കാൻവാസിലും കടലാസിലും അത്ഭുതങ്ങൾ തീർത്ത് സജേഷ്
text_fieldsജുബൈൽ: തെളിമയാർന്ന ചിത്രരചന വൈഭവംകൊണ്ട് കാൻവാസിലും കടലാസിലും അത്ഭുതങ്ങൾ തീർക്കുകയാണ് എം.സി. സജേഷ്. ആധുനിക രചനാരീതികളും സങ്കേതങ്ങളും ചിത്രകലയിൽ നൂതന മാറ്റങ്ങൾ വരുത്തുന്ന കാലത്താണ് ജന്മവാസനയും നിരന്തരമായ പരിശ്രമവും ആത്മാർപ്പണവും വഴി ജീവസ്സുറ്റ വരകളും വർണങ്ങളും കോറിയിട്ടു കണ്ണൂർ കാടാച്ചിറ കടമ്പൂർ മുണ്ട്യച്ചാലിൽ വീട്ടിൽ എം.സി. സജേഷ് വിസ്മയങ്ങൾ തീർക്കുന്നത്.
ജുബൈൽ ബെറി ഗ്യാസ് പ്ലാന്റിൽ ക്വാളിറ്റി മാനേജറായി ജോലി ചെയ്യുന്ന ഈ ചിത്രകാരൻ ഇതിനകം 4000ത്തിലധികം പെൻസിൽ ഡ്രോയിങ് പൂർത്തിയാക്കിയിട്ടുണ്ട്. പെൻസിലും പെയിന്റും കൊണ്ട് കാൻവാസിൽ ജീവസ്സുറ്റ ചിത്രങ്ങൾ തീർക്കുന്നതിനൊപ്പം തെർമോകോളിലും കളിമണ്ണിലും ശിൽപങ്ങളും തീർക്കുന്നുണ്ട് ഈ കലാകാരൻ.
പെൻസിൽ ഉപയോഗിച്ച് വരക്കുന്ന ജീവൻ തുടിക്കുന്ന പോർട്രെയ്റ്റുകളാണ് അദ്ദേഹത്തിന്റെ പ്രധാന സവിശേഷത. പെൻസിൽ വരയോടൊപ്പം തെർമോകോൾ ശിൽപങ്ങൾ, ക്ലേ മോഡലിങ്, ബുക്ക് കവർ ഡിസൈനിങ് തുടങ്ങിയ മേഖലകളിലും അദ്ദേഹം മികവ് തെളിയിച്ചിട്ടുണ്ട്. ജുബൈലിലും പരിസരപ്രദേശങ്ങളിലെയും വിശേഷാവസരങ്ങളിലെ പല കലാസാംസ്കാരിക രാഷ്ട്രീയ പരിപാടികളിലെയും സ്റ്റേജ് ഡിസൈനിങ്ങിൽ അദ്ദേഹത്തിന്റെ കരസ്പർശമുണ്ട്.
ചിത്രരചനയിലെ പുതിയ മാറ്റങ്ങൾ അത്ഭുതപ്പെടുത്തുന്നതാണെന്ന് സജീഷ് പറയുന്നു. വളർന്നുവരുന്ന ചിത്രകലാകാരന്മാർക്ക് കഴിവ് തെളിയിക്കാൻ ധാരാളം അവസരങ്ങൾ ഇപ്പോൾ ലഭ്യമാണ്. സോഷ്യൽ മീഡിയകളുടെ വരവോടുകൂടി അവരുടെ കഴിവുകൾ എളുപ്പത്തിൽ പ്രകടിപ്പിക്കാൻ സാധിക്കുന്നു. ഓൺലൈനിലും ചിത്രകല പഠിക്കാൻ അധ്യാപകന്റെ സഹായത്തോടെയും അല്ലാതെയും ധാരാളം കോഴ്സുകൾ ലഭ്യമാണ്. പ്രശസ്തരായ എഴുത്തുകാരുടെ പുസ്തകങ്ങൾക്ക് കവർ ഡിസൈൻ ചെയ്യാനും സജേഷിന് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഉള്ളടക്കത്തെ ഉൾക്കൊള്ളുന്ന രീതിയിൽ പുസ്തകങ്ങളുടെ കവർ ആവിഷ്കരിക്കുക ശ്രമകരമായ ജോലിയാണെന്ന് സജീഷ് പറയുന്നു.
ചെറുപ്പം മുതൽ ചിത്രകലയോട് താല്പര്യം പ്രകടിപ്പിച്ചിരുന്ന സജേഷ്, സ്കൂൾ കലോത്സവങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ കാലത്തുതന്നെ മുതിർന്ന കലാകാരന്മാരോടൊപ്പം പല പ്രോജക്ടുകളിലും പ്രവർത്തിക്കുമായിരുന്നു. മിക്കവാറും പെൻസിൽ പോർട്രെയ്റ്റുകൾ സുഹൃത്തുക്കൾക്കു വേണ്ടിയാണു വരക്കാറുള്ളത്. സജേഷ് 20 വർഷമായി സൗദിയിലുണ്ട്.
നിരവധി പരിപാടികൾക്ക് നേതൃത്വം നൽകാനും മത്സരങ്ങൾ അവലോകനം ചെയ്യാനും കഴിഞ്ഞു. മുമ്പ് സൗദിയിലുണ്ടായിരുന്ന ഭാര്യ ഷനില ഇപ്പോൾ നാട്ടിൽ ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നു. മക്കളായ തേജും സേത്തും കലാരംഗത്ത് താല്പര്യം പ്രകടിപ്പിക്കുന്നവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.