ആഗോളതലത്തിൽ പൊതുസമ്മതി നേടി രാജ്യം
text_fieldsസൗദി ഇന്ന് ആസ്വദിക്കുന്നത് ആഗോളതലത്തിൽ അത് നേടിയെടുത്ത പൊതുസമ്മതിയും വിശ്വാസവുമാണെന്ന് കിരീടാവകാശി സൂചിപ്പിച്ചു. ആഗോള സ്ഥാപനങ്ങളുടെയും ഏജൻസികളുടെയും ബഹുരാഷ്ട്ര കമ്പനികളുടെയും ആദ്യ ലക്ഷ്യസ്ഥാനങ്ങളിലൊന്നായി സൗദി മാറിയിരിക്കുന്നു.
പ്രത്യേകിച്ചും അന്താരാഷ്ട്ര നാണയനിധിയുടെ പ്രാദേശിക കേന്ദ്രം റിയാദിൽ ആരംഭിച്ചു. കായികം, നിക്ഷേപം, സംസ്കാരം, സാംസ്കാരിക ആശയവിനിമയം എന്നിവക്കുള്ള ലോക വേദികളുടെ ഒന്നിലധികം കേന്ദ്രങ്ങൾ സൗദിയിലുണ്ട്. ഇത് ‘വേൾഡ് എക്സ്പോ 2030’-ന് ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യയെ തിരഞ്ഞെടുക്കുന്നതിൽ വലിയ സ്വാധീനം ചെലുത്തി.
2034 ലെ ലോകകപ്പ് സംഘടിപ്പിക്കാൻ സൗദി തയാറെടുക്കുകയാണ്. നൂതന, ശാസ്ത്ര മേഖലകളിൽ പൗരരുടെ പ്രത്യേകിച്ച് സ്ത്രീകളുടെ നേട്ടങ്ങളിൽ രാജ്യം അഭിമാനം കൊള്ളുകയാണ്. ആധുനികവത്കരണത്തിന്റെയും വൈവിധ്യവത്കരണത്തിന്റെയും പാതകളിലൂടെയാണ് സൗദി മുന്നേറുന്നത്.
ഒപ്പം രാഷ്ട്രത്തിന്റെ പാരമ്പര്യവും തനിമയും ഐഡന്റിറ്റിയും മൂല്യങ്ങളും സംരക്ഷിക്കാൻ സവിശേഷ ശ്രദ്ധ കാണിക്കുകയും ചെയ്യുന്നു. അന്താരാഷ്ട്ര തലത്തിൽ എല്ലാ രാജ്യങ്ങളുമായും സഹകരിക്കാൻ സൗദി അറേബ്യ വളരെ വലിയ താൽപര്യമാണ് പുലർത്തുന്നത്.
യമൻ, സുഡാൻ, ലിബിയ തുടങ്ങിയ രാജ്യങ്ങളിലെ പ്രതിസന്ധികൾക്ക് രാഷ്ട്രീയ പരിഹാരങ്ങൾ കൈവരിക്കാനും റഷ്യൻ-യുക്രെയ്ൻ പ്രതിസന്ധി പോലുള്ള അന്താരാഷ്ട്ര പ്രതിസന്ധികൾക്ക് പരിഹാരങ്ങൾ കാണാനും ശ്രമിക്കുന്നതിലൂടെ പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷയും സമാധാനവും വർധിപ്പിക്കാൻ രാജ്യം ശ്രമിക്കുന്നതായും കിരീടാവകാശി ചൂണ്ടിക്കാട്ടി.
ശൂറ കൗൺസിൽ ആസ്ഥാനത്ത് എത്തിയ കിരീടാവകാശിയെ റിയാദ് പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ, ശൂറ കൗൺസിൽ ചെയർമാൻ ഡോ. അബ്ദുല്ല ബിൻ മുഹമ്മദ് ആലുശൈഖ് എന്നിവർ ചേർന്ന് സ്വീകരിച്ചു.
സമ്മേളന ഹാളിലെത്തിയ കിരീടാവകാശിക്ക് മുമ്പാകെ രാജകീയ ഉത്തരവിലൂടെ കൗൺസിലിന്റെ ഒമ്പതാം സമ്മേളനത്തിലേക്ക് നിയോഗിതരായ ശൂറ കൗൺസിൽ സ്പീക്കർ ഡോ. അബ്ദുല്ല ആലുശൈഖും മറ്റ് കൗൺസിൽ അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു. തുടർന്ന് കിരീടാവകാശിയോടൊപ്പം മുഴുവൻ ശൂറ കൗൺസിൽ അംഗങ്ങളുടെ ഫോട്ടോ സെഷൻ ചടങ്ങും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.