സാമ്പത്തിക കേസിൽപെട്ട ഉണ്ണിക്കുട്ടൻ നാടണഞ്ഞു
text_fieldsറിയാദ്: സാമ്പത്തിക കേസിൽപെട്ട് എട്ടുവർഷമായി നാട്ടിൽപോകാൻ കഴിയാതെ സൗദിയിൽ കുടുങ്ങിയ മലയാളി സാമൂഹികപ്രവർത്തകരുടെ ഇടപെടലിൽ നാടണഞ്ഞു. റിയാദിൽനിന്ന് 300 കി.മീ. അകലെ അൽഉലയ ഗ്രാമത്തിൽ പെട്രോൾ പമ്പ് നടത്തിയിരുന്ന പാലക്കാട് സ്വദേശി ഉണ്ണിക്കുട്ടനാണ് നിയമക്കുരുക്കിൽനിന്ന് മോചിതനായി നാട്ടിലേക്ക് മടങ്ങിയത്.
30 വർഷമായി പെട്രോൾ പമ്പ് വാടകക്കെടുത്ത് നടത്തുകയായിരുന്നു. പെട്രോൾ പമ്പിന്റെ ഉടമസ്ഥനായ സൗദി പൗരന് അഞ്ചരലക്ഷം റിയാൽ കൊടുക്കാനുണ്ടായിരുന്നു. സാമ്പത്തികപ്രതിസന്ധി കാരണം ഈ പണം കൊടുക്കാനായില്ല. ഇതേതുടർന്ന് സൗദി പൗരൻ കേസ് കൊടുക്കുകയും കോടതിയിൽനിന്ന് അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. എട്ടുവർഷമായി നാട്ടിലേക്ക് മടങ്ങാനും വേറെ ജോലികൾ തേടാനും കഴിഞ്ഞിരുന്നില്ല. ഇതിനിടയിൽ അസുഖബാധിതനായി മാറുകയും ചെയ്തു. ദുരിതത്തിലായ അദ്ദേഹത്തിന് ഗൾഫ് മലയാളി ഫെഡറേഷന്റെ (ജി.എം.എഫ്) നാഷനൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ അസീസ് പവിത്രയുടെ ഇടപെടലാണ് തുണയായത്.
മാസങ്ങളായി സൗദി പൗരനുമായി ചർച്ച നടത്തിയെങ്കിലും പ്രശ്നപരിഹാരം ആവാതെ നീളുകയായിരുന്നു. ഇതിനിടയിൽ പക്ഷാഘാതം മൂലം ശരീരത്തിന്റെ ഒരുവശം തളരുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തമിഴ്നാട് സ്വദേശിയായ ഡോ. കണ്ണയ്യയുടെ ഇടപെടലും തുണയായി.
അബ്ദുൽ അസീസ് പവിത്രയുടെ ഇടപെടലും സൗദിയുടെ മനസ്സലിവും നാട്ടിലേക്ക് പോകാനുള്ള വഴി ഒരുങ്ങുകയും ചെയ്തു. അഞ്ചരലക്ഷം റിയാൽ നഷ്ടപരിഹാരത്തിന് ഫയൽ ചെയ്ത കേസ് ഒടുവിൽ പിൻവലിക്കുകയായിരുന്നു. ജി.എം.എഫ് പ്രവർത്തകർ നൽകിയ ടിക്കറ്റിൽ ദമ്മാമിൽനിന്ന് കഴിഞ്ഞ ദിവസം കൊച്ചിയിലേക്ക് ശ്രീലങ്കൻ എയർവേസിൽ നാട്ടിലേക്ക് മടങ്ങി. അലി വയനാട്, സക്കീർ, വിപിൻ, നൗഫൽ, ബാബു എന്നിവരും സഹായിക്കാൻ രംഗത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.