിതമായ ജീവിതത്തിലെ ദീപ്തസ്മരണകൾ സന്ദർശകരുടെ മനസ്സിലേക്ക് ഓടിയെത്തും. ഹിറാ ഗുഹയിൽ ജിബ്രീൽ എന്ന മാലാഖ പ്രവാചകനെ കാണാനെത്തി. ദൈവദൂതൻ 'വായിക്കുക' എന്ന് ആദ്യമായി പ്രവാചകനെ ഹിറാ ഗുഹയിൽ വെച്ച് വായിച്ചുകേൾപ്പിച്ചു.
അതിനുശേഷം വേറെയും ദൈവിക വചനങ്ങൾ ഈ ഗുഹയിൽവെച്ച് തന്നെ മാലാഖ വഴി പ്രവാചകനിലേക്ക് എത്തി. അന്ന് മാത്രമല്ല ഇന്നും എന്നും ഹിറ നൽകുന്ന സന്ദേശം വായനയുടേതാണ്. 'മാനവകുലത്തിെൻറ വിമോചനത്തിന് ദൈവ നാമത്തിൽ വായിക്കുക, സ്രഷ്ടാവിെൻറ നാമത്തിൽ വായിക്കുന്നവനായാൽ അവനെ ദൈവം നേർവഴിക്ക് നടത്തും, സന്മാർഗം സിദ്ധിച്ചാൽ പിന്നെ ഇരുട്ടറയില്ല, ഏകാന്ത തപസ്സില്ല' എന്ന സന്ദേശമാണ് ഹിറ പകരുന്നത്. മക്കയിലെ പ്രസിദ്ധ മലയാണ് ജബൽ നൂർ.
മക്കയിലെ കുത്തഴിഞ്ഞ സാമൂഹിക ജീവിതം കണ്ട് മനം മടുത്ത പ്രവാചകൻ ദിവ്യബോധനം ലഭിക്കുന്നതിന് മുമ്പു തന്നെ ഏകാന്തത തേടി ധ്യാനമിരിക്കാറുള്ളത് ഇൗ പർവതത്തിെൻറ മടക്കുകൾക്കിടയിലുള്ള ഹിറ ഗുഹയിലാണ്. ഈ ഏകാന്ത ധ്യാനത്തിനിടെയാണ് ആദ്യമായി ഖുർആൻ അവതരിച്ചതെന്നാണ് ഇസ്ലാമിക വിശ്വാസം. ഇതോടെ ചരിത്രത്തിലെന്നും ഹിറാ ഗുഹ സ്മരിക്കപ്പെടുന്ന ഒരു പേരായി മാറി. സമുദ്രനിരപ്പിൽ നിന്ന് 621 മീറ്റർ ഉയരത്തിലാണ് ജബൽ നൂറിലെ ഹിറാ ഗുഹ. മലയുടെ മുകളിലെത്താൻ ശരാശരി ഒന്നര മണിക്കൂർ സമയം വേണം.
ചെങ്കുത്തായ വഴിയിലൂടെ മുകളിലെത്തി 20 മീറ്റർ താഴോട്ട് ഇറങ്ങിയാലെ ഗുഹയുടെ അകത്ത് എത്താൻ കഴിയൂ. കയറ്റിറക്കം എളുപ്പമാക്കാൻ പടവുകൾ നിർമിച്ചിട്ടുണ്ട്. ഒരേ സമയത്ത് രണ്ടോ മൂന്നോ പേർക്ക് മാത്രം കയറാൻ സാധിക്കുന്ന ചെറിയ ഇടം മാത്രമാണ് ഹിറാ ഗുഹ. 14 നൂറ്റാണ്ട് മുമ്പ് പ്രവാചകത്വത്തിെൻറ ദിവ്യപ്രകാശം പരത്തിയ മല എന്ന നിലക്കാണ് ജബൽ നൂർ ചരിത്രത്തിൽ വേറിട്ടുനിൽക്കുന്നത്. ജബൽ ഹിറാ, ജബലുൽ ഖുർആൻ, ജബലുൽ ഇസ്ലാം എന്നീ പേരുകളിലും ജബൽ നൂർ അറിയപ്പെടുന്നുണ്ട്. കാര്യമായ നിർമാണ പ്രവർത്തനങ്ങളൊന്നും നടന്നിട്ടില്ലാത്ത പരുക്കൻ മലയാണിത്.
പുണ്യസ്ഥലമല്ലെങ്കിലും ഖുർആെൻറ ആദ്യസൂക്തങ്ങൾ ഇറങ്ങിയ പ്രദേശം കാണാൻ മക്കയിലെത്തുന്ന നിരവധി തീർഥാടകർ ജബൽ നൂർ കയറാറുണ്ട്. വളരെ പ്രയാസം സഹിച്ചാണ് പ്രവാചകൻ ജബൽ നൂർ നിരവധി തവണ കയറിയിറങ്ങിയതെന്ന് ചരിത്രം പറയുന്നു. ഗുഹയിൽ ധ്യാനത്തിൽ കഴിഞ്ഞ പ്രവാചകന് ഭക്ഷണം എത്തിക്കാൻ പത്നി ഖദീജ വാർധക്യം അവഗണിച്ച് പലതവണ ഈ മല കയറിയിറങ്ങിയ ത്യാഗവും ചരിത്രകാരന്മാർ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്.
റമദാനിലെ ഒരു രാവിൽ ഖുർആെൻറ ആദ്യവരികളുമായി ഹിറാ ഗുഹയിൽനിന്ന് പുറത്തിറങ്ങിയ പ്രവാചകൻ പിന്നീട് ഇവിടേക്ക് തിരിച്ചുവന്നില്ലെന്നാണ് ചരിത്രം. സൗദിയുടെ സമ്പൂർണ പരിവർത്തന പദ്ധതിയായ 'വിഷൻ 2030'െൻറ ഭാഗമായി തീർഥാടകർക്ക് വിവിധ സൗകര്യങ്ങളൊരുക്കാനുള്ള പദ്ധതികൾ ഇപ്പോൾ നിർമാണ പുരോഗതിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.