ലുലുവിൽ ഇടപാടുകൾ കടലാസ് രഹിതം, സൗദിയിൽ ഇ-രസീത് നടപ്പായി
text_fieldsറിയാദ്: ലുലു ഹൈപർമാർക്കറ്റുകളിൽ ഉപഭോക്താക്കളുമായുള്ള ഇടപാടുകൾ കലാസ് രഹിതമാകുന്നു. ഹരിത ഷോപ്പിങ് അനുഭവത്തിനായി കടലാസ് ഉപയോഗം കുറയ്ക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായി സൗദിയിലുടനീളമുള്ള ലുലു ശാഖകളിൽ ഉപഭോക്താക്കൾക്ക് ഇലക്ട്രോണിക് രസീത് നൽകുന്ന സംവിധാനത്തിന് തുടക്കമായി. ഇ-രസീത് സംവിധാനം കടലാസ് രസീതുകൾക്ക് പകരമായി മാറും.
ഷോപ്പിങ് നടത്തുന്നവർക്ക് ബില്ലുകൾ തൽക്ഷണം എസ്.എം.എസായി ലഭിക്കും. കടലാസിൽ പ്രിന്റ് ചെയ്യാതെ മൊബൈൽ ഫോണിൽ ഡിജിറ്റലായി സുക്ഷിക്കാനും പണമടയ്ക്കാനും കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമാണ്. ഡിജിറ്റൽ രസീത് സംവിധാനം സൗദിയിലുടനീളമുള്ള മുഴുവൻ ലുലു ഹൈപർമാർക്കറ്റുകളിലും നടപ്പാക്കുകയും പേപ്പറിന്റെ ഉപയോഗം ക്രമേണ കുറയ്ക്കുകയും ചെയ്യാനാണ് പദ്ധതി. മാത്രമല്ല, സമ്പർക്കരഹിത പേയ്മെന്റ് രീതി പ്രോത്സാഹിപ്പിക്കുക എന്നതും ഇതിന്റെ ലക്ഷ്യമാണ്.
വാങ്ങിയ സാധനങ്ങളുടെ കൈമാറ്റത്തിനുള്ള നടപടികൾ എളുപ്പമാക്കാനും ആനുകൂല്യങ്ങളും സമ്മാനങ്ങളും സംബന്ധിച്ച് അന്വേഷിക്കാനും ഇത് ഉപഭോക്താക്കളെ സഹായിക്കുകയും ചെയ്യും. സൗദി അറേബ്യയിലുടനീളം ഔട്ട്ലെറ്റുകളിൽ വിപുലമായ ഇ-രസീത് പേയ്‌മെന്റ് സംവിധാനം ആരംഭിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്നും രാജ്യത്തെ പ്രമുഖ റീട്ടെയിൽ ഗ്രൂപ്പെന്ന നിലയിൽ ഇത് ഞങ്ങളുടെ ഉപഭോക്താക്കളുടെ ഷോപ്പിങ് അനുഭവം മെച്ചപ്പെടുത്തുന്നതിനും ഭൂമിയുടെ സംരക്ഷണത്തിന് സഹായിക്കുന്ന സുസ്ഥിരവും ഹരിതസൗഹൃദവുമായ രീതി വികസിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധതയുടെ ഭാഗമാണെന്നും ലുലുവിലെ സുസ്ഥിര പരിസ്ഥിതി സംരംഭ വിഭാഗം മേധാവി ഹെസ്സ അബ്ദുറഹ്മാൻ പറഞ്ഞു.
ഞങ്ങളുടെ ഉപഭോക്താക്കളുടെ വാങ്ങൽ അനുഭവം തുടർച്ചയായി മെച്ചപ്പെടുത്തുന്നതിനും മനുഷ്യ ആവാസവ്യവസ്ഥിതിയുടെ സുസ്ഥിരതയെയും പരിസ്ഥിതിയെയും പിന്തുണയ്ക്കുന്നതിനുമുള്ള ലുലു ശ്രമങ്ങളുടെ ഭാഗവുമാണ് പുതിയ സംവിധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.