'അഗ്നിവർഷം' ചെറുകഥാസമാഹാരം പ്രകാശനം
text_fieldsദമ്മാം: ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ അധ്യാപിക ലിതിക അങ്ങേപ്പാട്ടിന്റെ ചെറുകഥാസമാഹാരം 'അഗ്നിവർഷം' ദമ്മാമിൽ പ്രകാശനം ചെയ്തു. ദാറസ്സിഹ ഓഡിറ്റോറിയത്തിൽ കൊയിലാണ്ടിക്കൂട്ടം അക്ഷരമുറ്റം സംഘടിപ്പിച്ച ചടങ്ങ് മാധ്യമപ്രവർത്തകൻ പി.എ.എം. ഹാരിസ് ഉദ്ഘാടനം ചെയ്തു. പ്രവാസഭൂമിയിൽ സാഹിത്യ ചടങ്ങുകൾക്ക് കിട്ടുന്ന സ്വീകാര്യത നാട്ടിൽ ലഭിക്കുന്നില്ലെന്നാണ് തന്റെ അനുഭവമെന്ന് അദ്ദേഹം പറഞ്ഞു.
നാട്ടിൽ താൻ പങ്കെടുത്ത പല പുസ്തക പ്രകാശന ചടങ്ങുകളിലും വിരലിലെണ്ണാവുന്നവർ മാത്രം എത്തുമ്പോഴാണ് ഗൾഫിൽ നിറഞ്ഞ സദസ്സുകൾ ലഭ്യമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അൽ മുന സ്കൂൾ പ്രിൻസിപ്പൽ മമ്മു മാസ്റ്റർ പുസ്തകത്തിന്റെ ആദ്യ കോപ്പി മുഹമ്മദ് നജാത്തിക്ക് നൽകി പ്രകാശനം നിർവഹിച്ചു. സാജിദ് ആറാട്ടുപുഴ പുസ്തകം പരിചയപ്പെടുത്തി. ഷിഹാബ് കൊയിലാണ്ടി അക്ഷരമുറ്റത്തെ പരിചയപ്പെടുത്തി.
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അമീർ അലി കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. സാദിഖ വഹീദ്, ചന്ദ്രമോഹൻ, മുഹമ്മദ് കുട്ടി കോഡൂർ, സി. അബ്ദുൽ ഹമീദ്, പ്രദീപ് കൊട്ടിയം, നജീബ് എരഞ്ഞിക്കൽ, ജലീൽ പള്ളാത്തുരുത്തി, ഷബ്ന നജീബ്, ഖദീജ, ഉമ്മു അമ്മാർ, സുബൈർ ഉദിനൂർ, പി.ടി. അലവി, ഷീബ സാജൻ എന്നിവർ സംസാരിച്ചു. ലതിക അങ്ങേപ്പാട്ടിന് അക്ഷരമുറ്റത്തിന്റെ ഉപഹാരം ബാസിഹ ഷിഹാബ് കൈമാറി. ഉമ്മു അമ്മാർ പൊന്നാടയണിയിച്ചു. ലതിക അങ്ങേപ്പാട്ട് മറുപടിപ്രസംഗം നടത്തി.
പ്രവാസത്തിലെ ഏകാന്തതയാണ് തന്നെ വീണ്ടും എഴുത്തുകാരിയാക്കിയതെന്ന് അവർ പറഞ്ഞു. അക്ഷരക്കൂട്ടത്തിലെ കഥകൾക്ക് ചിത്രം വരക്കുന്ന പ്രമോദ് അത്തോളിക്ക് ഷിഹാബ് കൊയിലാണ്ടി ഉപഹാരം സമ്മാനിച്ചു. ജയരാജ് കൊയിലാണ്ടി സ്വാഗതവും അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു. ബിനോദ് വെങ്ങളം, സജീഷ്, ധനേഷ് എന്നിവർ നേതൃത്വം നൽകി. ഡോ. സിന്ധു അവതാരകയായിരുന്നു. വിവിധ കലാപരിപാടികൾ അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.