വിദ്യാഭ്യാസ മന്ത്രാലയ ദേശീയ ഡിജിറ്റൽ മത്സരത്തിൽ യാംബുവിന് നേട്ടം
text_fieldsയാംബു: സൗദി വിദ്യാഭ്യാസ മന്ത്രാലയം മൈക്രോ സോഫ്റ്റുമായി സഹകരിച്ച് 'മദ്റസത്തീ തബ്റമജ്' എന്നപേരിൽ നടത്തിയ ദേശീയ ഡിജിറ്റൽ മത്സരത്തിൽ യാംബു വിദ്യാഭ്യാസ മന്ത്രാലയം വിജയം കരസ്ഥമാക്കി.
സൗദി വിഷൻ 2030ലെ ലക്ഷ്യങ്ങളിലൊന്നായ ഡിജിറ്റൽ രംഗത്തെ വിദ്യാർഥികളുടെ മുന്നേറ്റത്തിനാവശ്യമായ വൈവിധ്യമാർന്ന പദ്ധതികളുടെ ഭാഗമായാണ് 'മദ്റസത്തീ' എന്ന ഓൺലൈൻ പോർട്ടൽ വഴി മത്സരം നടത്തിയത്. 1441-42 അധ്യായന വർഷത്തെ ആദ്യഘട്ട മത്സരത്തിലാണ് 'ഏറ്റവും സജീവമായ വിദ്യാഭ്യാസ വകുപ്പ്' എന്ന വിഭാഗത്തിലാണ് യാംബു വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച 'എെൻറ സ്കൂൾ പ്രോഗ്രാമിങ്' എന്ന പരിപാടി അവാർഡ് നേടിയത്.
സൗദി വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് ആലുശൈഖിൽ നിന്ന് യാംബു വിദ്യാഭ്യാസ മന്ത്രാലയം ഡയറക്ടർ സലിം ബിൻ അബിയാൻ അൽഹുദവി അവാർഡ് ഏറ്റുവാങ്ങി. കോവിഡ് പ്രതിസന്ധിഘട്ടത്തിൽ ഡിജിറ്റൽ രംഗത്തെ മികച്ച നേട്ടം യാംബു വിദ്യാഭ്യാസ മന്ത്രാലയം ബഹുമുഖമായ പദ്ധതികൾ നടപ്പാക്കുക വഴി നേടി.
വിദ്യാർഥികളുടെ കഴിവുകൾ ഡിജിറ്റൽ സംവിധാനത്തിലൂടെ വികസിപ്പിക്കാനും ക്രിയാത്മകമായി അവ ഉപയോഗപ്പെടുത്താനും കഴിഞ്ഞതും ഉന്നത നേട്ടത്തിന് വഴിവെച്ചതായി മന്ത്രാലയം വിലയിരുത്തി. യാംബു മേഖലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്കൂൾ അധികൃതരും അധ്യാപകരും രക്ഷിതാക്കളും ഡിജിറ്റൽ രംഗത്തെ വമ്പിച്ച മുന്നേറ്റത്തിന് എല്ലാവിധ സഹകരണവും പിന്തുണയും നൽകിയിട്ടുണ്ടെന്നും മേഖലക്ക് കിട്ടിയ അംഗീകാരത്തിന് എല്ലാവർക്കും പ്രത്യേകം നന്ദി പറയുന്നതായും യാംബു വിദ്യാഭ്യാസ മന്ത്രാലയം ഡയറക്ടർ സലിം ബിൻ അബിയാൻ അൽഹുദവി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.