പുനരുപയോഗ ഊർജ വളർച്ചാസൂചികയിൽ സൗദി ഒന്നാമത്
text_fieldsജുബൈൽ: സൗദി ഗ്രീൻ ഇനീഷ്യേറ്റിവ് (എസ്.ജി.ഐ) ആരംഭിച്ചതിനുശേഷം രണ്ടു വർഷത്തിനുള്ളിൽ പുനരുപയോഗ ഊർജ ഉൽപാദന വളർച്ചാസൂചികയിൽ സൗദി അറേബ്യ ആഗോളതലത്തിൽ ഒന്നാമതെത്തിയതായി ഊർജ മന്ത്രാലയം വെളിപ്പെടുത്തി. ഗ്രീൻ ഫ്യൂച്ചർ ഇൻഡക്സിന്റെ മൊത്തത്തിലുള്ള റാങ്കിങ്ങിൽ സൗദി അറേബ്യ 10 സ്ഥാനങ്ങൾ മുന്നേറി. എസ്.ജി.ഐ ആരംഭിച്ച് രണ്ടു വർഷത്തിനുശേഷം രാജ്യത്തിന്റെ നേട്ടങ്ങൾ മന്ത്രാലയം വ്യക്തമാക്കി. കാർബൺ പുറന്തള്ളൽ വളർച്ചാസൂചികയിൽ അറബ് ലോകത്ത് ഒന്നാമതും ആഗോളതലത്തിൽ 20ാമതും സൗദി എത്തിയിട്ടുണ്ട്.
പ്രതിവർഷം ഏകദേശം 2.31 കോടി ടൺ കാർബൺ ലാഭിക്കുന്നതിനായി 13.76 ജിഗാവാട്ട് ശേഷിയുള്ള 17 പുനരുപയോഗ ഊർജ പദ്ധതികൾ ആരംഭിക്കുന്നതിനും എസ്.ജി.ഐ കാരണമായി. 2060ഓടെ പ്രതിവർഷം രണ്ടര ലക്ഷം ടൺ ശേഷിയിലെത്തുന്ന ലോകത്തിലെ ഏറ്റവും വലിയ ശുദ്ധമായ ഹൈഡ്രജൻ ഉൽപാദനകേന്ദ്രം സൗദി അറേബ്യയിൽ പ്രവർത്തനമാരംഭിച്ചു.
കൂടാതെ, മേഖലയിലെ ഏറ്റവും വലിയ കാർബൺ ക്യാപ്ചർ, യൂസേജ് ആൻഡ് സ്റ്റോറേജ് ഹബ്ബിന്റെ ആദ്യ ഘട്ടം ജുബൈലിൽ ആരംഭിക്കുന്നതിനും തീരുമാനിച്ചു. പ്രതിവർഷം 90 ലക്ഷം ടൺ ശേഷിയുള്ള ഇത് 2035ഓടെ പ്രതിവർഷം പരമാവധി 4.4 കോടി ടൺ ശേഷിയിലെത്തും. വിഷൻ 2030ന് അനുസൃതമായി സൗദി അറേബ്യയുടെ പാരിസ്ഥിതിക പ്രവർത്തനങ്ങൾ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2021ലാണ് മിഡിലീസ്റ്റ് ഗ്രീൻ ഇനീഷ്യേറ്റിവിനൊപ്പം (എം.ജി.ഐ) കിരീടാവകാശിയുടെ രക്ഷാധികാരത്തിൽ സൗദി ഗ്രീൻ ഇനീഷ്യേറ്റിവ് ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.