ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ മുസ്ലിംകളുടെ പങ്ക് വിസ്മരിക്കാൻ കഴിയാത്തത് - ഇന്ത്യൻ സോഷ്യൽ ഫോറം
text_fieldsജിദ്ദ: 76ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി '75 വർഷം തികഞ്ഞ സ്വാതന്ത്ര്യദിനാഘോഷം' എന്ന ശീർഷകത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റിയും നോർതേൺ സ്റ്റേറ്റ് കമ്മിറ്റിയും സംയുക്തമായി സ്വാതന്ത്ര്യ ദിനാഘോഷ സെമിനാർ സംഘടിപ്പിച്ചു. ജിദ്ദയിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്ത പരിപാടിയിൽ ഡോ. ജാവേദ് മക്ക മുഖ്യാതിഥിയായിരുന്നു. മാതൃ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത മുസ്ലിം സ്വാതന്ത്ര്യസമര സേനാനികളെ ചരിത്രത്തിൽനിന്ന് അടർത്തിമാറ്റി സവർക്കറടക്കമുള്ള ബ്രിട്ടീഷ് അനുകൂലികളെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ തിരുകിക്കയറ്റാൻ ശ്രമിക്കുന്ന സംഘ്പരിവാർ ശക്തികൾക്ക് ചരിത്രം മാപ്പുനൽകില്ലെന്ന് ചടങ്ങിൽ സംസാരിച്ച ഇന്ത്യൻ സോഷ്യൽ ഫോറം നാഷനൽ പ്രസിഡന്റ് അഷ്റഫ് മൊറയൂർ പറഞ്ഞു. വർത്തമാന ഇന്ത്യയിൽ തൊഴിലില്ലായ്മയും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവുംകൊണ്ട് സാധാരണക്കാർ വീർപ്പുമുട്ടുമ്പോഴും മോദി സർക്കാർ കോർപറേറ്റുകൾക്ക് പാദസേവ ചെയ്യുകയാണ്. ഇത്തരം കഴിവുകേടിൽ നിന്നെല്ലാം ശ്രദ്ധതിരിക്കാൻവേണ്ടി ജാതീയതയും മതവിദ്വേഷവുമെടുത്ത് രാജ്യത്ത് അഗ്നിപടർത്താനാണ് സർക്കാർ ശ്രമിക്കുന്നത്. മതന്യൂനപക്ഷങ്ങളും ദലിതുകളും ആദിവാസികളും കടുത്ത അക്രമവും വിവേചനവുമാണ് നേരിടുന്നത്.
ഇത്തരം വിവേചനം നേരിട്ടുകൊണ്ടിരിക്കുന്നവർ ഒറ്റക്കെട്ടായി ഫാഷിസ്റ്റ് സർക്കാറിനെതിരെ മുന്നോട്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ആലിക്കോയ ചാലിയം അധ്യക്ഷത വഹിച്ചു. മുസ്ലിംകളടക്കമുള്ള സ്വാതന്ത്ര്യ സമരസേനാനികളെക്കുറിച്ചുള്ള വിഡിയോ പ്രസന്റേഷൻ ഇന്ത്യൻ സോഷ്യൽ ഫോറം നാഷനൽ കമ്മിറ്റിയംഗം അബ്ദുൽ ഗനി മലപ്പുറം അവതരിപ്പിച്ചു. വിവിധ സംസ്ഥാനങ്ങളുടെ ഭാരവാഹിത്വമുള്ള ഇന്ത്യൻ സോഷ്യൽ ഫോറം സംസ്ഥാന നേതാക്കൾ പങ്കെടുത്ത ചടങ്ങിൽ സാക്കിർ അസം സ്വാഗതവും സെൻട്രൽ കമ്മിറ്റി അംഗം അബ്ദുൽ മതീൻ കർണാടക നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.