പൈതൃകം വിളംബരം ചെയ്ത ദേശീയ ദിനാഘോഷങ്ങൾക്ക് വൈകാരിക വരവേൽപ്
text_fieldsറിയാദ്: സൗദി അറേബ്യയുടെ 94ാം ദേശീയദിനത്തോടനുബന്ധിച്ച് രാജ്യത്തിന്റെ ആദ്യ തലസ്ഥാന നഗരമായ ദറഇയയിൽ അരങ്ങേറിയ ആഘോഷങ്ങൾക്ക് വൈകാരിക വരവേൽപ് നൽകി സ്വദേശികളും വിദേശികളും. രാജ്യത്തിന്റെ സമ്പന്നമായ പൈതൃകം വിളിച്ചോതുന്നതും ദേശീയ ഐക്യം ശക്തിപ്പെടുത്തുന്നതുമായ ആകർഷകമായ പരിപാടികളും പരേഡുകളും കാണാനെത്തിയത് സ്വദേശികളും വിദേശികളും ഉൾപ്പെടെ ആയിരങ്ങളാണ്.
ദറഇയക്ക് പുറത്ത് വാഹനങ്ങൾ നിർത്തി ചെറുസംഘങ്ങളായി രാജ്യസ്നേഹം തുളുമ്പുന്നതും ഭരണാധികാരികളെ പ്രകീർത്തിക്കുന്നതുമായ അറബ് കവിത ശകലങ്ങളും ചൊല്ലി ദേശീയ പതാക ഉയർത്തിയാണ് ചെറുപ്പക്കാരും കുട്ടികളും ആഘോഷ വേദികളിലേക്ക് എത്തിയത്. പരമ്പരാഗത നൃത്തം, ഊദ് സംഗീതം, തത്സമയ കവിത പാരായണങ്ങൾ തുടങ്ങി വ്യത്യസ്ത കലാപരിപാടികൾ ആസ്വാദകരെ ആഘോഷ നിറവിലാക്കി. രാഷ്ട്ര ഏകീകരണത്തിന്റെ ചരിത്രത്തിലേക്കും രാജ്യശിൽപിയായ അബ്ദുൽ അസീസ് രാജാവിന്റെ ജീവിത ചരിത്രങ്ങളിലേക്കും ആഴ്ന്നിറങ്ങുന്ന ചരിത്ര, സാംസ്കാരിക സെഷനുകൾക്കും ദറഇയ വേദിയായി.
ധാരാളം ടൂറിസ്റ്റുകളും ദേശീയ ദിനാഘോഷങ്ങൾ വീക്ഷിക്കാൻ ദറഇയയിലാണ് എത്തിയത്. യുനെസ്കോയുടെ ലോക പൈതൃക പട്ടണങ്ങളിൽ ഇടം പിടിച്ച ദറഇയ ഇന്ന് വിദേശ സഞ്ചാരികളുടെ പ്രധാന സന്ദർശന മേഖല കൂടിയാണ്. രാജ്യ ചരിത്രം അറിയാനാഗ്രഹിക്കുന്നവരുടെ സന്ദർശന പട്ടികയിലുള്ള ആദ്യ ഇടമാണ് ഇവിടം.
രാജ്യവ്യാപകമായി വ്യത്യസ്ത രീതിയിൽ രാജ്യത്തോടും ഭരണാധികാരികളോടും ആദരവർപ്പിച്ച ദേശീയ ദിന പരിപാടികൾ അരങ്ങേറി. റിയാദ് നഗരത്തിൽ ദേശീയദിനത്തിൽ പുലരുവോളം ആഘോഷ പരിപാടികളുണ്ടായി. പ്രധാന ഹൈവേകളെല്ലാം ആഘോഷ പരിപാടികളിൽ പലപ്പോഴും നിശ്ചലമായി. കൂറ്റൻ കൊടികൾ വാഹനത്തിന് മുകളിലുയർത്തിയും രാജ്യത്തെ പ്രകീർത്തിക്കുന്ന ഗാനങ്ങൾ ഉച്ചത്തിൽ പാടിയും വരികൾക്കൊപ്പം ചുവടുവെച്ചും ദേശീയ ദിനം കളറാക്കി. അലങ്കരിച്ച വാഹനങ്ങളും കലാപ്രകടനങ്ങളും അരങ്ങേറിയ ശാര തഹ്ലിയ, അമീർ തുർക്കി അൽ അവ്വൽ തുടങ്ങിയ പ്രധാന തെരുവുകളെല്ലാം ആഘോഷത്തിനിറങ്ങിയ ആളുകളാൽ നിറഞ്ഞൊഴുകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.