സൗദി, ലബനാൻ വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി
text_fieldsറിയാദ്: ഇസ്രായേലും ലബനാനിലെ ഹിസ്ബുല്ലയും തമ്മിലുള്ള സൈനിക സംഘർഷം തുടരുന്നതിനിടയിൽ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ലബനാൻ വിദേശകാര്യ മന്ത്രി അബ്ദുല്ല ബൗഹബിബുമായി കൂടിക്കാഴ്ച നടത്തി. ഐക്യരാഷ്ട്രസഭ പൊതുസഭയുടെ 79ാം സെഷനോട് അനുബന്ധിച്ചാണ് ഇരുവരും കൂടിക്കണ്ടത്. ലബനാനിലെ നിലവിലെ സംഭവവികാസങ്ങൾ, അക്രമം വ്യാപിക്കുന്നതിലെ അപകടം, ലബനാനിന്റെയും മേഖലയുടെയും സുരക്ഷയിലും സ്ഥിരതയിലും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ, അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി ലബനാനിന്റെ സ്ഥിരത നിലനിർത്തുന്നതിനും പരമാധികാരത്തെ മാനിക്കുന്നതിനുമുള്ള പ്രാധാന്യം എന്നിവ ഇരുവരും ചർച്ച ചെയ്തു.
അതിനിടെ, ഇസ്രായേലും ലബനാനിലെ ഹിസ്ബുല്ലയും തമ്മിലുള്ള സംഘർഷം രൂക്ഷമായതിൽ ഐക്യരാഷ്ട്ര സഭ വലിയ ആശങ്ക പ്രകടിപ്പിച്ചു. പതിനായിരക്കണക്കിന് ആളുകൾ അക്രമത്തിൽനിന്ന് പലായനം ചെയ്തുവെന്ന് അഭയാർഥികൾക്കായുള്ള യു.എൻ ഹൈക്കമീഷണറെ പ്രതിനിധാനം ചെയ്ത് മാത്യു സാൾട്ട് മാർഷ് ജനീവയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആക്രമണം രൂക്ഷമാകുന്നതിൽ ഞങ്ങൾ വളരെയധികം ആശങ്കാകുലരാണെന്നും പതിനായിരക്കണക്കിന് ആളുകൾ അവരുടെ വീടുകൾ വിടാൻ നിർബന്ധിതരായതും അവരുടെ എണ്ണം നിരന്തരം വർധിച്ചുകൊണ്ടിരിക്കുന്നതും ആശങ്ക വർധിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.