മതകാര്യ വകുപ്പിൽ മാധ്യമവിഭാഗം മേധാവിയായി വനിത
text_fieldsജിദ്ദ: സൗദി മതകാര്യവകുപ്പ് മക്ക മേഖല ബ്രാഞ്ച് ഓഫിസിലെ മാധ്യമവിഭാഗം മേധാവിയും വക്താവുമായി ശഹദ് വജീഅ് മുൻഷി എന്ന വനിതയെ നിയോഗിച്ചു. മക്കയിൽ നടത്തിയ സന്ദർശനത്തിനിടെ മതകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ അബ്ദുൽ അസീസാണ് നിയമനം പ്രഖ്യാപിച്ചത്. മന്ത്രാലയത്തിന്റെ ശാഖയിൽ മന്ത്രിയുടെ സന്ദർശനവേളയിൽ ശഹദ് വിഡിയോ പ്രദർശനം നടത്തിയിരുന്നു. ഇതുകണ്ട മന്ത്രി ശഹദിനോട് അവരുടെ സ്പെഷലൈസേഷനെക്കുറിച്ചും ജോലി ചെയ്യുന്ന വകുപ്പിനെക്കുറിച്ചും ചോദിച്ചു.
തുടർന്ന് മന്ത്രാലയത്തിന്റെ ശാഖയിലെ മാധ്യമവിഭാഗം മേധാവിയായി നേരിട്ട് ചുമതലപ്പെടുത്തുകയായിരുന്നു. ഇതോടെ മേഖല മതകാര്യ ഓഫിസിൽ മാധ്യമവിഭാഗം തലവനും വക്താവുമെന്ന സ്ഥാനംവഹിക്കുന്ന ആദ്യ വനിതയായിരിക്കുകയാണ് ശഹദ് മുൻഷി. മതകാര്യ ഓഫിസ് മാധ്യമവിഭാഗം മേധാവിയാക്കിയതിൽ ശഹദ് മുൻഷി മതകാര്യ മന്ത്രിക്ക് നന്ദി പ്രകടിപ്പിച്ചു. മാസ് കമ്യൂണിക്കേഷനിൽ ഉമ്മുൽഖുറാ യൂനിവേഴ്സിറ്റിയിൽനിന്നാണ് ശഹദ് ബാച്ലർ ബിരുദം നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.